ഐ. സമീലിനെ സൂഫി ഗായകൻ സമീർ ബിൻസി അനുസ്മരിക്കുന്നു
മരണാനുഭവം എന്ന അത്ഭുതത്തെ ഞങ്ങളിൽ ആദ്യം ആസ്വദിക്കാനുള്ള നിയോഗം സമീലിനായിരുന്നു. പത്ത്-പന്ത്രണ്ട് വയസ് മുതൽ തുടങ്ങിയ സൗഹൃദം. വായനയും ആത്മീയതയും കലാപ്രവർത്തനങ്ങളും നാടകവും നിരൂപണവും സിനിമയും സംഗീതവുമായി ഏതെല്ലാം സമയങ്ങളാണ് ഞങ്ങൾ നടന്ന് തീർത്തത്! ചരിത്രക്യാമ്പ്, തുള്ളൽ ക്യാമ്പ്, പരിസ്ഥിതി ക്യാമ്പ്, നാടക സിനിമ ക്യാമ്പുകൾ, എസ്.ഐ.ഒ, സെമിനാറുകൾ, ഖുർആൻ പഠന ഇരുത്തങ്ങൾ, യുക്തിവാദികളോടുള്ള സംവാദങ്ങൾ....വൈവിധ്യമാർന്ന നടത്തങ്ങളുടെ കാലം.
ആ കാലത്തും സമീപ കാലങ്ങളിലും, ഒരേ അളവിൽ ചിന്തിക്കുന്ന കൂട്ടുകാർ പിന്നെയും ഞങ്ങളിലേക്ക് വന്നുചേർന്നു. അങ്ങനെ പത്ത് പതിനഞ്ച് പേരുടെ സൗഹൃദക്കൂട്ടം. പഠനവും വായനയും സംവാദവും തമാശയും യാത്രയും ക്യാമ്പുകളും കലാപ്രവർത്തനങ്ങളും വൈജ്ഞാനിക ദാർശനിക അന്വേഷണങ്ങളുമായി അക്കാലം മുതൽ നടക്കുന്ന ഞങ്ങൾ നാട്ടിലുണ്ടെങ്കിൽ എന്നും ഒത്തുകൂടും.
എന്നും അവൈലബിൾ കമ്മിറ്റി! മലപ്പുറമാണ് കേന്ദ്രം. അന്വേഷണ-ആശയ ജീവിതവഴികളിൽ പലതായ നിറങ്ങളിൽ ഓരോരുത്തരും എത്തിപ്പെട്ടിട്ടും ഒരൊറ്റ നിറമായി അതങ്ങനെ പൂത്തുനിന്നു.
സമീൽ പത്രപ്രവർത്തനത്തിലും ചരിത്രാന്വേഷണങ്ങളിലും സിനിമാനിരൂപണങ്ങളിലും ചരിത്ര ഗവേഷണ പ്രസാധനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. മലബാർ സമര ചരിത്ര പഠനവും, കേരള സ്റ്റോറി സിനിമ നിരൂപണവും, ഒരുപാട് എക്സ് ക്ലൂസീവുകളും ആ തൂലികയിലൂടെ നാമറിഞ്ഞു.
ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തിൽ മരിച്ച ഏറ്റവും ചെറിയ കുട്ടിയുടെ പേര്, നേരത്തെ അറിയപ്പെട്ട കുട്ടിയേക്കാൾ താഴെയുള്ള, മലപ്പുറത്തുണ്ടായിരുന്ന ഒരു കുട്ടിയാണെന്ന് അവന്റെ ഗവേഷണത്തിലെ പ്രധാന വിഷയമായി. അധികാരത്തൊടിയിലെ മലബാർ പോരാളികളുടെ വിസ്മൃതിയിൽ മറഞ്ഞ ഖബറുകൾ കണ്ടെടുത്തു എന്നതും മലപ്പുറം ശുഹദ മസ്ജിദ്, മലപ്പുറം പട പോലുള്ള ചരിത്ര സന്ദർഭങ്ങളും സമീലിന്റെ പഠനങ്ങളിലെ സുപ്രധാന സംഗതികളാണ്. മലബാർ സമരത്തെ വിപ്ലവം എന്ന് തന്നെ പറയണം എന്ന് സമീലിന് നിർബന്ധമുണ്ടായിരുന്നു.
ആ രീതിയിൽ വിശേഷിപ്പിച്ച അക്കാലത്തെ ഇംഗ്ലീഷ്, ഫ്രഞ്ച് വിദേശ പത്രങ്ങൾ ശേഖരിക്കുകയും അതേക്കുറിച്ച് പഠിക്കുകയും ചെയ്തു. ഏത് പഠനവിഷയങ്ങളിലും നടപ്പുശീലങ്ങൾക്കും ചട്ടപ്പടിക്കും എതിര് നിൽക്കുന്ന ഒരു റിബൽ സമീലിലുണ്ടായിരുന്നു. അധ്യാപനം, ഖുർആൻ മനപാഠം ഇവയെല്ലാം സമീലിന്റെ വിഷയങ്ങൾ ആയിരുന്നല്ലോ.
ഇങ്ങനെ പല ആളുകളെയും വിവിധ ജോലികളിലേക്ക് വഴിതിരിച്ചുവിട്ടത് പല ശിഷ്യരും സ്നേഹത്തോടെ ഓർക്കാറുണ്ട്. ഞാൻ എത്തിനിൽക്കുന്ന ഈ ഇടത്തിന്റെ, അവസ്ഥയുടെ കാരണവഴികളിലൂടെ പോകുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നിന്റെ പേരാകുന്നു ഐ. സമീൽ. പ്രിയ സ്നേഹിതൻ, ഇവിടുത്തെ നിയോഗം പൂർത്തിയാക്കിയിരിക്കുന്നു.
ആ പരിപൂർത്തി ഞങ്ങൾ അറിയുന്നത് പൊടുന്നനെയായതിനാൽ ഞങ്ങൾക്ക്, അത് താങ്ങാനാവാത്ത ദുഃഖമുണ്ടാകുന്നു. എന്നാൽ, പ്രണയപ്പൊരുളായ റബ്ബാകട്ടെ, നിന്നെ ശരീരത്തിൽ നിന്ന് തിരിച്ച് വിളിക്കുകയും നീ അവനിൽ തുടരുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.