കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബംഗളൂരു: പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി കർണാടകയിൽ ഗുട്കയുടെയും പുകയിലയോ നിക്കോട്ടിനോ അടങ്ങിയ പാൻ മസാലയുടെയും നിർമ്മാണം, സംഭരണം, വിതരണം, ഗതാഗതം, വിൽപ്പന എന്നിവക്ക് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കർണാടക ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഓഫീസ് പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാനത്തുടനീളം നിരോധനം ഏർപ്പെടുത്തിയത്. 2006 ലെ ഭക്ഷ്യസുരക്ഷാ-മാനദണ്ഡ നിയമവും 2011ലെ ഭക്ഷ്യസുരക്ഷാ-മാനദണ്ഡ (വിൽപ്പനയിലെ നിരോധനവും നിയന്ത്രണങ്ങളും) ചട്ടങ്ങളും പ്രകാരമാണ് നടപടി.

പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവക്കാണ് പ്രധാനമായും വിലക്ക് ബാധകമാകുന്നത്. ഉൽപ്പന്നത്തിന്റെ പേര് എന്തായാലും, പാക്ക് ചെയ്തതോ പാക്ക് ചെയ്യാത്തതോ ആയ രൂപത്തിൽ അന്തിമ ഉൽപ്പന്നത്തിൽ പുകയിലയോ നിക്കോട്ടിനോ അടങ്ങിയിട്ടുള്ള മറ്റ് ഉൽപ്പന്നങ്ങൾക്കും നിരോധനം ബാധകമാണ്.

ഉപഭോക്താവിന് പിന്നീട് കൂട്ടിച്ചേർത്ത് ഉപയോഗിക്കാനാകുന്ന തരത്തിൽ പ്രത്യേകം പാക്ക് ചെയ്തോ വിൽപ്പനക്കോ വിതരണത്തിനോ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾക്കും വിലക്കുണ്ട്. ഗുട്ക, പാൻ മസാല തുടങ്ങിയ ഉൽപ്പന്നങ്ങളെ വ്യത്യസ്ത പേരുകളിലോ രൂപങ്ങളിലോ വിപണനം ചെയ്താലും ഉത്തരവിന്റെ പരിധിയിൽ വരും.

ഭക്ഷ്യസുരക്ഷാ കമ്മിഷണർ പുറപ്പെടുവിച്ച വിജ്ഞാപനം പ്രാബല്യത്തിൽ വന്ന തീയതി മുതൽ ഒരു വർഷത്തേക്കാണ് നിരോധനം നിലവിലുണ്ടാകുക. പൊതുജനാരോഗ്യ താൽപര്യം മുൻനിർത്തിയാണ് നടപടിയെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ വ്യക്തമാക്കി.

Tags:    
News Summary - Karnataka Bans Gutka Pan Masala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.