പിണറായി വിജയൻ നനഞ്ഞ കോഴിയാണെന്നും കെ.എൻ. ബാലഗോപാലന് മിണ്ടാട്ടമില്ലെന്നും ജി. സുധാകരൻ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിലെ നനഞ്ഞ കോഴിയാണെന്നും വെള്ളത്തിൽ വീണ് നനഞ്ഞ അവസ്ഥയാണ് നിലവിൽ അദ്ദേഹത്തിന്റേതെന്നും പരിഹസിച്ച് ജി. സുധാകരൻ. അമ്പലപ്പുഴയിലെ എം.എൽ.എ ഓഫിസ് ഉദ്ഘാടനത്തിൽ സംസാരിക്കുന്നതിനിടെയാണ് ജി. സുധാകരന്റെ പരാമർശം.

കെ.എൻ. ബാലഗോപാലന് ഇപ്പോൾ നിയമസഭയിൽ മിണ്ടാട്ടമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പറയാൻ ഒരു സി.പി.എം നേതാവിനും കഴിയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. 'സഭയിലെ സി.പി.എം നേതാക്കളുടെ പ്രകടനം എല്ലാവരും കാണുന്നുണ്ടാകും. വെള്ളത്തിൽ വീണ് നനഞ്ഞ കോഴിയുടെ അവസ്ഥയാണ് പിണറായി വിജയന്റേത്. കെ.എൻ. ബാലഗോപാലനെ ഇങ്ങനെയാരെങ്കിലും മുമ്പ് നിയമസഭയിൽ കണ്ടിട്ടുണ്ടോ? സഭയിൽ അദ്ദേഹത്തിന് മിണ്ടാട്ടമില്ല. വി.ഡി. സതീശനെതിരെ സംസാരിക്കാൻ ഒരൊറ്റ സി.പി.എം എം.എൽ.എമാർക്കും സാധിക്കുന്നില്ല. എഴുന്നേറ്റുനിന്ന് പറയാൻ ആരെങ്കിലും വേണ്ടേ? തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിലെ കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനങ്ങളിൽ വല്ലാത്ത സങ്കടം തോന്നി. ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ലെന്ന് ഇനിയെങ്കിലും സഖാക്കൾ നിങ്ങൾ മനസ്സിലാക്കണം. അതുപോലെ, വലത്തോട്ട് മുണ്ടുടുത്തെന്ന് കരുതി വലതുപക്ഷവുമാകില്ല. സി.പി.എമ്മിൽ അംഗീകാരമുള്ള യുവജന നേതാവില്ല. ഊന്നുവടിയിൽ നടക്കുന്ന പാർട്ടിയാണ് സി.പി.എം. എന്നിട്ടും കോൺഗ്രസ് ചെളിക്കുണ്ടിലാണെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് കഴിഞ്ഞാൽ പിന്നെ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടി ലീഗാണ്. സമൂഹത്തിൽ സി.പി.എമ്മിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്തൊന്നും ഇവർ നന്നാകാൻ പോകുന്നില്ലെന്നും സുധാകരൻ വിമർശനമുന്നയിച്ചു.

നിയമസഭയിൽ സിൽവർ ലൈൻ പദ്ധതിയുടെ മഞ്ഞക്കുറ്റിയെ ജി. സുധാകരൻ മുമ്പ് വിമർശിച്ചിരുന്നു. ആലോചിക്കാതെ കാണിച്ച വേണ്ടാതീനമായിരുന്നു മഞ്ഞക്കുറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ജി. സുധാകരന്റെ വിമർശനം. ഒരടി മുന്നോട്ട് വച്ചാൽ രണ്ടടി പിന്നോട്ടുവെക്കണമെന്ന ലെനിന്റെ അടവ് നയം സി.പി.എം മനസ്സിലാക്കിയിരുന്നെങ്കിൽ ആ മഞ്ഞക്കുറ്റി ഊരുമായിരുന്നു. സജി ചെറിയാന്റെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞക്കുറ്റിയിട്ടു. തിരിച്ചടി അന്നേ ഓർമിപ്പിച്ചിരുന്നെവെന്നും ജി. സുധാകരൻ പറഞ്ഞു.

സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും ജനങ്ങൾ അറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ സമൂഹത്തിൽ നല്ല അഭിപ്രായമുണ്ട്. സുസ്മേരവദനനായ മുഖ്യമന്ത്രിയെപ്പറ്റി തികഞ്ഞ ബഹുമാനവും സ്നേഹവുമാണുള്ളത്. മഞ്ഞക്കുറ്റി മാറ്റിയുള്ള തുടക്കം കേരളത്തിന്റെ ചരിത്രമാണ്. തോട്ടപ്പള്ളിയിലെ കരിമണൽ കൊള്ള സംബന്ധിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Tags:    
News Summary - G. Sudhakaran says Pinarayi Vijayan is a wet chicken and K.N. Balagopalan is speechless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.