ഡോ.രാകേഷ് ഗുപ്ത
മംഗളൂരു: കർണാടകയിൽ എച്ച്ഐവിബാധിതരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടുതലെന്ന് റിപ്പോർട്ട്. ബംഗളൂരുവിൽ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ സംഘടിപ്പിച്ച 'സുരക്ഷ സങ്കൽപ് 'ശിൽപശാലയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീ. സെക്രട്ടറിയും നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ഡയറക്ടർ ജനറലുമായ ഡോ. രാകേഷ് ഗുപ്ത വെളിപ്പെടുത്തിയതാണിത്.
രാജ്യത്തുടനീളം ഉയർന്ന എച്ച്ഐവി ആഘാതവും അണുബാധ നിരക്കുമുള്ള 219 മുൻഗണനാ ജില്ലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അണുബാധയുടെ നിരക്ക്, വ്യാപനം, രോഗഭാരം, ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണിത്. കർണാടകയുടെ എച്ച്ഐവി സ്ഥിതിയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
സംസ്ഥാനത്തെ എച്ച്ഐവി വ്യാപനം 0.44ശതമാനമാണ് ഇത് ദേശീയ ശരാശരിയായ 0.2ശതമാനത്തേക്കാൾ കൂടുതലാണ്. സംസ്ഥാനത്ത് ഏകദേശം 2.91 ലക്ഷം എച്ച്ഐവി ബാധിതരുണ്ട്. പ്രതിവർഷം ഏകദേശം 4700 പുതിയ എച്ച്ഐവി കേസുകൾ കണ്ടെത്തുന്നു.
സംസ്ഥാനത്തെ 31 ജില്ലകളിൽ ഈ ദൗത്യം നടപ്പിലാക്കുന്നുണ്ടെങ്കിലും 27 ജില്ലകളെ ഉയർന്ന മുൻഗണനയുള്ള ജില്ലകളായി തിരിച്ചറിഞ്ഞ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാർവാർ, ഉഡുപ്പി, കൊപ്പൽ, മാണ്ഡ്യ എന്നിവ ആദ്യ ലക്ഷ്യം നേടിയപ്പോൾ റായ്ച്ചൂർ, ചാമരാജനഗർ ജില്ലകൾ രണ്ടാമത്തെ ലക്ഷ്യം നേടി.
ഗർഭസ്ഥ ശിശുക്കളിലേക്ക് അണുബാധ പടരുന്നത് തടയാൻ ജില്ല ആരോഗ്യ ഓഫീസർമാരുമായി സഹകരിച്ച് ജില്ലാ തലത്തിൽ ആവശ്യമായ മെഡിക്കൽ കിറ്റുകൾ ലഭ്യമാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. കർണാടകയിൽ അടിത്തട്ടിലെ സംഘടിത ശ്രമങ്ങളിലൂടെയും പ്രാദേശിക ഉദ്യോഗസ്ഥരുടെ സഹകരണത്തിലൂടെയും എച്ച്ഐവി മുക്ത ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഡോ. രാകേഷ് ഗുപ്ത ആത്മവിശ്വാസം പ്രകടിപ്പിച്ചു.
.ജില്ലാ കലക്ടർമാർ, അഡീ. ജില്ല കലക്ടർമാർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർക്ക് എച്ച്ഐവി നിയന്ത്രണ പരിപാടി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി നാക്കോ ടീം ലളിതമായ ഗൈഡ്ബുക്ക് മാനുവലുകൾ നൽകിയിട്ടുണ്ട്. കെഎസ്എപിഎസ് സംസ്ഥാന ഡയറക്ടർ പത്മ ബസവന്തപ്പ, വിവിധ ജില്ലകളിൽ നിന്നുള്ള ജില്ലാതല ഉദ്യോഗസ്ഥർ, തമിഴ്നാട്, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.