ബംഗളൂരു: സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി), പി.യു ഉത്തരക്കടലാസുകളുടെ ഡിജിറ്റൽ മൂല്യനിർണയത്തിലേക്ക് മാറുന്നത് പരിഗണിക്കുമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെ.എസ്.ഇ.എ.ബി) അധികൃതര്‍ അറിയിച്ചു.
ബോർഡ് പരീക്ഷകളിൽ സംവിധാനം പരിഗണിക്കുന്നതിന് ചെറിയ പരീക്ഷകളിൽ സംവിധാനം പരീക്ഷിക്കാൻ ബോർഡ് പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നു. പദ്ധതിയുടെ ചെലവ്, സാങ്കേതികവിദ്യ, മറ്റ് പ്രശ്നങ്ങൾ എന്നിവ പരിശോധിച്ച ശേഷം സർക്കാറിന് നിർദേശം സമർപ്പിക്കുമെന്ന് കെ.എസ്.ഇ.എ.ബി ചെയർപേഴ്സൺ പ്രകാശ് ജി.ടി. നിട്ടാലി പറഞ്ഞു.
മൂല്യനിര്‍ണയ പ്രക്രിയ വേഗത്തിലാക്കാനും ഫലം നേരത്തെ പ്രഖ്യാപിക്കാനുമുള്ള ഒരു മാർഗമായി ഡിജിറ്റൽ മൂല്യനിർണയം പരിഗണിക്കാന്‍ സംസ്ഥാന സർക്കാർ കെ.എസ്.ഇ.എ.ബിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിർദേശം. ആദ്യ ഘട്ടത്തിൽ 5,000-ത്തിൽ താഴെ വിദ്യാര്‍ഥികളുള്ള പരീക്ഷകളിൽ ഡിജിറ്റൽ മൂല്യനിർണയം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പരിഗണിക്കും.
കർണാടക സ്റ്റേറ്റ് ഓപൺ സ്കൂൾ പരീക്ഷ, കമ്പ്യൂട്ടർ വിദ്യാഭ്യാസ പരീക്ഷ എന്നിവ ഇതിനായി പരിഗണിക്കും. വിജയിച്ചാല്‍ എസ്.എസ്.എൽ.സി, പി.യു ഉൾപ്പെടെയുള്ള പരീക്ഷകളിലേക്ക് വ്യാപിപ്പിപ്പിക്കുന്നത് പരിഗണിക്കുമെന്നും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ബോർഡ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.