ഫ്രഷ്‍കട്ട് പ്ലാന്റിന്റെ മലിനീകരണത്തിനെതിരായ ജനകീയ പ്രതിഷേധം 

അ​ധി​കാ​ര​ത്തു​ട​ർ​ച്ച​യും പൗ​ര​ബോ​ധ നി​ർ​മി​തി​യും

ജ​നാ​ധി​പ​ത്യ​ത്തി​ൽ ഒ​രു സ​ർ​ക്കാ​ർ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യെ​ന്ന​ത് ആ ​രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കു​ന്ന വ​ലി​യ നേ​ട്ട​മാ​ണ്. ഇ​ന്ത്യ​യി​ൽ ദീ​ർ​ഘ​കാ​ലം കോ​ൺ​ഗ്ര​സ് ഭ​രി​ച്ചു; ഗു​ജ​റാ​ത്തി​ൽ ഇ​രു​പ​ത്തി​യേ​ഴ് വ​ർ​ഷ​മാ​യി ബി.​ജെ.​പി ഭ​ര​ണ​ത്തി​ലാ​ണ്. ഗു​ജ​റാ​ത്തി​ൽ ബി.​ജെ.​പി​ക്ക് ഇ​ന്ന് ശ​ക്ത​മാ​യൊ​രു എ​തി​രാ​ളി​യി​ല്ല. ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നും കാ​ര്യ​മാ​യ എ​തി​ർ​പ്പു​ക​ളി​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. എ​ന്നാ​ൽ, ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നും തു​ട​ർ​ഭ​ര​ണം സം​ബ​ന്ധി​ച്ച ഭ​യ​ത്തി​ലൂ​ന്നി​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നി​ല്ല. അ​തി​ന് കാ​ര​ണം അ​വി​ട​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് കാ​ര്യ​മാ​യ പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത​താ​ണ്.

ബം​ഗാ​ളി​ലെ​യും ത്രി​പു​ര​യി​ലെ​യും അ​നു​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്, ഇ​ട​തു​പ​ക്ഷം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ അ​വ​ർ മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​ര​രു​ത് എ​ന്നും പ​ക​രം ഒ​രു വി​പ്ല​വ​ശ​ക്തി​യാ​യി തി​രി​ച്ചു​വ​ര​ണ​മെ​ന്നു​മു​ള്ള വാ​ദം ഉ​യ​രു​ന്ന​ത്. ഇ​ട​തു​പ​ക്ഷം ന​മ്മു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് ഇ​തി​ന് പി​ന്നി​ൽ. എ​ന്നാ​ൽ, ഇ​ട​തു​ചി​ന്ത​ക​ർ ക​രു​തു​ന്ന​തു​പോ​ലെ ‘സ​മ​ര​കേ​ര​ള’​ത്തെ പു​ന​ർ​ജീ​വി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ന്നി​ല്ല. സം​സ്ഥാ​ന​മൊ​ട്ടു​ക്ക് ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​യി​ൽ പ​ല​തും ഏ​റ്റെ​ടു​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ‘ഫ്ര​ഷ് ക​ട്ട്’ സ​മ​രം ഇ​തി​നൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്. ഇ​ത്ത​രം സ​മ​ര​ങ്ങ​ളി​ലെ പൗ​ര​സ​മൂ​ഹ പ​ങ്കാ​ളി​ത്ത​ത്തെ സ്വ​ത്വ​വാ​ദ​മെ​ന്നും തീ​വ്ര​വാ​ദ​മെ​ന്നും അ​ധി​ക്ഷേ​പി​ച്ച ഇ​ട​തു​ഭ​ര​ണ​കൂ​ട നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച​വ​ർ ത​ന്നെ​യാ​ണ്, ഇ​പ്പോ​ൾ ഇ​ട​തു​പ​ക്ഷം സ​മ​ര​രം​ഗ​ത്തു​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​വ​ർ മ​ന​സ്സി​ലാ​ക്കാ​ത്ത ഒ​രു വ​സ്തു​ത​യു​ണ്ട്; ഇ​ന്ന​ത്തെ സ​മ​ര​കേ​ര​ളം ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പ​മ​ല്ല, അ​ല്ലെ​ങ്കി​ൽ ഈ ​സ​മ​ര​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് ക​ഴി​യു​ന്നി​ല്ല.

അ​ധി​കാ​ര​ത്തു​ട​ർ​ച്ച​യെ​ന്നാ​ൽ ഒ​രു സ​ർ​ക്കാ​ർ തു​ട​രു​ക​യെ​ന്നു മാ​ത്ര​മ​ല്ല അ​ർ​ഥം; അ​തോ​ടൊ​പ്പം അ​വ​ർ സൃ​ഷ്ടി​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തെ​ക്കൂ​ടി അ​ത് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​ധി​കാ​രം ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കും പ​ക​ർ​ത്താ​ൻ ഈ ​സ​മൂ​ഹം ശ്ര​മി​ക്കും. ‘സ​ർ​ക്കാ​ർ എ​ന്നാ​ൽ ഞ​ങ്ങ​ൾ കൂ​ടി​യാ​ണ്’ എ​ന്നും, ‘നി​യ​മം കൈ​യി​ലെ​ടു​ത്ത് ന​ട​പ്പാ​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും’ ആ ​സ​മൂ​ഹം ക​രു​തു​ന്നി​ട​ത്താ​ണ് ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ൾ പോ​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ‘സ​ർ​ക്കാ​ർ ആ​ണ് മൗ​ലി​ക​മാ​യ സ​ത്യം’ എ​ന്ന തോ​ന്ന​ൽ കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​നും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന​വ​ർ​ക്കും ഉ​ണ്ട്. ഇ​തൊ​രു വ​ല​തു​പ​ക്ഷ യു​ക്തി​യാ​ണ്.

ഈ ​യു​ക്തി നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​റി​നെ​യും നേ​താ​ക്ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന ച​ല​നാ​ത്മ​ക​മാ​യ ഒ​രു പൗ​ര​സ​മൂ​ഹ​വും പൊ​തു​ബോ​ധ​വും സൃ​ഷ്ടി​ക്ക​പ്പെ​ട​ണം. ചി​ല സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ർ ഒ​രു മ​ത​ന്യൂ​ന​പ​ക്ഷ​ത്തെ നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ക്കു​ന്ന ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്; കാ​ര​ണം അ​വ​ർ സം​വ​ദി​ക്കു​ന്ന​ത് ത​ങ്ങ​ൾ ത​ന്നെ നി​ർ​മി​ച്ചെ​ടു​ത്ത ഒ​രു പൗ​ര​ബോ​ധ​ത്തോ​ടാ​ണ്. അ​വി​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഭാ​ഷ​യി​ൽ സം​വ​ദി​ക്കേ​ണ്ട ആ​വ​ശ്യം അ​വ​ർ​ക്കി​ല്ല. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കും ഈ ​പ്ര​വ​ണ​ത ക​ട​ന്നു​വ​രു​ന്നു​ണ്ട്. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഇ​ട​തു​പ​ക്ഷ​വും ഇ​ത്ത​രം ഒ​രു പൗ​ര​ബോ​ധ​ത്തോ​ടാ​ണ് സം​വ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. മ​ത​രാ​ഷ്ട്ര​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ കേ​ര​ള​ത്തെ എ​ത്തി​ക്കു​ന്ന​ത് ഇ​ത്ത​രം പൗ​ര​ബോ​ധ നി​ർ​മി​തി​യി​ലേ​ക്കാ​ണ്. സ​ർ​ക്കാ​ർ= സ​മൂ​ഹം എ​ന്ന ഐ​ക്യ​വ​ത്ക​ര​ണം ഉ​ണ്ടാ​കു​മ്പോ​ൾ, ‘വി​മ​ർ​ശ​നം= രാ​ഷ്ട്ര​വി​രു​ദ്ധ​ത/​വി​ക​സ​ന​വി​രു​ദ്ധ​ത’ എ​ന്ന വാ​യ​ന ശ​ക്ത​മാ​കു​ന്നു.

‘മു​സ്‍ലിം​ക​ൾ മ​ത​രാ​ഷ്ട്ര​വാ​ദി​ക​ളാ​ണ്’ എ​ന്ന വാ​ദം ആ ​സ​മൂ​ഹ​ത്തി​ന്റെ ജ​ന​സം​ഖ്യ​യെ ആ​ധാ​ര​മാ​ക്കി വ​ല​തു​പ​ക്ഷം നി​ർ​മി​ച്ചെ​ടു​ത്ത​താ​ണ്. കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഒ​ന്നാ​ണി​ത്. ഒ​രു സം​ഘ​ട​ന​യെ​യാ​ണ് ത​ങ്ങ​ൾ വി​മ​ർ​ശി​ക്കു​ന്ന​തെ​ന്ന് അ​വ​ർ വാ​ദി​ച്ചേ​ക്കാം, എ​ന്നാ​ൽ വി​മ​ർ​ശ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ​യാ​ണ് ഇ​വി​ടെ പ്ര​ശ്നം. മ​ത​രാ​ഷ്ട്രം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന ബോ​ധം ഇ​ന്ത്യ​ൻ മു​സ്‍ലിം​ക​ളി​ൽ ശ​ക്ത​മാ​ണ്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് അ​വ​ർ പ​ഠി​ച്ച പാ​ഠ​വും ഇ​തു​ത​ന്നെ. അ​തു​കൊ​ണ്ട് ജ​നാ​ധി​പ​ത്യ​ത്തെ നി​ല​നി​ർ​ത്തേ​ണ്ട​ത് ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് മു​സ്‍ലിം ജ​ന​ത തി​രി​ച്ച​റി​യു​ക​യും ജ​നാ​ധി​പ​ത്യ ഇ​ട​പെ​ട​ലു​ക​ളി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. പൗ​ര​ന്മാ​ർ​ക്ക് ജ​നാ​ധി​പ​ത്യം ഉ​റ​പ്പു​ന​ൽ​കു​ന്ന രാ​ഷ്ട്രീ​യ ക​ർ​തൃ​ത്വ​മാ​ണ് അ​തി​ന്റെ വി​ജ​യം.

എ​ന്നാ​ൽ, ന്യൂ​ന​പ​ക്ഷ​ത്തി​ന്റെ മ​ത​പ​ര​മാ​യ എ​ല്ലാ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും ഭൂ​രി​പ​ക്ഷ​ത്തി​ന്റെ നി​ല​നി​ൽ​പി​ന് ഭീ​ഷ​ണി​യാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു; തി​രി​ച്ചും ഇ​ത് സം​ഭ​വി​ക്കു​ന്നു​ണ്ട്. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ഈ ​പ്ര​വ​ണ​ത​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് വ​ലി​യ പ​ങ്കു​ണ്ട്. വി​ക​സ​ന​വും വി​ശ​പ്പു​മാ​ണ് ത​ങ്ങ​ളു​ടെ മു​ദ്രാ​വാ​ക്യ​മെ​ന്ന് ഇ​ട​തു​പ​ക്ഷം ആ​വ​ർ​ത്തി​ച്ചാ​ലും അ​തി​ന് പൂ​ർ​ണ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന കാ​ല​മ​ല്ലി​ത്. മ​തം കാ​ര​ണം തൊ​ഴി​ലും ജീ​വി​ത​വും ന​ഷ്ട​പ്പെ​ടു​ന്ന ഒ​രു സ​മൂ​ഹ​ത്തോ​ട് ‘വി​ശ​പ്പാ​ണ് പ്ര​ധാ​നം’ എ​ന്ന് പ​റ​ഞ്ഞാ​ൽ, ‘മ​തം കാ​ര​ണ​മാ​ണ് ഞ​ങ്ങ​ൾ വി​ശ​ക്കു​ന്ന​ത്’ എ​ന്ന് അ​വ​ർ തി​രി​ച്ചു​പ​റ​യും.

വി​ശ​ന്നു​ത​ള​ർ​ന്ന പ​തി​നൊ​ന്ന് വ​യ​സ്സു​കാ​ര​നാ​യ ഒ​രു കു​ട്ടി​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​തെ, ത​ന്റെ ചാ​യ​ക്ക​ട​യി​ൽ ജോ​ലി ചെ​യ്താ​ൽ പ​ണം ത​രാ​മെ​ന്ന് പ​റ​യു​ന്ന ഒ​രാ​ളെ​ക്കു​റി​ച്ച് സു​ചി​ത്ര വി​ജ​യ​ൻ ‘Midnight’s Borders: A People’s History of Modern India’ എ​ന്ന പു​സ്ത​ക​ത്തി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്; കു​ട്ടി മു​സ്‍ലിം ആ​ണെ​ന്ന​താ​യി​രു​ന്നു അ​യാ​ൾ ഭ​ക്ഷ​ണം ന​ൽ​കാ​തി​രി​ക്കാ​ൻ പ​റ​ഞ്ഞ കാ​ര​ണം. അ​താ​യ​ത്, വി​ശ​പ്പി​നും മ​ത​മു​ള്ള ഒ​രു രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. ഈ ​പ്ര​ശ്നം ജാ​തീ​യ​മാ​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ദ​ലി​ത്-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ ദാ​രി​ദ്ര്യം രൂ​ക്ഷ​മാ​കു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്ന ചോ​ദ്യ​ത്തി​ന്റെ ഉ​ത്ത​ര​വും വി​ശ​പ്പി​ന് ജാ​തി​യും മ​ത​വും ഉ​ണ്ട് എ​ന്ന​ത് ത​ന്നെ​യാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വി​ജ​യം തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ങ്ങ​ളി​ല​ല്ല, മ​റി​ച്ച് വി​മ​ർ​ശ​ന​ങ്ങ​ളെ രാ​ഷ്ട്ര​വി​രു​ദ്ധ​ത​യാ​യി കാ​ണാ​ത്ത രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​ലാ​ണ്. അ​ധി​കാ​ര​ത്തു​ട​ർ​ച്ച ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്ത​മാ​ക്ക​ണ​മെ​ങ്കി​ൽ, അ​ത് പൗ​ര​ബോ​ധ​ത്തെ ഏ​ക​ശി​ലാ​ത്മ​ക​മാ​ക്കാ​തെ വൈ​വി​ധ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന ദി​ശ​യി​ലാ​യി​രി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം, അ​ധി​കാ​ര​ത്തു​ട​ർ​ച്ച സ​മൂ​ഹ​ത്തി​ന്റെ കു​ടു​സ്സു​വ​ത്ക​ര​ണ​ത്തി​ലേ​ക്കാ​യി​രി​ക്കും ന​യി​ക്കു​ക.

mohammedirshad31@gmail.com

Tags:    
News Summary - Continuity of power and the construction of civic consciousness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.