ഹോസ്റ്റലുകളിലെ ഭക്ഷണത്തിൽ പുഴുവും പാറ്റയും; ഭക്ഷ്യവിതരണ ഏജൻസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ബംഗളൂരു: മൈസൂരിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ പുഴുവും പാറ്റയും പ്ലാസ്റ്റിക്കും കണ്ടെത്തിയ സംഭവത്തിൽ കെ.സി. വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്ന് കർണാടക ആരോഗ്യ വകുപ്പിന്റെ നടപടി.

ഭക്ഷ്യവിതരണ ഏജൻസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഗ്ലോബൽ എജുക്കേഷൻ സർവിസാണ് അഞ്ച് കോളജുകളിൽ ഭക്ഷണം എത്തിച്ചിരുന്നത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനക്ക് അയക്കുകയും ഏജൻസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. അഞ്ച് കോളജുകൾക്കായി ബദൽ ഭക്ഷ്യവിതരണ സംവിധാനം ഒരുക്കി. മാധ്യമ വാർത്തശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.സി. വേണുഗോപാൽ എം.പി. കർണാടക ആരോഗ്യ മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് നടപടി.

കോമൺ മെസ്സിൽനിന്ന് എത്തിക്കുന്ന ഭക്ഷണമാണ് ശുചിത്വമില്ലാത്ത രീതിയിൽ വിളമ്പിയത്. കോഴിക്കറിയിൽ തൂവലും ചോരയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക്കും ചോറിൽനിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാര്‍ഥികൾ പരാതിപ്പെട്ടിരുന്നു. പ്രതിവർഷം മെസ്സ് ഫീ ആയി വാങ്ങുന്നത് 80,000 രൂപയാണെന്നും പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികൾ പരാതിപ്പെട്ടിരുന്നു വിദ്യാര്‍ഥികളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട ഉടനെ കെ.സി. വേണുഗോപാൽ കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുമായി ആശയവിനിമയം നടത്തി.

അധികൃതര്‍ എത്രയും വേഗം കോളജ് ഹോസ്റ്റൽ സന്ദർശിച്ച് റിപ്പോർട്ട് തേടാൻ ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. അതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ഗ്ലോബൽ എജ്യൂക്കേഷൻ സർവിസിൻ്റെത് ഉൾപ്പെടെയുള്ള ഇടങ്ങൾ സന്ദർശിച്ച് നടപടി സ്വീകരിക്കുകയായിരുന്നു.

Tags:    
News Summary - Worms and cockroaches found in food in hostels; Food distribution agency's license suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.