തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനമില്ലെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ പൊന്മുടിയിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.
ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ രാത്രികാല യാത്രകൾക്ക് ദുരന്ത നിവാരണ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഇതനുസരിച്ച്, വൈകീട്ട് ഏഴു മുതൽ പുലർച്ചെ ആറു വരെയാണ് മലയോര മേഖലകളിലൂടെയുള്ള യാത്രക്ക് നിയന്ത്രണമുള്ളത്. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രകൾ ഒഴിവാക്കുന്നത് അനിവാര്യമാണെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
നിയന്ത്രണം കർശനമായി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവി, ഇടുക്കി സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (ആർ.ടി.ഒ), ഇടുക്കി ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസിൽദാർമാർ എന്നിവർക്ക് നിർദേശം നൽകി. കാലാവസ്ഥാ മുന്നറിയിപ്പുകൾ തദ്ദേശീയരും വിനോദസഞ്ചാരികളും അതീവ ഗൗരവത്തോടെ കാണണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
അതേസമയം, സംസ്ഥാനത്ത് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീറ്റർ മുതൽ 204.4 മി.മീറ്റർ വരെ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ചയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.