വടകര: എസ്.ഐ.ടി അന്വേഷണം ഏറ്റെടുത്ത കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകി. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ്, മനീഷ്, അതുൽ തുടങ്ങിയവർക്കാണ് തിങ്കളാഴ്ച ഹാജരാവാൻ എസ്.ഐ.ടി നോട്ടീസ് നൽകിയത്. ഇടത് സർക്കാറിന്റെ കാലത്ത് സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയവരാണ് ഈ മൂന്ന് പേരും.
വടകര സ്ക്വാഡ് എന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത്. റിബേഷ് രാമകൃഷ്ണന് പോസ്റ്റ് ലഭിച്ചത് ഈ ഗ്രൂപ്പിൽനിന്നാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. േബ്ലാക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കരൻ വഴിയാണ് വടകര സ്ക്വാഡ് ഗ്രൂപ്പിൽ പോസ്റ്റ് എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നേരത്തെ, അന്വേഷണം റിബേഷിൽ എത്തി നിലക്കുകയായിരുന്നു. ശാസ്ത്രീയാന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണം മരവിപ്പിച്ചത്.
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിൻമാരെ മുഴുവൻ അന്വേഷണ സംഘം ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം എസ്.ഐ.ടി ചോദ്യംചെയ്ത് വിട്ടയച്ച ജിതിൻ ഭാസ്കറിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ വിവരങ്ങൾ പൂർണമായി ലഭിക്കുന്നതോടെ കേസിന്റെ ചുരുളഴിക്കാൻ കഴിയുമെന്നാണ് എസ്.ഐ.ടി കരുതുന്നത്.
ജില്ല കമ്മിറ്റി അംഗമായ റിബേഷിനെ ചോദ്യംചെയ്യാനുള്ള നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്തുവന്നിട്ടുണ്ട്. ഇന്നലെ നടന്ന ഡി.വൈ.എഫ്.ഐ വടകര േബ്ലാക്ക് സമ്മേളനം പ്രമേയത്തിലൂടെ റിബേഷിനെതിരെയുള്ള അന്വേഷണത്തെ വിമർശിച്ചു. റിബേഷിനെ ലക്ഷ്യമിട്ട് വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളും ഒരുവിഭാഗം മാധ്യമങ്ങളും ചേർന്ന് ആസൂത്രിതമായ സൈബർ ആക്രമണങ്ങളും വ്യക്തിഹത്യയും നടത്തുകയാണെന്നാണ് ഡി.വൈ.എഫ്.ഐ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.