ബംഗളൂരു: സംസ്ഥാന ഗതാഗത കോർപറേഷനുകളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും നിരക്ക് വർധന രാഷ്ട്രീയവത്കരിക്കുന്നത് തടയുന്നതിനുമായി സംസ്ഥാനത്ത് പൊതുഗതാഗത നിരക്ക് നിയന്ത്രണ കമ്മിറ്റി (പി.ടി.എഫ്.ആർ.സി).കർണാടക വൈദ്യുതി നിയന്ത്രണ കമീഷൻ (കെ.ഇ.ആർ.സി) മാതൃകയിൽ ഇതിനുള്ള കരട് വിജ്ഞാപനം തയാറായി. ഗതാഗത കോർപറേഷനുകളുടെ ബസ് നിരക്ക് പരിഷ്കരിക്കുന്നതിനുള്ള ചുമതല ഈ കമ്മിറ്റിക്കായിരിക്കും.
പ്രവർത്തനച്ചെലവ് വർധിച്ചിട്ടും രാഷ്ട്രീയ പരിഗണന കാരണം നിരക്ക് വർധന വൈകുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദശകത്തിൽ ഡീസൽ വില ഏകദേശം ഇരട്ടിയായി. 2014ൽ ദൈനംദിന ചെലവ് ഏഴ് കോടി രൂപയായിരുന്നത് 2025 ആയപ്പോഴേക്കും 13 കോടി രൂപയായി വർധിച്ചു.
ഈ കാലയളവിൽ ജീവനക്കാരുടെ ചെലവ് പ്രതിദിനം ആറ് കോടിയിൽ നിന്ന് 12 കോടി രൂപയായി ഉയർന്നു. യാത്രക്കാർക്ക് ഭാരം ഉണ്ടാകാത്തവിധം ക്രമേണ നിരക്ക് വർധന വരുത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിരമിച്ച അഡീഷനൽ ചീഫ് സെക്രട്ടറിയോ കർണാടക ഹൈകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ ആയിരിക്കും കമ്മിറ്റി അധ്യക്ഷൻ. നിയമ- വിദ്യാഭ്യാസ- പശ്ചാത്തലമുള്ള വിരമിച്ച ചീഫ് സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി, ധനകാര്യം അല്ലെങ്കിൽ വ്യവസായ രംഗത്തുനിന്നുള്ള ഒരു വിദഗ്ധൻ എന്നിവരാകും സമിതിയിലെ രണ്ട് അംഗങ്ങൾ. കെ.എസ്.ആർ.ടി.സി എം.ഡിയായിരിക്കും മെംബർ സെക്രട്ടറി.
റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ സാമ്പത്തിക സ്ഥിതി പഠിച്ച് ആനുകാലിക നിരക്ക് പരിഷ്കരണം ശിപാർശ ചെയ്യലാണ് കമ്മിറ്റിയുടെ പ്രധാന ചുമതല.
കോർപറേഷനുകളുടെ സാമ്പത്തികവും പ്രവർത്തനപരവുമായ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വിവിധ സർചാർജുകളും ഫീസുകളും ചുമത്താൻ നിർദേശിക്കാനും സമിതിക്ക് അധികാരമുണ്ടാകും. എല്ലാ ഏപ്രിൽ ഒന്നിനുശേഷം നിയമസഭയുടെ ഇരുസഭകൾക്കും കമ്മിറ്റി ശിപാർശകളുടെ പകർപ്പും ഡിസംബർ 31നകം വാർഷിക റിപ്പോർട്ടും സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.