സി. താന്യ നാഥന്, സുനിലീ, ഇ. സ്വാലി, എ.പി. സൈനബ, സീന സാറാ മജ്നു, ജി.എസ്. റോഷ്നി
തിരുവനന്തപുരം: സമൂഹത്തിന് മാതൃകയായ വനിതകള്‍ക്കുള്ള വനിതാ കമീഷന്റെ ‘സ്ത്രീശക്തി’ പുരസ്കാരം ആറു പേർക്ക്. കാഴ്ചപരിമിതിയുള്ള ആദ്യ ജഡ്ജിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന കണ്ണൂർ സ്വദേശി സി. താന്യനാഥന്, തെങ്ങ് കയറ്റത്തില്‍ മാസ്റ്റര്‍ ട്രെയിനറായി മാറി, അസാധ്യമെന്ന് കരുതിയിരുന്നവയെ സാധ്യമാക്കി കാണിച്ച തിരുവനന്തപുരം വർക്കല സ്വദേശി സുനിലീ, ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കയാക്കിങ് മത്സരങ്ങളില്‍ മെഡലുകള്‍ നേടിയ കണ്ണൂർ പഴയങ്ങാടി സ്വദേശി ഇ. സ്വാലിഹ, പവര്‍ലിഫ്റ്ററായി മാറിയ പോസ്റ്റ് വുമൺ കോഴിക്കോട് ഫറോക്ക് സ്വദേശി എ.പി. സൈനബ, ഇന്ത്യക്കകത്തും പുറത്തുമായി ഒറ്റക്ക് ട്രക്കിങ്ങും ക്ലൈമ്പിങ്ങും ചെയ്യുന്ന പര്‍വതാരോഹക പത്തനംതിട്ട തിരുവല്ല സ്വദേശി സീന സാറാ മജ്നു, ജനവാസ മേഖലയില്‍ കണ്ടെത്തിയ രാജവെമ്പാലയെ ആറു മിനിറ്റില്‍ പിടികൂടി പ്രശസ്തയായ വനംവകുപ്പ് ബീറ്റ് ഫോസ്റ്റ് ഓഫിസറും സ്നേക്ക് ക്യാച്ചറുമായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജി.എസ്. റോഷ്നി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
2026ലെ അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് ബുധനാഴ്ച തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ രാവിലെ 11ന് മന്ത്രി വീണാ ജോര്‍ജ് പുരസ്കാരം വിതരണം ചെയ്യുമെന്ന് കമീഷൻ അധ്യക്ഷ പി. സതീദേവി അറിയിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്കാരങ്ങൾ.
കൂടാതെ ജാഗ്രതാസമിതി പുരസ്കാരങ്ങളും ഇതിനൊപ്പം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ച ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ജാഗ്രതാസമിതികള്ക്കാണ് പുരസ്കാരങ്ങള്‍. ജാഗ്രതാസമിതി പുരസ്കാരത്തിന് കാസർകോട് ജില്ല പഞ്ചായത്ത് അര്‍ഹമായി.
മികച്ച മുനിസിപ്പാലിറ്റി വിഭാഗത്തില്‍ മട്ടന്നൂരും ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ തിരുവനന്തപുരം മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തും പുരസ്കാരം നേടി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും പുരസ്കാര ജേതാക്കള്‍ക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.