മന്ത്രിതല സമിതിയുടെ നേതൃത്വത്തിൽ നടന്ന മാറാട് സർവകക്ഷിയോഗം
‘യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമി ആയിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക. അപ്പോൾ പല മാറാടുകളും ഉണ്ടാവും.’ സി.പി.എം സംസ്ഥാന സമിതി മുൻ അംഗവും മുൻമന്ത്രിയും മുതിർന്ന നേതാവുമായ എ.കെ. ബാലന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായത് കണ്ടപ്പോഴാണ് പുതിയ തലമുറക്കുവേണ്ടി ചില ഗതകാല സംഭവങ്ങൾ ഓർമിപ്പിക്കണമെന്ന് തോന്നിയത്. പശു ചത്തിട്ടും മോരിന് പുളി ബാക്കി എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കും വിധം, ലോക്സഭ ഇലക്ഷൻ പ്രചാരണത്തിലുടനീളം മുഖ്യ ഭരണകക്ഷിയും ഏറ്റവും വലിയ ഇടതുപാർട്ടിയുമായ സി.പി.എം കാമ്പയിന്റെ കുന്തമുന അപ്പാടെ ജമാഅത്തെ ഇസ്ലാമിയുടെ നേരെ തിരിച്ചുവിട്ടിട്ടും തെരഞ്ഞെടുപ്പുഫലം അഭൂതപൂർവമായ നഷ്ടത്തിലാണ് കലാശിച്ചത്. ആ ബോധ്യത്തിൽ നിന്നെങ്കിലും, പാർട്ടിയുടെ ഭാഷയിൽ തന്നെ മുസ്ലിം സമുദായത്തിൽ ഒരു ശതമാനത്തിന്റെ പിന്തുണ പോലുമില്ലാത്ത, ജമാഅത്തിനെ വെറുതെ വിടുമെന്നാണ് ജനം പ്രതീക്ഷിച്ചത്.
പിന്നീട് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഒടുവിലത്തെ തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ്ബ്യൂറോ മെമ്പർ എ. വിജയരാഘവൻ തുടങ്ങിയ വൻതോക്കുകളടക്കം ‘ജമാഅത്തെ വധം’ കഥകളി മുറതെറ്റാതെ ആവർത്തിക്കുന്നതാണ് കണ്ടത്. മത-മതേതര മീഡിയയാകട്ടെ, വിഷയം ആവുംപടി കത്തിച്ചുനിർത്തുകയും ചെയ്തു. ‘ഭീകര തീവ്ര വർഗീയ മതമൗലികവാദി’ സംഘമായ ജമാഅത്തെ ഇസ്ലാമിയാൽ സ്വാധീനിക്കപ്പെട്ട മുസ്ലിംലീഗും യു.ഡി.എഫും വൻ വിപത്തിലേക്കാണ് കേരളത്തെ കൊണ്ടുപോവുന്നത് എന്നതായിരുന്നല്ലോ നിരന്തരമായ മുന്നറിയിപ്പ്. കേരള ജനതയിൽ ബഹുഭൂരിപക്ഷത്തിനും ഒന്നും പിടികിട്ടിയില്ലെങ്കിലും എന്തോ മഹാവിപത്ത് സംഭവിക്കാൻ പോവുന്നുവെന്ന ബേജാറ് ചിലരെയൊക്കെ പിടികൂടിയിരിക്കും. പക്ഷേ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ജനം അന്തംവിട്ടുപോയി. മുസ്ലിംലീഗ് സ്വന്തം ജില്ലയെന്ന് പറയാവുന്ന മലപ്പുറത്ത് 100 ശതമാനം സ്ഥാനങ്ങൾ അടിച്ചുമാറ്റുകയും യു.ഡി.എഫ് മലബാറിലുടനീളം റിക്കാർഡ് വിജയം നേടുകയും ചെയ്തപ്പോൾ ജനങ്ങൾക്ക് ഒരു സത്യം ബോധ്യമായി. സി.പി.എം നടത്തിയ പ്രചാരണത്തിന് വസ്തുതാപരമായി ഒരു സാധുതയും ഇല്ലെന്നും പുറത്തുപറയാത്ത മറ്റുചില അജണ്ടകളാണ് പിന്നിലെന്നും.
നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ തുറിച്ചുനോക്കുന്ന വൻ പരാജയത്തെ അതിജീവിക്കാൻ സർക്കാറും പാർട്ടിയും പുതിയ മന്ത്രവും തന്ത്രവും കണ്ടെത്തുമെന്നാണ് ജനം പ്രതീക്ഷിക്കുക. പക്ഷേ, എ.കെ.ബാലന്റെ ഉപര്യുക്ത പ്രസ്താവന പുതുതായൊന്നും പറയാൻ പാർട്ടിക്കില്ലെന്ന് ധരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയോ സ്ഥാനാർഥികളെ മത്സരിപ്പിക്കുകയോ ഇല്ലെന്ന് മുമ്പേ ജമാഅത്തെ ഇസ്ലാമി ആവർത്തിച്ച് വ്യക്തമാക്കിയിരിക്കെ, യു.ഡി.എഫിന് ഭരണം ലഭിച്ചാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും സംഘടനയുടെ സാന്നിധ്യം സംഭവിച്ചുകൊള്ളണമെന്നില്ല. പിന്നെയാണ് ആഭ്യന്തരമന്ത്രിസ്ഥാനം ജമാഅത്തിനെ ഏൽപിക്കുമെന്ന പൊയ്വെടി! അത് വെറും വീൺവാക്കായി തള്ളിയാലും മാറാടുകൾ പലതുമുണ്ടാവുമെന്ന് പ്രവചിച്ചിരിക്കെ അതേപ്പറ്റി ചില സത്യങ്ങൾ അനുസ്മരിപ്പിക്കാതെ വയ്യ.
കോഴിക്കോട്ടെ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന മാറാട് പ്രദേശത്ത് 2002ൽ മുസ്ലിം ശ്മശാനത്തിലെ ഖബർ വെട്ടുകാരൻ അബൂബക്കർ ഉൾപ്പെടെ അഞ്ചുപേർ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവമുണ്ടായി. സംഭവത്തിന് സാമുദായികഛായ കൂടി ഉണ്ടായിരുന്നതിനാൽ ഉടനെ അന്വേഷണം നടത്തി പ്രതികളെ പിടികൂടി സമാധാനാന്തരീക്ഷം വഷളാവാതെ നോക്കേണ്ട ഉത്തരവാദിത്തം പൊലീസിന്റേതായിരുന്നെങ്കിലും ഉത്തരവാദപ്പെട്ടവരുടെ ജാഗ്രതക്കുറവ് മൂലം അത് അവഗണിക്കപ്പെട്ടു. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ബന്ധപ്പെട്ട പാർട്ടിക്കാരുടെ ഇടപെടൽ കാരണം അവരൊക്കെ വിട്ടയക്കപ്പെടുകയായിരുന്നു. പ്രതികാരദാഹികളായ അബൂബക്കറുടെ മക്കൾ നടത്തിയ ആസൂത്രിതനീക്കം 2003 മേയ് മൂന്നിന് എട്ട് അരയ സമുദായാംഗങ്ങളും ഒരു മുസ്ലിമും കൊല്ലപ്പെട്ട ഭീകരസംഭവത്തിലാണ് കലാശിച്ചത്.
സാമുദായിക സൗഹാർദത്തിന്റെ മഹൽ പാരമ്പര്യം ചരിത്രത്തിലുടനീളം കാത്തുസൂക്ഷിച്ചുവന്ന കോഴിക്കോടിന്റെ സൽപേര് കളങ്കപ്പെടുത്തുന്നവിധം വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടാൻ സംഭവം ഇടയാക്കുമെന്ന് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സർക്കാറും യു.ഡി.എഫ് നേതൃത്വവും തിരിച്ചറിഞ്ഞു. തൽഫലമായി മുഖ്യമന്ത്രിയും പി.കെ. കുഞ്ഞാലിക്കുട്ടിയും മറ്റു ചില മന്ത്രിമാരും മാറാട്ടേക്ക് പുറപ്പെട്ടെങ്കിലും അരയസമാജം നേതാക്കൾ അവരെ തടഞ്ഞു. പൊലീസിന്റെ ഇടപെടൽ ഒരു ഫലവും ചെയ്തില്ല. കാബിനറ്റ് സംഘം മടങ്ങേണ്ടിവന്നു. അതേസമയം മാറാട് ചെക്പോസ്റ്റിലെത്തിയ അന്നത്തെ ജമാഅത്തെ ഇസ്ലാമി കേരള അമീർ പ്രഫ. കെ.എ സിദ്ദീഖ് ഹസൻ ധൈര്യസമേതം കടന്നുചെന്ന് അരയസമാജം നേതാക്കളുമായും പ്രവർത്തകരുമായും സംസാരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കടത്തിവിടാൻ അവർ സമ്മതിക്കുകയായിരുന്നു. അദ്ദേഹം അരയസമാജക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ പൂർണശ്രമം നടത്തുമെന്ന് ഉറപ്പ് നൽകുകയും സമാധാന പുനഃസ്ഥാപനത്തിന് അവരുടെ സഹകരണം തേടുകയും ചെയ്തശേഷമാണ് മടങ്ങിയത്.
അമീറിന്റെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ശ്രമഫലമായി അരയസമാജം-ബി.ജെ.പി, മുസ്ലിം സംഘടനകളുടെ പ്രതിനിധികളും മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കുന്ന ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ ഗോപിനാഥൻ നായരുടെ സാന്നിധ്യത്തിൽ ഒരു അനുരഞ്ജനയോഗം കോഴിക്കോട് ഗസ്റ്റ്ഹൗസിൽ വിളിച്ചുചേർത്തു. ഞാനും അതിൽ പങ്കാളിയായിരുന്നു. ബി.ജെ.പി പക്ഷത്തുനിന്ന് അഡ്വ. പി.എസ് ശ്രീധരൻപിള്ള, അരയസമാജം സെക്രട്ടറി സുരേഷ് എന്നിവരാണ് ചർച്ചകളിൽ പങ്കെടുത്തത്. രാത്രി ഏഴുമണിക്കാരംഭിച്ച ചർച്ച 10 മണിക്കുശേഷവും തീരുമാനമാകാതെ നീണ്ടത് ആശങ്കകൾക്കിടം നൽകി.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും സി.ബി.ഐ അന്വേഷണവുമായിരുന്നു അരയസമാജം പക്ഷത്തിന്റെ മുഖ്യാവശ്യങ്ങൾ. അതപ്പടി അംഗീകരിക്കാൻ സർക്കാർ തയാറാവാതെ വന്നപ്പോൾ ചർച്ച വഴിമുട്ടി. വർഗീയ കലാപാന്തരീക്ഷം ഘനീഭവിപ്പിക്കാൻ വഴിയൊരുക്കുന്ന സ്തംഭനാവസ്ഥ തുടരാൻ ഒരുവിധത്തിലും അനുവദിച്ചുകൂടെന്ന പ്രഫ. സിദ്ദീഖ് ഹസന്റെ നിർബന്ധം മൂലം പിറ്റേന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ വസതിയിൽ ചർച്ച തുടരാമെന്ന തീരുമാനത്തിലാണ് തൽക്കാലം നിർത്തിവെച്ചത്. പിറ്റേന്ന് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും ജുഡീഷ്യൽ അന്വേഷണവും എന്ന നിർദേശത്തിന് അരയപക്ഷം വഴങ്ങിയതോടെ ഒരു വൻകലാപത്തിന്റെ ഭീഷണി ഒഴിഞ്ഞു. അനൽപമായ ആശ്വാസത്തോടെ കേരളം അതിനെ സ്വാഗതം ചെയ്യുകയായിരുന്നു. ഇതാണ് ജമാഅത്തെ ഇസ്ലാമിയുടെ മാറാട് മാതൃക.
എ.കെ. ബാലന്റെ പാർട്ടിയുടെ 78 പ്രവർത്തകർ കലാപത്തിൽ പ്രതികളായിരുന്നെങ്കിൽ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പ്രവർത്തകനും പ്രതി ചേർക്കപ്പെട്ടിരുന്നില്ലെന്ന് ഓർക്കണം. സി.പി.എമ്മിന്റെ റോളിനെക്കുറിച്ച്, കലാപത്തെക്കുറിച്ച് അന്വേഷിച്ച തോമസ് പി. ജോസഫ് കമീഷന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതോ? ഐ.യു.എം.എല്ലിനോടൊപ്പം സി.പി.എമ്മിലും നുഴഞ്ഞുകയറിയ എൻ.ഡി.എഫുകാരാണ് പ്രതികളെന്ന് കുറ്റപ്പെടുത്തിയ കമീഷൻ റിപ്പോർട്ടിലെ 149, 150 പേജുകളെങ്കിലും സ. ബാലൻ ഒന്നു വായിച്ചുനോക്കണം. സാക്ഷാൽ കാരണഭൂതന്റെ കൈകളിൽ നിലവിൽ ആഭ്യന്തരം എത്രത്തോളം സുരക്ഷിതവും ആരോഗ്യകരവുമാണെന്ന് കേരള ജനത കണ്ടുകൊണ്ടിരിക്കുന്നുമുണ്ടല്ലോ. കമ്യൂണിസ്റ്റ് കുടുംബത്തിൽ പിറന്ന് എസ്.എഫ്.ഐയിലൂടെ വളർന്ന് പാർട്ടി പ്രവർത്തകയായി സജീവ രംഗത്തുണ്ടായിരുന്നു കെ.കെ. രമയെ ജീവിതാവസാനം വരെ കണ്ണീർ കുടിപ്പിക്കുന്നത് ഏതായാലും ജമാഅത്തെ ഇസ്ലാമി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോഴല്ല എന്നെങ്കിലും സ. ബാലൻ മറക്കരുതാത്തതായിരുന്നു. പടച്ചവനെയോ പടപ്പുകളെയോ പേടിയില്ലാത്തവർ നാട് ഭരിക്കുമ്പോൾ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഏതായാലും ഒരേ മാളത്തിൽനിന്ന് രണ്ടുതവണ കടിയേറ്റ ജനം മൂന്നാമതും കടിയേൽക്കാതിരിക്കാൻ ജാഗ്രത പാലിക്കുമെന്ന് പ്രത്യാശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.