തെഹ്റാൻ: ഇറാനിലെ അമേരിക്കയുടെ പ്രത്യക്ഷ സൈനിക ഇടപെടലിനെതിരെ രൂക്ഷമായി വമർശിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. ഇസ്രായേൽ ഇറാനിൽ ആക്രമണം തുടരുന്നതിനിടെയാണ് ആദ്യഘട്ടത്തിലെ നിലപാടിൽനിന്ന് മലക്കം മറിഞ്ഞ് യു.എസ് യുദ്ധത്തിൽ നേരിട്ട് ഇടപെട്ടത്.
തങ്ങളുടെ അറിവോടെയല്ല ഇറാനിലെ ഇസ്രായേൽ ആക്രമണമെന്ന് അമേരിക്ക ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലെ യു.എസ് ആക്രമണങ്ങളെ പരാമർശിച്ച് ഇസ്രായേലിനും അമേരിക്കക്കും നിർണായക തിരിച്ചടി നൽകുമെന്ന് ഖാംനഈ മുന്നറിയിപ്പ് നൽകി. ഇറാൻ ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയാണ് യു.എസ് ആക്രമിച്ചത്.
സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തു, ഒരു വലിയ കുറ്റം ചെയ്തു. അവർക്ക് ശിക്ഷ ലഭിക്കണം, അത് ലഭിച്ചു കൊണ്ടിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു. ശത്രുക്കൾക്ക് അവരുടെ സാഹസിക പ്രകോപനത്തിന് കഠിനമായ ശിക്ഷ ലഭിക്കും. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നടന്ന യു.എസ് ആക്രമണങ്ങളിൽ ഖാംനഈയുടെ ആദ്യ പ്രതികരണമാണിത്.
ഞായറാഴ്ചയാണ് ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിന് മുകളിലുള്ള പർവതത്തിലും മറ്റ് രണ്ട് കേന്ദ്രങ്ങളിലും യു.എസ് 30,000 പൗണ്ട് ഭാരമുള്ള ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിക്കുകയായിരുന്നു. അതിനിടെ, അമേരിക്കക്കാർക്ക് അവരുടെ ആക്രമണത്തിന് ഒരു പ്രതികരണം ലഭിക്കണം എന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ മസൂദ് പെസഷ്കിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.