അമേരിക്കൻ പ്രസിഡന്റായുള്ള ആദ്യ വരവിൽതന്നെ തന്റെ നയങ്ങൾ മുൻ പ്രസിഡന്റ് (1897-1901) വില്യം മക്കിൻലിയുടേതിന് സമാനമായിരിക്കുമെന്ന് സൂചിപ്പിച്ച ഡോണൾഡ് ട്രംപ്, അദ്ദേഹത്തിന്റെ നവ മെർകാന്റിലിസ്റ്റ്, നവ കൊളോണിയൽ ആഭിമുഖ്യം കൂടുതൽ വ്യക്തമാക്കിയത് രണ്ടാം വരവിലാണ്. അതേസമയം, മക്കിൻലി നയങ്ങളെ പിൻപറ്റിയ ട്രംപിന്റെ വ്യാപാരനയം സമീപദശകങ്ങളിലായി അമേരിക്കൻ സമ്പദ്ഘടന നേരിടുന്ന കനത്ത പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ പ്രതിസന്ധിയുടെ പ്രത്യക്ഷ സൂചകങ്ങളാണ് വ്യാവസായിക മേഖലയിലെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയും, താഴ്ന്ന വളർച്ചാനിരക്കും, തുടർച്ചയായ വ്യാപാരക്കമ്മിയും. ഇതിന് കാരണമായി ട്രംപ് കാണുന്നത് അമേരിക്കയിലേക്കുള്ള ഉയർന്ന ഇറക്കുമതിയാണ്. എന്നാൽ, ഉയർന്ന ഇറക്കുമതിയുടെ ഉറവിടം സ്വന്തം ജനതയുടെ ഉപഭോഗത്വരയാണെന്ന കാര്യം അദ്ദേഹം വിസ്മരിക്കുന്നു. 2025 ജൂലൈയിലെ കണക്ക് പ്രകാരം അമേരിക്കയിലെ ഒരു കുടുംബത്തിന്റെ നികുതി കഴിഞ്ഞുള്ള വരുമാനത്തിന്റെ 1.4 ശതമാനം മാത്രമാണ് സമ്പാദ്യം; ചൈനയിലിത് 30 ശതമാനമാണ്.
ലോകരാജ്യങ്ങളിൽ ഇറക്കുമതിയിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ ഇറക്കുമതിച്ചെലവ് അവരുടെ കയറ്റുമതി മൂല്യത്തേക്കാൾ ഏറെ ഉയർന്നതാണ്. 2024ൽ അമേരിക്കയിലേക്കുള്ള ഇറക്കുമതിയുടെ സിംഹഭാഗവും അഞ്ച് രാജ്യങ്ങളിൽ നിന്നായിരുന്നു- മെക്സികോ (16%), കാനഡ (13%), ചൈന (14%), ജർമനി (5%), ജപ്പാൻ (4.7%). 2.8 ശതമാനമായിരുന്നു ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി. എന്നാൽ, മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ ഭൂരിഭാഗവും ഉപഭോഗവസ്തുക്കളാണ്. കുറഞ്ഞ കൂലിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന സാധനങ്ങൾ കുറഞ്ഞ വിലക്ക് അമേരിക്കൻ കമ്പോളത്തിൽ എത്തിക്കാൻ ചൈനക്ക് കഴിയുന്നു.
2016ൽ ഒന്നാം വട്ടം അധികാരത്തിലെത്തിയ ട്രംപ് ചൈനക്കെതിരായി 2018ൽ തുടങ്ങിയ വ്യാപാരയുദ്ധത്തിന് 2020 ജനുവരിയിൽ ഒത്തുതീർപ്പായെങ്കിലും, 2025 ജനുവരി ഒന്നിന് വീണ്ടും അധികാരത്തിലെത്തിയപ്പോൾ തന്റെ നിലപാട് ഒന്നുകൂടി കടുപ്പിച്ചു. കാനഡയിൽനിന്നും മെക്സികോയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ളവക്ക് 10 ശതമാനവും താരിഫ് പ്രഖ്യാപിച്ചു. തങ്ങൾക്കുമേലുള്ള ചുങ്കം ക്രമേണ 145 ശതമാനമായി വർധിപ്പിച്ചതിനെ 125 ശതമാനം പ്രതിചുങ്കം ഏർപ്പെടുത്തിക്കൊണ്ടാണ് ചൈന നേരിട്ടത്. പണപ്പെരുപ്പ ഭീതിയുടെ നിഴലിൽ ചൈനയുമായി ഒത്തുതീർപ്പിലെത്തിയ ട്രംപ്, മേയ് ഒടുവിലായപ്പോഴേക്കും ചൈനീസ് ഉൽപന്നങ്ങളിന്മേലുള്ള ചുങ്കം 30 ശതമാനമായി കുറച്ചു; ചൈനയിത് 10 ശതമാനമായും കുറച്ചു.
ദേശീയ അടിയന്തരാവസ്ഥകളിൽ പ്രയോഗിക്കാൻ പ്രസിഡന്റിന് പ്രത്യേകാധികാരം നൽകുന്ന 1977ലെ അന്തർദേശീയ അടിയന്തര സാമ്പത്തികാധികാര നിയമം (ഐ.ഇ.ഇ.പി.എ) ഉപയോഗിച്ചുകൊണ്ട് അമേരിക്കയുടെ വ്യാപാര പങ്കാളികളായ 60 രാജ്യങ്ങളുടെ മേൽ 10 ശതമാനം അടിസ്ഥാന ചുങ്കം ഏപ്രിൽ അഞ്ചിന് ട്രംപ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഏഴിന്, ഓരോ രാജ്യത്തിനും വ്യത്യസ്തമായ നിരക്കിൽ, സാമ്പത്തിക ശാസ്ത്രത്തിന് അന്നുവരെ അന്യമായിരുന്ന ‘റെസിപ്രോക്കൽ താരിഫ്’ ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ മേൽ ഏർപ്പെടുത്തിയ 26 ശതമാനം റെസിപ്രോക്കൽ താരിഫ് ഉഭയകക്ഷി ചർച്ചകൾക്കുശേഷം 25 ശതമാനമായി നിശ്ചയിച്ചു.
2024ലെ പ്രായോഗിക താരിഫ് നിരക്ക് 2.4 ശതമാനമായിരുന്നിടത്തായിരുന്നു ഈ വർധനയെന്നോർക്കണം. ഇതിനുപുറമെ, ഇതേ നിയമം ഉപയോഗിച്ചുകൊണ്ട്, ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ 25 ശതമാനം ശിക്ഷാചുങ്കവും ഏർപ്പെടുത്തിയതോടെ ഇന്ത്യൻ ഉൽപന്നങ്ങളുടെ മേലുള്ള ആകെ ചുങ്കം 50 ശതമാനമായിത്തീർന്നു. എന്നാൽ, 2026 ഫെബ്രുവരി ഏഴാം തീയതി ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ച ഇടക്കാല വ്യാപാര ഉടമ്പടി ചട്ടക്കൂട് ഇതിനെ 18 ശതമാനമായി കുറക്കുകയും ഇന്ത്യയിലേക്കുള്ള അമേരിക്കൻ ചരക്കുകളുടെ ഇറക്കുമതിച്ചുങ്കം പൂർണമായും ഇല്ലാതാക്കുകയും ചെയ്തു. ഫെബ്രുവരി ഒമ്പതിന് വൈറ്റ് ഹൗസ് പുറത്തുവിട്ട ഫാക്ട് ഷീറ്റിലൂടെ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുകയോ കുറക്കുകയോ ചെയ്യാമെന്ന ഉറപ്പിന്മേൽ 25 ശതമാനം ശിക്ഷാചുങ്കവും നിർത്തലാക്കിയതായി അമേരിക്ക പ്രഖ്യാപിച്ചു.
അമേരിക്കയുടെ നിബന്ധനകൾ അംഗീകരിച്ചുകൊണ്ടുള്ള ഇന്ത്യൻ സമീപനം ട്രംപിന്റെ ആദ്യ ഭരണത്തിൽ ഇന്ത്യ നടത്തിയ പ്രതികരണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. 2018ൽ ട്രംപിന്റെ വ്യാപാര നിബന്ധനകൾക്കെതിരായി ലോക വ്യാപാര സംഘടനയെ സമീപിക്കുകയും, 2019ൽ ഇന്ത്യക്കുള്ള പൊതു മുൻഗണനാ സമ്പ്രദായം (GSP) ഏകപക്ഷീയമായി നിർത്തലാക്കിയപ്പോൾ അമേരിക്കൻ ഉൽപന്നങ്ങൾക്കുമേൽ 25-50 ശതമാനം ചുങ്കം ഏർപ്പെടുത്തിക്കൊണ്ട് പ്രതികരിക്കുകയും ചെയ്ത ചരിത്രം മറന്ന് അമേരിക്കയുടെ നിബന്ധനക്കുമുന്നിൽ അനുസരണയോടെ നിൽക്കുന്ന ഇന്ത്യയെയാണ് നമ്മൾ കണ്ടത്. ഇവിടെ ഓർക്കേണ്ട ഒരു കാര്യം, രണ്ടവസരങ്ങളിലും ഇന്ത്യയുടെ പ്രധാനമന്ത്രി ഒരാൾ തന്നെയായിരുന്നുവെന്നതാണ്.
ഇതിനോടകം തന്നെ ട്രംപിന്റെ താരിഫ് നയങ്ങൾ അമേരിക്കൻ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ചുങ്കം നിർണയിക്കാനുള്ള അധികാരം പൂർണമായും ജനപ്രതിനിധിസഭയിൽ നിക്ഷിപ്തമാണെന്നും പ്രസിഡന്റിന് ചുങ്കം നിർണയിക്കാനുള്ള അധികാരം ഐ.ഇ.ഇ.പി.എ നൽകുന്നില്ലെന്നും, ആ നിയമത്തിനുകീഴിൽ ട്രംപ് ചുമത്തിയ റെസിപ്രോക്കൽ ചുങ്കങ്ങളും പിഴച്ചുങ്കവും അസാധുവാണെന്നുമാണ് ഫെബ്രുവരി 20ന് പുറപ്പെടുവിച്ച വിധിയിൽ കോടതി വ്യക്തമാക്കിയത്. ഇതിനോട് ട്രംപ് പ്രതികരിച്ചത് വ്യാപാര നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ചുകൊണ്ട്, 150 ദിവസം മാത്രം സാധുതയോടെ 10 ശതമാനം താരിഫ് എല്ലാ രാജ്യങ്ങൾക്കും ചുമത്തിക്കൊണ്ടാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വിധി, ഇടക്കാല ഉടമ്പടി ചട്ടക്കൂടിൽ പറഞ്ഞിരുന്ന 18 ശതമാനം ചുങ്കത്തിന് സാധുതയില്ലാതാക്കി എന്നു മാത്രമല്ല, അമേരിക്കയിലേക്കുള്ള കയറ്റുമതിച്ചുങ്കം 10 ശതമാനമായി കുറക്കുകയും ചെയ്തു. അതേസമയം, ഐ.ഇ.ഇ.പി.എ അല്ലാതെ പുറപ്പെടുവിച്ച ചുങ്ക ഉത്തരവുകൾ സാധുവാണുതാനും. ഇതിൽപെടുന്നതാണ് സ്റ്റീൽ (50%), അലൂമിനിയം (50%), ചെമ്പ് (50%), മോട്ടോർ വാഹനങ്ങളും വാഹന ഘടകങ്ങളും (25%), ബ്രാൻഡ് നാമത്തോടുകൂടിയ ഔഷധങ്ങൾ (100%) എന്നിവ. ഇവയിൽ ചിലതെങ്കിലും ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നവയാണ്.
പിഴത്തീരുവ എന്ന ‘ഡെമോക്ലിസ് വാൾ’ ഉപയോഗിച്ച് ഒരു രാജ്യം എന്ത് വാങ്ങണം, എവിടെ നിന്ന് വാങ്ങണം എന്ന് ആജ്ഞാപിക്കുന്നതിനെ ആ രാജ്യത്തിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമായാണ് കോടതി വിലയിരുത്തിയത്. പിഴത്തീരുവ എന്ന ‘പിപ്പിടി’ കാട്ടി വിരട്ടാനുള്ള സാധ്യത അടഞ്ഞ നിലക്ക് നമ്മൾ ഇനി റഷ്യൻ എണ്ണ വാങ്ങുമോ, ഇറാനിൽനിന്നുള്ള ഇറക്കുമതി നിർത്തുമോ എന്നതാണിനി അറിയേണ്ടത്.
(തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ലേഖകൻ, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ വിസിറ്റിങ് സ്കോളറും കണ്ണൂർ സർവകലാശാലയിൽ വിസിറ്റിങ് ഫാക്കൽറ്റിയും ആയിരുന്നു).
yemkabir@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.