ഇന്ത്യ അതിഥി: ഒ.ഐ.സി സമ്മേളനത്തിൽ പാക് വിദേശകാര്യ മന്ത്രി പങ്കെടുക്കില്ല
ഇസ് ലാമാബാദ്: 46ാമത് ഇസ്ലാമിക് കോഒാപറേഷൻ ഒാർഗനൈസേഷൻ (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പാകിസ്താൻ വിദേശകാര്യ മന്ത്രി പങ്കെടുക്കില്ല. ഇന്ത്യയെ അതിഥി രാഷ്ട്രമായി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് പാക് നടപടി. പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, പാക് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത് നിലപാട് വിശദീകരിക്കുന്ന പ്രമേയം അവതരിപ്പിക്കുമെന്ന് മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി. എന്നാൽ, ഇന്ത്യക്ക് അനുകൂലമായി അവതരിപ്പിക്കുന്ന എല്ലാ പ്രമേയങ്ങളെയും എതിർക്കാൻ പ്രതിനിധിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ക്ഷണിച്ചതിനെതിരെ യു.എ.ഇ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയെ ഒഴിവാക്കണമെന്ന പാകിസ്താന്റെ ആവശ്യം യു.എ.ഇ അംഗീകരിച്ചിരുന്നില്ല.
മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ അബൂദബിയിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യ അതിഥി രാഷ്ട്രമാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് പങ്കെടുക്കുക. യു.എ.ഇ വിദേശകാര്യ–അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് സുഷമയെ ക്ഷണിച്ചത്.
'ഇസ്ലാമിക രാജ്യങ്ങളുടെ 50 വർഷത്തെ സഹകരണം: സമൃദ്ധിയിലേക്കും വികസനത്തിലേക്കുമുള്ള മാർഗരേഖ’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. മുസ്ലിം ലോകം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വിഷയങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്യും.
മാർച്ച് ഒന്നിന് ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽ ഉതൈമീൻ, അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളിലെ 56 അംഗങ്ങൾ, ഇന്ത്യൻ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.