ബംഗളൂരു: മൈസൂരുവിൽ ഇഷ്ടിക ചൂളയിലെ അടിമപ്പണിയിൽ നിന്ന് 18 പേരെ മോചിപ്പിച്ചു. ടി. നരസിപുര താലൂക്കിലെ ബേവനഹള്ളി ഗ്രാമത്തിലെ ചൂളയിൽ ജോലി ചെയ്തിന്ന 18 തൊഴിലാളികളെയാണ് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ചേർന്ന് മോചിപ്പിച്ചത്.
സംഭവത്തില്‍ മൂന്ന് ഇഷ്ടിക ചൂള ഉടമകളെ അറസ്റ്റ് ചെയ്തു. യതിരാജ്, ഗിരീഷ്, മഹാദേവ് എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെടുത്തിയവരിൽ 16 പേർ സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവരും രണ്ട് പേർ തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിന്നുള്ളവരുമാണ്. ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയിലെ ഉദ്യോഗസ്ഥരും, തഹസിൽദാരും, തൊഴിൽ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പൊലീസ് പ്രതിനിധികളും രക്ഷാപ്രവർത്തനത്തില്‍ പങ്കുചേര്‍ന്നു. വികസന, മഡിലു എന്നീ സന്നദ്ധ സംഘടനകളാണ് സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
മൈസൂരിലെ ബന്നൂർ പോലീസ് സ്റ്റേഷനിൽ ബോണ്ടഡ് ലേബർ സിസ്റ്റം (അബോളിഷൻ) ആക്ട്, എസ്.സി/എസ്.ടി അതിക്രമങ്ങൾ തടയൽ ആക്ട്, ഭാരതീയ ന്യായ സംഹിതയിലെ 143 (വ്യക്തികളെ കടത്തൽ), 127, 74, 115 എന്നീ വകുപ്പുകൾ പ്രകാരം പ്രതികള്‍ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. രക്ഷപ്പെടുത്തിയവരെ ജില്ലാ ഭരണകൂടം ഒരുക്കിയ പ്രത്യേക താമസസ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചു. എട്ട് വർഷം മുമ്പ് തൊഴിലുടമയിൽ നിന്ന് 75,000 രൂപ അഡ്വാൻസ് വാങ്ങിയിരുന്ന കുടുംബം അന്നുമുതൽ ചൂളയിൽ ജോലി ചെയ്തു വരികയായിരുന്നു. ദമ്പതികളുശട ഒമ്പതും 13ഉം വയസ്സുള്ള കുട്ടികൾക്കും ചൂളയില്‍ ജോലി ചെയ്യേണ്ടി വന്നു. ഇളയ കുട്ടി സ്കൂളിൽ പോയിരുന്നെങ്കിലും സ്കൂൾ സമയത്തിന് മുമ്പും ശേഷവും ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി. കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് ആൺമക്കളെ ജോലിസ്ഥലത്ത് ഉപേക്ഷിച്ച് ഇഷ്ടിക ചൂളയിൽ നിന്ന് ദമ്പതികൾ രക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഉടമകളുടെ നിരന്തര ശാരീരിക ആക്രമണത്തെ തുടർന്ന് ദമ്പതികൾ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.
ഞായറാഴ്ച, ഉടമകൾ ഇവരെ കണ്ടെത്തി ബലമായി ചൂളയിലേക്ക് തിരികെ കൊണ്ടുവരികയും മുറിയിൽ അടച്ചുപൂട്ടുകയും ചെയ്തു. ദിവസവും രാവിലെ അഞ്ചു മുതൽ വൈകീട്ട് ആറു വരെയാണ് ജോലി സമയം. ചൂളയില്‍ ഇതുപോലെ നിരവധി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ആഴ്ചയിൽ 500 മുതൽ 1000 രൂപ വരെയാണ് വേതനം. തൊഴിലുടമ കിലോക്ക് 30 രൂപ നിരക്കിൽ അരി നൽകിയാല് ഈ തുക അവരുടെ ആഴ്ചയിലെ വേതനത്തിൽ നിന്ന് കുറക്കുകയും ചെയ്തിരുന്നു. കുടുംബത്തിലെ ഒരു പുരുഷ അംഗത്തിന് മാത്രമേ ഇടക്കിടെ പ്രദേശം വിട്ടുപോകാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
കുടുംബപരമായ പരിപാടികള്‍ക്ക് പോലും കുടുംബങ്ങൾക്ക് ഒരുമിച്ച് ജോലിസ്ഥലത്ത് നിന്ന് പുറത്തുപോകാനോ അവരുടെ വീടുകളും ബന്ധുക്കളും സന്ദർശിക്കാനോ അനുവാദമില്ലായിരുന്നു. തൊഴിലാളികള്‍ ജോലി ഉപേക്ഷിക്കാൻ അഭ്യർഥിക്കുകയോ ജോലിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്താല്‍ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ എല്ക്കേണ്ടിവന്നു. ഇത്തരത്തില്‍ ശാരീരിക പീഡനങ്ങൾക്ക് വിധേയരായ ചിലര്‍ നടക്കാൻ പോലും പ്രയാസപ്പെട്ടാണ് ഇവിടെ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.