സുഹൃത്തേ/ എന്റെ ദുഃഖത്തിന്റെ കാരണമെന്താണെന്നോ/ എന്റെ ഞരമ്പുകൾ/ എന്റെ വിരൽതുമ്പത്തുവന്ന്/ അവസാനിക്കുന്നുവെന്നതാണ്/ സുഹൃത്തേ/ നമ്മുടെ അകൽച്ചയുടെയും/ ദുഃഖത്തിന്റെയും നിദാനമെന്താണെന്നോ/ ഒരിക്കൽ വിശ്വമാകെ പടർന്നുനിന്ന ഞരമ്പിൻപടലം/ എവിടെവെച്ചോ എങ്ങനെയോ/ ആരെക്കൊണ്ടോ/ കോടാനുകോടി ഖണ്ഡങ്ങളായി/ മുറിഞ്ഞുപോയി എന്നതാണ്
(കെ.എ. ജയശീലൻ).
ജോർജ് ഓർവെൽ ബർമയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്നപ്പോൾ, വധശിക്ഷക്ക് വിധേയനായ തടവുകാരനെക്കുറിച്ചെഴുതിയത്, തൂക്കുമരത്തിലേക്ക് നടക്കുന്ന ആ തടവുകാരൻ മൺപാതയിലെ ചളി കാലിൽ പറ്റാതിരിക്കാൻ, വഴിമാറി നടന്നു എന്നാണ്. ശരീരത്തിലെന്നപോലെ, മനസ്സിലും ചളിപറ്റാതിരിക്കാനുള്ള നിതാന്തജാഗ്രതയും, പറ്റിയാൽ കഴുകാനുള്ള കരുത്തും, പിന്നെയും ആ ചളി ബാക്കി വന്നാൽ കുറ്റബോധത്തിന്റെ തീയിൽ അതിനെ കരിച്ചുകളയാനുള്ള വീര്യവും അവിരാമമായി ആരിൽ പ്രവർത്തിക്കുന്നുവോ, അവരിലൊക്കെയും, ആത്മീയത ആവിഷ്കൃതമാവും.
മനുഷ്യാസ്തിത്വത്തെ സാധ്യമാക്കുന്ന സാമ്പത്തികപ്രയോഗം, രാഷ്ട്രീയപ്രയോഗം, പ്രത്യയശാസ്ത്രപ്രയോഗം, സൈദ്ധാന്തികപ്രയോഗം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിക്കാൻ ശേഷിയുള്ള സവിശേഷ പ്രവർത്തനപദ്ധതിയുടെ മറ്റൊരു പേരായാണ്, സൗന്ദര്യാത്മക പ്രയോഗത്തെ പരിഗണിക്കുന്നത്. പ്രത്യയശാസ്ത്രപ്രയോഗമാണ് മനുഷ്യനെ പുഴുവിലും പൂമ്പാറ്റയിലും, എന്തിന് പോർക്കിലും അജ്ഞാതങ്ങളിലും ആസക്തമാക്കുക. ആവിധമുള്ള അനിർവചനീയമായ ആസക്തിയുടെയും മുമ്പേ പരാമർശിച്ച മറ്റ് പ്രയോഗങ്ങളിലൂടെ ഉരുവംകൊള്ളുന്ന അനിവാര്യതകളുടെയും ആരോഗ്യകരമായ സമന്വയത്തിൽവെച്ച് ആത്മീയത സർവബ്രാൻഡിങ്ങിനെയും ഒരതിർത്തിവരെ അതിജീവിക്കും. അപ്പോഴും തത്ത്വചിന്താപരമായ അതിർത്തികൾ ഒരൊത്തുതീർപ്പുകൊണ്ടും അടക്കാനാവാത്തവിധം തുറന്നുതന്നെ കിടക്കുന്നുണ്ടാവും. വ്യത്യസ്തവിശ്വാസങ്ങൾക്കകത്തെന്നപോലെ, വിശ്വാസേതര സമീപനങ്ങളിലും പലതരം സന്ദേഹങ്ങൾ ഉണ്ടാവും. അന്തവും അനന്തതയും തമ്മിലുള്ള അഭിമുഖീകരണം സാധ്യമാക്കുന്ന ആ സന്ദേഹങ്ങൾ മൂർത്തമായ ഭൗതികജീവിതത്തിൽ പരിഹരിക്കപ്പെട്ടാലും, അമൂർത്തമായ ആശയജീവിതത്തിൽ പലപ്രകാരത്തിൽ സന്നിഹിതമായിക്കൊണ്ടിരിക്കും.
മതവിശ്വാസം, വിശ്വാസമണ്ഡലത്തിൽവെച്ച് അത് എവ്വിധമാണ് പരിഹരിക്കുന്നതെന്നും, അതേസമയം സന്ദേഹം അതിലെ കാവ്യാത്മകത, എവ്വിധമാണ് അനുഭവിക്കുന്നതെന്നും ഷൂസെ സരമാഗു ‘ക്രിസ്തുവിന്റെ സുവിശേഷം’ എന്ന പ്രശസ്ത നോവലിൽ വിശദമാക്കിയതിൽനിന്ന്, ഒരു ഭാഗം എടുത്തുചേർക്കുന്നു; യേശു ചോദിച്ചു. നിന്റെ പേരെന്താണ്. തോമസ്. തോമസ് നീ ഇവിടെ വരിക. നീ എന്നോടുകൂടെ കടലിനടുത്തേക്ക് നടക്കുക. കുറേ കളിമണ്ണെടുത്ത് കുഴച്ച്, ഞാൻ ചില പക്ഷികളെ സൃഷ്ടിക്കുന്നത് നീ നോക്കിക്കാണുക. നോക്കൂ എത്ര എളുപ്പമാണിത്. ഞാനിതാ ഒരു പക്ഷിയുടെ രൂപം ഉണ്ടാക്കിയിരിക്കുന്നു. ഇതാ ചിറകുകൾ ഇതാ തലയും ചുണ്ടും. ഇതാ പന്ത്രണ്ട് പക്ഷികൾ. ഇപ്പോൾ എന്നെ നോക്കുക. ഞാൻ ഈ വലകൾകൊണ്ട് അവയെ മൂടുന്നു. അവ പറന്നു രക്ഷപ്പെടാതിരിക്കാനാണ്.
അപ്പോൾ അവിശ്വാസത്തോടെ തോമസ് ചോദിച്ചു. നീ എന്നോട് പറയുന്നത് ഈ വല ഉയർത്തിയാൽ ഈ പക്ഷികൾ പറന്നു രക്ഷപ്പെടുമെന്നാണോ? യേശു പ്രതിവചിച്ചു: അതെ, വല ഉയർത്തിയാൽ പക്ഷികൾ തീർച്ചയായും രക്ഷപ്പെടും. -ഇതാണോ നീയെന്നെ ബോധ്യപ്പെടുത്താൻ ഉദ്ദേശിച്ച തെളിവ്? - അതെ എന്നാൽ അല്ല. എന്താണതിനർഥം? അതെ, അല്ല?- ഏറ്റവും നല്ല തെളിവ് അത് ഞാനല്ല ചെയ്യേണ്ടത്. നീ വല ഉയർത്തി നോക്കുക, പക്ഷികൾ രക്ഷപ്പെടുമോ എന്ന് കാണാം. കളിമണ്ണുകൊണ്ടുണ്ടാക്കിയ ഈ പക്ഷികൾ രക്ഷപ്പെടാൻ ഇടയില്ല. ഇനിയും സംശയിക്കാതിരിക്കൂ തോമസ്. വല ഉയർത്തി നോക്കുക, എന്തെന്നാൽ ഞാൻ ദൈവപുത്രനാണ്. ശരി- നീയിങ്ങനെ പറയുന്നതുകൊണ്ട് ഞാൻ വല ഉയർത്തിനോക്കാം. എന്നാൽ, ഞാൻ പറയുന്നു, ഈ പക്ഷികൾ പറക്കില്ലെന്ന്. പിന്നീടൊന്നും പറയാതെ തോമസ് വല ഉയർത്തി. തുറന്നുവിട്ടപ്പോൾ അതിനകത്തെ പക്ഷികൾ പറന്നുയർന്നു. അത്ഭുതംകൊണ്ട് ഇതികർത്തവ്യമൂഢരായി നിന്ന ആൾക്കൂട്ടത്തിനു മുകളിലൂടെ ചിലച്ചുകൊണ്ട്, പക്ഷികൾ രണ്ടുവട്ടം കറങ്ങി. പിന്നീടവ ആകാശത്തിൽ അപ്രത്യക്ഷമായി. യേശു പറഞ്ഞു: നോക്കൂ തോമസ്, നിന്റെ പക്ഷികൾ പറന്നുപോയി. അപ്പോൾ തോമസ് പറഞ്ഞു: അല്ല പ്രഭോ, നിന്റെ പാദങ്ങൾക്കു മുന്നിൽ മുട്ടുകുത്തിനിൽക്കുന്ന ഈ ഞാനാണ് ആ പക്ഷി! സംശയാലുവായ ആദ്യ തോമസും സംശയരഹിതനായ പിന്നത്തെ തോമസും സൗന്ദര്യാത്മക പ്രയോഗത്തിന്റെ പൂന്തോപ്പിൽവെച്ച് പരസ്പരം വിയോജിപ്പുകൾ നിലനിർത്തി കൈകൊടുക്കുമ്പോൾ, മതേതര ആത്മീയതയുടെ വേറൊരു പക്ഷി സ്വന്തം കൂട്ടിലേക്കിറങ്ങി വരും!
സർവമതങ്ങളും അൽപസ്വൽപ വ്യത്യാസങ്ങളോടെ, മരണാനന്തര ആത്മാവിലേക്ക് ആത്മീയതയെ വിപുലപ്പെടുത്തുമ്പോൾ, ഭൗതികവാദികൾ, അനന്തതയിലേക്ക് അതിനെ വിമോചിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ടും തമ്മിലുള്ള അന്തരം വ്യക്തമാണെങ്കിലും രണ്ടിലും പ്രകടമാവുന്ന ആത്മീയത ഭിന്നരൂപങ്ങളിലാണെങ്കിലും, രണ്ടിലും രണ്ടു വിധത്തിൽ, ഒരജ്ഞാതംകൂടി പ്രവർത്തിക്കുന്നുണ്ട്. ഭൗതികവാദികൾ ആത്മീയതയെ നിരാകരിക്കുന്നവരല്ല, ആത്മീയനിറവിന് ഭൗതികസാഹചര്യങ്ങൾ ആവശ്യമുണ്ടെന്ന് കരുതുന്നവരാണെന്ന് ഈഗിൾടൺ. ആത്മീയത സംബന്ധിച്ച തത്ത്വചിന്താപരമായ സംവാദംപോലും അപരവിദ്വേഷക്കറ പുരളാത്ത അത്യുന്നതപദവിയെ പ്രാപിക്കാനുള്ള ശ്രമമാണ്. ബഹുസ്വരതയുടെ സൗന്ദര്യസാക്ഷാത്കാരമാണത് ലക്ഷ്യംവെക്കുന്നത്.
മതരഹിതരുടെ, മതേതര ആത്മീയത, മതമുള്ളവരുടെ മതസഹിതമതേതര ആത്മീയതയിൽനിന്നും വേർതിരിയുന്നത്, പ്രധാനമായും, തത്ത്വചിന്തയുടെ തലത്തിലാണ്, അല്ലാതെ ദൈനംദിന ജീവിതത്തിലല്ല. അവസാനിക്കുമ്പോഴും ആവിധം അവസാനിക്കുന്നില്ലെന്ന, അവസാനിക്കാൻ പാടില്ലെന്നൊരു, കിക്കാണ് ആത്മീയത. അർധരാത്രി കഴിഞ്ഞുകാണും. കിടക്കുന്നതിനുമുമ്പ് ഞാൻ ജനാലകൾ തുറന്നു. സജീവമായ ആകാശം, എന്നെ ഒരുനിമിഷം അത്ഭുതപ്പെടുത്തിക്കളഞ്ഞു. ആകാശം മുഴുവൻ നക്ഷത്രങ്ങളായിരുന്നു. രാത്രിയുടെ മാലിന്യം ആരോ കഴുകിക്കളഞ്ഞതുപോലെ! അന്റാർടിക്കിന്റെ നക്ഷത്രങ്ങൾ എന്റെ തലക്കു മുകളിൽ നിരന്നു. ആകാശം കുടിച്ച് ഞാൻ മത്തനായി എന്ന് പാബ്ലോ നെരൂദ എഴുതിയതിലെ ആ മത്ത് സാധാരണ മത്തിന് സ്പർശിക്കാനാവാത്ത ഒരു കിക്കാണ്. പറഞ്ഞുവരുന്നത് പ്രകൃതിയിൽ, പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിൽ ആത്മീയത അനുഭവിക്കുന്നവരും, അതേ ആത്മീയതയെ പ്രപഞ്ചങ്ങളുടെ പിറകിലേക്കും മുന്നിലേക്കും വ്യാപിക്കുന്ന ആത്മീയതയും, വ്യത്യസ്ത ആത്മീയതകളായിരിക്കുമ്പോൾതന്നെ, തുടർ അന്വേഷണങ്ങൾക്കല്ലാതെ വൈകാരിക തർക്കങ്ങൾക്ക് അതിൽ പ്രസക്തിയില്ലെന്നാണ്. മുജ്ജന്മ, പുനർജന്മ, മരണാനന്തരജീവിതങ്ങളിൽ പലപ്രകാരത്തിൽ മതാത്മക ആത്മീയത നിലനിൽക്കുമ്പോൾ; പ്രാപഞ്ചികതയിലാണ്, അതിന്റെതന്നെ അത്യുന്നത നൈതിക ഔന്നത്യത്തിലാണ് മതരഹിത-മതേതര ആത്മീയത നിലനിൽക്കുന്നത്.
ദൈവമേ കാത്തുകൊൾക, അല്ലാഹുവേ കാത്തുകൊൾക, യേശുവേ കാത്തുകൊൾക എന്ന് തുടങ്ങിയ ബഹുസ്വരസൗന്ദര്യം ആവിഷ്കരിക്കുന്ന വ്യത്യസ്ത പ്രാർഥനകളുടെ പൊരുൾ ഒന്നാണെന്ന് മനസ്സിലാക്കുന്നതിൽനിന്നും വായനയെ തടയുന്നത്, ഓരോ വിഭാഗത്തിന്റെയും അന്ധആത്മരതി അഥവാ നാർസിസിസമാണ്. അവരാണ് ഉത്തർപ്രദേശിലെ കാൺപൂരിലെ ഫ്ലോറൈറ്റ്സ് സ്കൂളിലെ, സർവമതപ്രാർഥനയിൽ അസ്വസ്ഥമായത്. ഓർക്കുക, ഒറ്റ മതപ്രാർഥനയല്ല, സാമ്രാജ്യത്വവിരുദ്ധസമരത്തിലും മതസൗഹാർദ ശാക്തീകരണത്തിന്റെയും മാതൃകയായി മാറിയ സർവമത പ്രാർഥനയുടെ പേരിൽ, മുമ്പല്ല, ഇപ്പോഴാണ് നമ്മുടെ ഇന്ത്യയിൽ ഫാഷിസ്റ്റ് അലർച്ചക്കു മുന്നിൽ ഒരു സ്കൂൾ അടച്ചുപൂട്ടേണ്ടിവന്നത്! അങ്ങനെയിരിക്കെ എങ്ങനെയാണ്, സ്ഥാപനപരമായ നാർസിസിസത്തിൽനിന്നും പുറത്തുകടക്കാത്തവർക്കു മുന്നിൽ, മതാത്മകമോ, മതേതരമോ, മതരഹിതമോ ആയ ഒരാത്മീയത ഉണ്ടായിത്തീരുക! ഇത്തരമൊരു പശ്ചാത്തലത്തിൽനിന്ന് നോക്കുമ്പോൾ ആത്മീയതക്ക് മാത്രമല്ല, നമ്മുടെ നിലനിൽപിനുതന്നെ അഭികാമ്യം മൗനപ്രാർഥനയാണ്! അതിൽ എല്ലാ ഭാഷയിലെ പ്രാർഥനക്കും പ്രാർഥനയില്ലായ്മക്കും സൗഹൃദപൂർവം ഒന്നിക്കാനാവുമല്ലോ.
പരിസര ശക്തിഗുണത്താൽ മർത്യർ പരിശുദ്ധരാവും പാപിഷ്ഠർപോലും എന്നുള്ളതെങ്കിലും മിനിമം മറക്കരുത്. കൃത്രിമ വിപരീതങ്ങളെ കൊഴുപ്പിച്ചും, അപരവിദ്വേഷത്തെ മൂർച്ഛിപ്പിച്ചും, അടുക്കളപോലും അടർക്കളമാക്കിയും നാട്ടിലെ പ്രസവങ്ങളുടെ കണക്കെടുത്തും, ജീവിതപ്രശ്നങ്ങളെയാകെ അവഗണിച്ചുമുള്ള, തത്ത്വചിന്താതലത്തിൽ ഭൗതികവാദത്തിനും ആശയവാദത്തിനും അവമാനമുണ്ടാക്കുന്ന, പ്രായോഗികതലത്തിൽ പ്രാഥമികമായ മത-മതരഹിതസൗഹാർദത്തെപ്പോലും അസാധ്യമാക്കുന്ന ഒരവസ്ഥയിൽപോലും, മലയാളിസമൂഹത്തിന്, ആത്മീയതയെക്കുറിച്ച് പൊതുവിലും മതേതര ആത്മീയതയെക്കുറിച്ച് പ്രത്യേകിച്ചും സംവാദത്തിലേർപ്പെടാൻ കഴിയുന്നു എന്നുള്ളത് ഏതർഥത്തിലും അഭിനന്ദനാർഹമാണ്. വിഭജനത്തിന്റെ മതിലുകൾക്കകത്ത് എന്ന അവസ്ഥവിട്ട്, മതിലുകൾക്കുള്ളിലകപ്പെടുന്ന നാർസിസിസ്റ്റിക് പശ്ചാത്തലം പൊളിക്കാതെ, അത് സ്വയം പൊളിയുമെന്ന പ്രതീക്ഷയിൽ കാത്തുനിന്നാൽ പിന്നെ എടുക്കാനും കൊടുക്കാനും ഒരിടത്തും ഒരാത്മീയതയും ബാക്കിയുണ്ടാവില്ല. കീഴാള സമൂഹങ്ങളൊക്കെയും നിരവധി പരിമിതകൾക്കും കീഴ്പ്പെടുത്തലുകൾക്കുമിടയിൽ നാനാപ്രകാരേണ മുന്നേറിക്കൊണ്ടിരിക്കേ, അവരോട് ജാതിമേൽക്കോയ്മാ പുരാണങ്ങൾമാത്രം ഇനിയും പറഞ്ഞുകൊണ്ടിരുന്നിട്ടൊരു പ്രയോജനവുമില്ല.
എല്ലാ ആരാധനാലയങ്ങളും എല്ലാവർക്കും, എല്ലാ ഉത്സവങ്ങളും എല്ലാവർക്കും എന്നുള്ള സൗഹൃദമുദ്രാവാക്യങ്ങളെ ജാതിമേൽക്കോയ്മാ നിലപാടുകൾ പങ്കുവെക്കുന്നവരൊഴിച്ച് സർവരും, വേദനജനകമാവുംവിധമുള്ള തുടർ സംവാദങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ, ഇന്നല്ലെങ്കിൽ നാളെ സ്വാഗതംചെയ്യും. മതങ്ങളൊക്കെയും വ്യത്യസ്ത സൈദ്ധാന്തിക കാഴ്ചപ്പാടുകൾക്കുള്ളിൽ നിന്നാണെങ്കിലും, സംവാദാത്മകമായിട്ടാണെങ്കിലും മൂല്യങ്ങളെ സ്വാഗതം ചെയ്യും, രൂപംകൊണ്ട കാലത്തിന്റെ മുദ്രകൾ അതിലുണ്ടാവാമെങ്കിലും. എന്നാൽ, ജാതിമേൽക്കോയ്മ നഗ്നമായ അധികാരപ്രയോഗമാണ്. ഒരു ജാതിമേൽക്കോയ്മക്കും ഒരിക്കലും ആവിഷ്കരിക്കാനാവാത്ത, എന്നാൽ, ഏത് മതത്തിനും അത് ജനായത്തപരമാകുമ്പോൾ ആവിഷ്‍കരിക്കാൻ കഴിയുന്ന, ഒരാശയം, മുഹമ്മദലി കാഷ്യസ്ക്ലേ സ്വന്തം രീതിയിൽ ആത്മകഥയിൽ പറഞ്ഞത്, ആത്മീയത സംബന്ധിച്ചൊരു സംവാദത്തിൽ പ്രസക്തമാവുമെന്ന് കരുതുന്നു: ‘സദ് ജീവിതത്തിനൊരു പാചകക്കുറി’ എന്ന മുഹമ്മദലി കാഷ്യസ്ക്ലേയുടെ ആ തലവാക്യം തന്നെയും, മത-മതേതര-മതരഹിത ആത്മീയതയുടെ ആമുഖവാക്യമായി സ്വീകരിക്കാം. അതിന് ചേരുവയായി അദ്ദേഹം പറയുന്നത്, ഏതാനും കപ്പ് കാരുണ്യം, ഒരു കപ്പ് മനുഷ്യത്വം, ഒരൽപം ചിരി, ഒരു ടീസ്പൂൺ ക്ഷമ, ഒരു ടേബിൾസ്പൂൺ ഉദാരത, ഒരൽപം സ്നേഹം, ഒരു ഗാലൻ വിശ്വാസം ഇവയത്രയും നിശ്ചയദാർഢ്യത്തിൽ ചാലിച്ച്, വേണ്ടത്ര ധൈര്യവും ചേർത്ത്, നന്നായി ഇളക്കി ജീവിതകാലം മുഴുക്കെ നിങ്ങൾ സാധിക്കുന്നവർക്കെല്ലാം വിളമ്പുക എന്നെത്ര. ഇതിൽപറഞ്ഞ കാരുണ്യവും മനുഷ്യത്വവും ചിരിയും ക്ഷമയും ഉദാരതയും സ്നേഹവും വിശ്വാസവും നിശ്ചയദാർഢ്യവും ധൈര്യവും പങ്കുവെപ്പും കിഴിച്ചാൽ, പിന്നെ ആത്മീയത പോയിട്ട് അതിൽ, ജനായത്തത്തിന് ആഘോഷിക്കാൻ കൊള്ളാവുന്ന ഒരു മൂല്യവും ബാക്കിയുണ്ടാവില്ല.
കാരുണ്യാദി മൂല്യങ്ങളെയെല്ലാം മതവിശ്വാസത്തിലേക്കാണ്, മതവിശ്വാസിയായ മുഹമ്മദലി കാഷ്യസ്ക്ലേ കണ്ണിചേർത്തത് എന്നുള്ളത് സ്വാഭാവികമാണ്. അവിശ്വാസവും സമ്പൂർണ വിശ്വാസനിരാകരണമല്ലാത്തതിനാൽ, ഒരു ഗാലൻ വിശ്വാസം എന്നുള്ളത്, ഓരോരുത്തർക്കും സ്വന്തം കാഴ്ചപ്പാടിനനുസരിച്ച് വികസിപ്പിക്കാവുന്നതാണ്. ഞാനാണ് ദൈവം എന്ന ഹിരണ്യകശിപുവിന്റെ അശ്ലീല ജൽപനത്തേക്കാൾ, എത്ര മഹത്താണ് എന്റെ ദൈവം തൂണിലും തുരുമ്പിലും ഉണ്ടെന്ന പ്രഹ്ലാദന്റെ പ്രതികരണം. നിങ്ങൾ നിങ്ങളെതന്നെ കൊല്ലുക എന്ന് ഖുർആൻ. ഉണ്ടാവട്ടെ നിങ്ങൾക്കെല്ലാം, ഉണ്ടാവരുതൊരു നിങ്ങൾമാത്രം എന്ന് വൈലോപ്പിള്ളി! മതരഹിത-ആത്മീയതക്ക് മാനവികമായ മതത്ത്വങ്ങളെയടക്കം, സൗന്ദര്യാത്മക പ്രയോഗത്തിന്റെ ഭാഗമായി അനുഭവിക്കാനും അതുവഴി അതിൽ അനുഭൂതിപ്പെടാനും കഴിയും. ആസന്നമരണ സന്ദർഭത്തിലും ദൈവപ്രകീർത്തനങ്ങളും വിപ്ലവഗാനങ്ങളും പ്രണയഗാനങ്ങളും ആസ്വദിക്കാൻ കഴിയുന്നതുപോലെ.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.