ഡി.കെ. ശിവകുമാർ

25 ലക്ഷം സ്വത്തുക്കള്‍ ഇ-ഖാത്ത സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നു -ഡി.കെ. ശിവകുമാർ

ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) കോർപറേഷനുകളുടെ അധികാരപരിധിയിലുള്ള 25 ലക്ഷത്തിലധികം സ്വത്തുക്കൾക്ക് ഇതുവരെ ഇ-ഖാത്ത നൽകിയിട്ടുണ്ടെന്നും മേയ് 16 മുതൽ എല്ലാ ശനിയാഴ്ചയും ‘നമ്മ ഇ-ഖാത’ കാമ്പയിൻ നടത്തുമെന്നും ബംഗളൂരു നഗരവികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

ഇലക്ട്രോണിക് പ്രോപ്പർട്ടി സർട്ടിഫിക്കറ്റായ ഇ-ഖാത്തയില്‍ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശ വിവരങ്ങള്‍ ഓൺലൈൻ ഡേറ്റാബേസിൽ സൂക്ഷിച്ചുവെക്കും. സ്ഥല ഉടമകൾക്ക് കൃത്യത, സുതാര്യത എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ‘ബി’ ഖാത്ത ‘എ’ ഖാത്തകളാക്കി മാറ്റുന്നതിനുള്ള അപേക്ഷ നല്‍കിയവരില്‍ 7,000 അപേക്ഷകളുടെ ഡിജിറ്റലൈസേഷന്‍ പ്രക്രിയ പൂർത്തിയായി. പണമടച്ചവര്‍ക്ക് ‘എ’ഖാത്തകൾ ലഭിക്കും. ഇതുവരെ ഇ-ഖാത്ത സേവനം ലഭിക്കാത്തവർക്കായി കൂടുതല്‍ സജ്ജീകരണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഇ-ഖാത്ത യിലും ജി.പി.എസ്, വസ്തുവിന്‍റെ ആകൃതി, ചുറ്റളവ്, ഫോട്ടോ, മതിയായ രേഖ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സർക്കാർ ഉറപ്പാക്കും. മികച്ച സേവനം ലഭ്യമാക്കാന്‍ ആധാർ വിശദാംശങ്ങൾ, ഡിജിറ്റൽ ഡോക്യുമെന്‍റെഷൻ, ജി.പി.എസ് മാപ്പിങ്, പ്രോപ്പർട്ടി സ്കെച്ചുകൾ എന്നിവ പരിശോധിച്ചാണ് ഡോക്യുമെന്‍റേഷന്‍ നടത്തുക. ഓണ്‍ലൈന്‍ സേവനം സുഗമമാക്കുന്നതിനായി ബംഗളൂരുവിലുടനീളം ജി.ബി.എയുടെ കീഴില്‍ 50 ലധികം കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. മിക്ക കേന്ദ്രങ്ങളും സർക്കാർ സ്കൂളുകളിലാണ് പ്രവര്‍ത്തിക്കുക എന്നതിനാല്‍ ജനങ്ങള്‍ക്ക് അവരുടെ ഇ-ഖാത്ത രേഖകൾക്ക് അപേക്ഷിക്കാനോ തിരുത്താനോ കഴിയും.

ഇത്തരം ഇ-ഖാത്ത മേളകളില്‍ അപേക്ഷകർക്ക് ആദ്യം ഒരു രസീത് നൽകുകയും 15 ദിവസത്തിനുശേഷം തിരികെ വരാൻ ആവശ്യപ്പെടുകയും ചെയ്യും. ഈ കാലയളവിൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തും. റവന്യൂ രേഖകളിൽ റോഡുകളായി രേഖപ്പെടുത്തിയിരിക്കുന്ന സ്വത്തുക്കൾ കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. 10 ലക്ഷം കുടുംബങ്ങൾക്ക് കൂടി പദ്ധതിയുടെ പ്രയോജനം ലഭിക്കും.

രേഖകൾ ഡൗൺലോഡ് ചെയ്യാത്തവർക്ക് അവരുടെ രേഖകളുടെ കോപ്പികള്‍ സൗജന്യമായി ലഭിക്കുമെന്നും ഉപമുഖ്യമന്ത്രി ഉറപ്പുനൽകി. അപ്പാർട്മെന്‍റുകളില്‍ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ച എല്ലാ ഫ്ലാറ്റുകള്‍ക്കും അനുമതി നൽകിയിട്ടുണ്ട് കൂടാതെ ഇ-ഖാത്തക്ക് അപേക്ഷിച്ച 37,460 ഫ്ലാറ്റുകൾക്കും ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകിയതായും അദ്ദേഹം പറഞ്ഞു. പദ്ധതിയിലൂടെ 300 കോടി വരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - 25 lakh properties brought under e-khata system - D.K. Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.