ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ വീണ്ടും ചൂടുപിടിച്ച് ഓപറേഷൻ താമര വിവാദം. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് നടത്തിയ വീരവാദത്തിനു പിന്നാലെയാണ് വിഷയം ചൂടേറിയ ചർച്ചയായത്. 40 മുതൽ 45 വരെ കോൺഗ്രസ് എം.എൽ.എമാർ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഡൽഹിയിയിൽനിന്ന് അനുമതി ലഭിച്ചാൽ ഒറ്റ ദിവസംകൊണ്ട് ഓപറേഷൻ താമര നടപ്പാക്കാൻ കഴിയുമെന്നും എന്നാൽ, തങ്ങൾക്കിപ്പോൾ അത് ആവശ്യമില്ലെന്നുമായിരുന്നു ബി.എൽ. സന്തോഷിന്റെ പ്രസ്താവന. ബംഗളൂരുവിൽ നടന്ന പാർട്ടി നേതൃയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇപ്പോൾ ഞങ്ങൾക്ക് ഓപറേഷൻ താമരയുടെ ആവശ്യമില്ലെന്നും സർക്കാർ രൂപവത്കരിക്കാൻ കർണാടകയിൽ ബി.ജെ.പി ഒരു ശ്രമവും നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയിൽനിന്ന് ഒരു നേതാവും കോൺഗ്രസിൽ ചേരില്ല. 10 നേതാക്കൾ പാർട്ടി വിട്ടാൽ അതിന് തുല്യനായ ഒരു നേതാവിനെ ഞങ്ങൾ കൊണ്ടുവരും. 2013ൽ കർണാടകയിൽ ബി.ജെ.പി ഇല്ലാതാവുമെന്ന് ജനങ്ങൾ പറഞ്ഞു. എന്നാൽ, ആഭ്യന്തര പ്രശ്നങ്ങൾക്കിടയിലും ഞങ്ങൾ 40 സീറ്റ് നേടി. ഇത്തവണ 60 സീറ്റും നേടി. ഞങ്ങൾക്ക് തിരിച്ചുവരാനുള്ള ശക്തിയുണ്ട് -സന്തോഷ് പറഞ്ഞു.
യോഗത്തിൽ കെ. സുധാകർ, രമേശ് ജാർക്കിഹോളി, ബി. ശ്രീരാമുലു, ബി.സി. പാട്ടീൽ, ഗോവിന്ദ് കർജോൾ, സി.പി. യോഗേശ്വർ തുടങ്ങിയവർ പങ്കെടുത്തപ്പോൾ എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ, എം.പി. രേണുകാചാര്യ എന്നിവർ പങ്കെടുത്തില്ല. അസുഖബാധിതനായതിനാൽ ബസവരാജ് ബൊമ്മൈയും പങ്കെടുത്തിരുന്നില്ല. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരടക്കം ചില നേതാക്കൾ കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നാണ് വിവരം.
അതേസമയം, ബി.എൽ. സന്തോഷിന്റെ പ്രസ്താവനയെ തുടർന്ന് വെല്ലുവിളിയുമായി മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്തുവന്നു. 40 പോയിട്ട് നാല് എം.എൽ.എമാരെയെങ്കിലും കോൺഗ്രസിൽനിന്ന് അടർത്താൻ ബി.എൽ. സന്തോഷിന് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു ദിവസമല്ല ഒരുമാസം ഇതിനായി എടുത്തുകൊള്ളാനും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ആദ്യം സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ തീർക്കട്ടെ. ഇതുവരെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ ബി.ജെ.പിക്കായിട്ടില്ല. കോൺഗ്രസ് സർക്കാറിനെ ഒന്നിളക്കാൻ പോലും ബി.ജെ.പിക്ക് കഴിയില്ല -പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാറിനെ താഴെയിറക്കാൻ ഓപറേഷൻ താമര നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടിയെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പ. ബി.ജെ.പിയിൽനിന്ന് പകുതിയോളം എം.എൽ.എമാർ കോൺഗ്രസിലേക്ക് പോകും എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഇതുവരെ ഒരാൾ പോലും പോയിട്ടില്ല. ഒരു മാസം സമയം തരാം, കഴിയുമോ? രാജ്യത്ത് കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷമോ മുമ്പ് തന്നെയോ ഇല്ലാതാവുമെന്ന് അദ്ദേഹം പറഞ്ഞു. കള്ളപ്പണക്കേസിൽ തിഹാർ ജയിലിൽ കിടന്നയാളാണ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അദ്ദേഹം ജെ.ഡി.എസിന്റെ പ്രജ്വൽ രേവണ്ണ ലോക്സഭ സ്ഥാനാർഥി സത്യവാങ്മൂലത്തിൽ സ്വത്തുവിവരം തെറ്റായി നൽകിയതിനെ വിമർശിക്കുന്നത് ചെകുത്താൻ വേദമോതുന്നതിന് തുല്യമാണെന്ന് ഈശ്വരപ്പ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.