രണ്ടര നൂറ്റാണ്ടിന്റെ രാജഭരണത്തിനു ശേഷം 2008ൽ ജനാധിപത്യ റിപ്പബ്ലിക് ആയ നേപ്പാളിൽ പല തെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും സ്ഥിരതയുള്ള ഒരു സർക്കാർ ഭരണം നടത്തുന്നത് കാണാൻ ഭാഗ്യമുദിച്ചിട്ടില്ല
അയൽരാജ്യമായ നേപ്പാളിൽ ഈ മാസം അഞ്ചിന് ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കിയുടെ ഭരണത്തിനു കീഴിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി) എന്ന താരതമ്യേന പുതിയ രാഷ്ട്രീയകക്ഷിക്ക് ഗണ്യമായ ഭൂരിപക്ഷം ലഭിക്കുകയും പുതിയ സർക്കാർ രൂപവത്കരിക്കുമെന്ന് ഏതാണ്ട് ഉറപ്പാവുകയും ചെയ്തിരിക്കുന്നു. 275 സീറ്റുകളുള്ള പാർലമെന്റിലേക്ക് 165 സീറ്റുകൾ സ്ഥാനാർഥികൾ നേരിട്ട് മത്സരിക്കുന്ന നിയോജകമണ്ഡലങ്ങളിലൂടെയും 110 സീറ്റുകൾ വോട്ടുകളുടെ അനുപാതമനുസരിച്ച് കക്ഷികൾക്ക് വീതം വെക്കുന്നതിലൂടെയും ലഭിക്കുന്നതാണ് അവിടത്തെ പാർലമെന്റ് സംവിധാനം.
ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും നേരിട്ടുള്ള 165 സീറ്റുകളിൽ ആർ.എസ്.പി 125 എണ്ണം നേടുകയും ആനുപാതിക പ്രതിനിധ്യത്തിൽ 50 സീറ്റെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയിൽ യുവ നേതാവ് ബാലേന്ദ്ര ഷായുടെ നേതൃത്വത്തിൽ ആർ.എസ്.പി തന്നെ ഭരണത്തിനൊരുങ്ങുകയാണ്. 35കാരനായ ബാലേന്ദ്ര ഷായുടെ കരങ്ങളിലേക്ക് ഭരണച്ചുക്കാൻ കൈമാറുമ്പോൾ നേപ്പാളിൽ അത് ഒരു തലമുറമാറ്റത്തിന്റെ കാഹളംകൂടിയാവും. പല തവണയായി ഭരണത്തിലിരിക്കുകയും പുറത്തുനിൽക്കുകയും ചെയ്ത 74കാരനായ കെ.പി. ശർമ ഓലിയിൽനിന്നാണ് സെപ്റ്റംബറിൽ നടന്ന ‘ജെൻ സി’യുവജന പ്രക്ഷോഭത്തിലൂടെ വമ്പിച്ച ജനപിന്തുണ നേടിയ ബാലേന്റെ താരോദയം.
ഈ തെരഞ്ഞെടുപ്പിലൂടെ നേപ്പാളിൽ ജനാധിപത്യരീതിയിലുള്ള രാഷ്ട്രീയഭദ്രത കൈവരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രണ്ടര നൂറ്റാണ്ടിന്റെ രാജഭരണത്തിനു ശേഷം 2008ൽ ജനാധിപത്യ റിപ്പബ്ലിക് ആയ നേപ്പാളിൽ പലതവണ തെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും സ്ഥിരതയുള്ള ഒരു സർക്കാർ രാജ്യഭരണം നടത്തുന്നത് കാണാൻ ഭാഗ്യമുദിച്ചിട്ടില്ല. 1990ൽ ബഹുകക്ഷി സമ്പ്രദായം പുനഃസ്ഥാപിക്കപ്പെട്ട ശേഷം പ്രധാനകക്ഷികളായ ഷേർ ബഹാദൂർ ദ്യൂബ നയിച്ച നേപ്പാളി കോൺഗ്രസ്, കെ.പി. ശർമ ഓലി നയിച്ച കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂനിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), പുഷ്പ കമൽ ദഹൽ-പ്രചണ്ഡ- നയിച്ച കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) എന്നിവരിൽ ആർക്കും ഭദ്രമായ ഭരണം സ്ഥാപിക്കാൻ സാധിച്ചില്ല. തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തിന്റെ കുറവായിരുന്നില്ല പ്രശ്നം.
2017ൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളും ചേർന്നുണ്ടാക്കിയ സഖ്യം മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയതായിരുന്നു. പക്ഷേ, 2021ൽ സഖ്യം പൊളിഞ്ഞതോടെ നേപ്പാൾ വീണ്ടും രാഷ്ട്രീയാനിശ്ചിതത്വത്തിലേക്കു നീങ്ങി. അങ്ങനെ ഭരണം ജീർണിച്ച ഘട്ടത്തിലാണ് 2022ലെ കാഠ്മണ്ഡു മേയർ തെരഞ്ഞെടുപ്പിലൂടെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച ബാലേൻ ഷാ രാഷ്ട്രീയമണ്ഡലത്തിൽ താരമായി വരുന്നത്. റാപ്പർ എന്ന കീർത്തിയുണ്ടായിരുന്ന ഈ സിവിൽ എൻജിനീയർ പാടിയ ‘നേരമായി വ്യാജ നേതാക്കളേ, കളി കഴിഞ്ഞു, മാർച്ച് അഞ്ചിന് ഞങ്ങൾ മണി മുഴക്കും’ തുടങ്ങിയ ഗീതങ്ങളിൽ അധികവും അഴിമതിക്കും അസമത്വങ്ങൾക്കും എതിരെയുള്ളവയായിരുന്നു.
മൂന്നുകോടി വരുന്ന നേപ്പാൾ ജനസംഖ്യയിൽ 40 ശതമാനം 35നു താഴെ പ്രായമുള്ളവരായിരുന്നു 75 പേർ മരണപ്പെട്ട രക്തരൂഷിത സെപ്റ്റംബർ പ്രക്ഷോഭത്തിന്റെ മുൻപന്തിയിൽ. പ്രക്ഷോഭകർക്കുകൂടി സ്വീകാര്യമായ ജനസമ്മതികൊണ്ടുതന്നെയാണ് നാലുതവണ പ്രധാനമന്ത്രിയായ ഓലിയെ സ്വന്തം തട്ടകത്തിൽ 50,000ത്തിൽപരം വോട്ടിനു പരാജയപ്പെടുത്തിയത്. തലസ്ഥാനത്തിന്റെ മേയർ എന്ന നിലയിൽ വരുത്തിയ പരിഷ്കരണങ്ങളിലൂടെ ഏറെ അംഗീകാരവും അൽപം വിമർശനവും നേടിയിരുന്നു ബാലേന്ദ്ര ഷാ. നഗരത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ, മുഖം നോക്കാതെ അനധികൃത കെട്ടിടങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ, ചേരി നിർമാർജനം, പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കൽ, നാഗരിക സൗകര്യവികസനം എന്നീ നടപടികളിലൂടെ ഗണ്യമായ ജനസമ്മതി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒപ്പം ദരിദ്രർക്കെതിരാണ് ഷാ എന്ന അപഖ്യാതിയും മനുഷ്യാവകാശ ലംഘനാരോപണങ്ങളും വന്നു. പക്ഷേ, തെരഞ്ഞെടുപ്പ് വന്നപ്പോൾ ഒരതിരുവരെ നിഷ്ക്രിയമായിരുന്ന ഓലിക്കെതിരെ വേണ്ടതിലധികം ജനപിന്തുണ കിട്ടി അദ്ദേഹത്തിനും ആർ.എസ്.പിക്കും.
ജെൻ സി പ്രക്ഷോഭകർക്കും അവരെ പിന്തുണച്ച ബഹുഭൂരിപക്ഷത്തിനും ഷാ സ്വീകാര്യനായതും ഇത്തരം പ്രതീക്ഷ ജനിപ്പിച്ചതുകൊണ്ടാണ്. തൊഴിലിനു വിദേശത്തേക്ക് പോകേണ്ടിവരുന്ന നേപ്പാളി ജനതയുടെ കൂട്ട കുടിയേറ്റത്തിനു തടയിടാൻ രാജ്യത്ത് 1.2 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്ന വാഗ്ദാനവും നൽകുന്നുണ്ട് ആർ.എസ്.പി. അഞ്ചു വർഷത്തിനുള്ളിൽ ആളോഹരി വരുമാനവും ജി.ഡി.പിയും ഇരട്ടിയാക്കുമെന്നും ആരോഗ്യ ഇൻഷുറൻസ് വിശാലമാക്കുമെന്നും കൂടി വാഗ്ദാനങ്ങളിലുണ്ട്. ജനപിന്തുണയുടെ ബലത്തിൽ അഴിമതിയില്ലാത്ത വികസനം ഉറപ്പുവരുത്താൻ ബാലേന്ദ്ര ഷാക്ക് സാധിക്കുമോ എന്നാണ് നേപ്പാളി ജനതക്ക് ഇനി അറിയേണ്ടത്.
നിയമവാഴ്ചയും സമാധാനവും അടിസ്ഥാന സൗകര്യവികസനവും സാധിച്ചാൽ വിനോദസഞ്ചാരികളുടെ ആകർഷണങ്ങളിൽ പ്രമുഖ സ്ഥാനത്തെത്താൻ കഴിയുന്നതാണ് ഹിമാലയൻരാജ്യമായ നേപ്പാളിന്റെ ഭൂപ്രകൃതി. എവറസ്റ്റ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ 10 കൊടുമുടികളിൽ എട്ടെണ്ണവും നിലകൊള്ളുന്ന നേപ്പാളിന് പർവതാരോഹകരുടെ പറുദീസയാകാനും കെൽപുണ്ട്. എന്നാൽ, കടൽത്തീരമില്ലാത്ത രാജ്യമെന്ന നിലയിൽ അയൽപക്ക രാഷ്ട്രങ്ങളുമായുള്ള നല്ല ബന്ധങ്ങളും നിർണായകമാണ്. ഇന്ത്യക്കും ചൈനക്കുമിടയിലുള്ള പ്രദേശമായതുകൊണ്ട് ചില കാര്യങ്ങളിലെങ്കിലും ചൈനയുടെ നേപ്പാൾബന്ധം ഇന്ത്യയുടെ ശ്രദ്ധ അർഹിക്കുന്ന വിഷയമാണ്. പല കാര്യങ്ങളും കാഠ്‌മണ്ഡുവിലെ ഭരണകൂടത്തിന്റെ ഭദ്രതയേയും സദ്ഭരണത്തെയും ആശ്രയിച്ചിരിക്കുന്നു.
വിദേശത്ത് ജോലിചെയ്യുന്ന പൗരർ അയക്കുന്ന പണം, കൃഷി, വിനോദസഞ്ചാരം എന്നീ മുഖ്യ സാമ്പത്തികസ്രോതസ്സുകൾ തടസ്സമില്ലാതെ തുടരണമെങ്കിലും ആരോഗ്യകരമായ സാമ്പത്തിക മാനേജ്മെന്റും അഴിമതിരഹിത സംവിധാനങ്ങളും നിലനിൽക്കേണ്ടതുണ്ട്. നേപ്പാളിന്റെ പുതിയ യുവനേതൃത്വത്തിന് അതിനുള്ള സാധ്യതകൾ ഒട്ടും കുറവല്ല. അതെത്ര വരെ ജനപക്ഷത്തുനിന്നുകൊണ്ട് ഉപയോഗിക്കപ്പെടും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ ഹിമാലയൻ അയൽ രാജ്യത്തിന്റ ഭാവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.