തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ നടപടികൾക്ക് മുന്നിൽ യു.ഡി.എഫ് സർക്കാർ കീഴടങ്ങിയെന്ന് സി.പി.എം വിമർശനം. യു.ഡി.എഫ് സർക്കാർ ഭരണത്തിലേറി ദിവസങ്ങൾക്കുള്ളിൽ കൊച്ചി സർവകലാശാലയിൽ ബി.ജെ.പി അധ്യാപക സംഘടനാ നേതാവായ ഡി. മാവൂതിനെ എം.ജി സർവകലാശാല വൈസ് ചാൻസലറാക്കിയപ്പോൾ സർക്കാർ നിസ്സംഗത പാലിച്ചു. സർക്കാരിന് പട്ടിക നൽകാൻ സാവകാശമുണ്ടായില്ലെന്നും ചാൻസലറായ ഗവർണർ സ്വന്തം അധികാരം വിനിയോഗിച്ചാണ് നിയമനം നടത്തിയെന്നുമാണ് മന്ത്രി റോജി എം. ജോണിന്റെ വാദം. കാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആർ.എസ്.എസ് പശ്ചാത്തലമുള്ളയാളെ വി.സിയായി നിയമിച്ചതെന്നും സി.പി.എം വിമർശനമുന്നയിച്ചു.
ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി റോജി എം. ജോൺ ആവർത്തിക്കുന്നത് യു.ഡി.എഫ്-ബി.ജെ.പി ഡീലിന്റെ തെളിവാണെന്നും പ്രതിപക്ഷത്തായിരുന്നപ്പോൾ വലിയ രീതിയിൽ പ്രതികരിച്ച യു.ഡി.എഫ് ഇപ്പോൾ തുടരുന്ന മൗനം ദുരൂഹമാണെന്നും സി.പി.എം ആരോപിച്ചു. സർവകലാശാല നിയമനങ്ങളിൽ വൻ തോതിലുള്ള യു.ഡി.എഫ്-ബി.ജെ.പി ഡീലാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സി.പി.എം വിമർശിച്ചു.
എം.ജി സർവകലാശാല സെനറ്റിൽ എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് ആർ.എസ്.എസ്-ബി.ജെ.പി പ്രതിനിധികളെ കുത്തിനിറച്ചത്. മുഖ്യമന്ത്രി വി.ഡി സതീശനോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയാറായില്ല. 30 അംഗ സെനറ്റിൽ ബി.ജെ.പി ദേശീയ സമിതി അംഗം ജെ. പ്രമീളാദേവി ഉൾപ്പെടെ 19 സംഘ്പരിവാർ പ്രതിനിധികളെയാണ് ഗവർണർ നിയമിച്ചത്. മറ്റു യു.ഡി.എഫ് കക്ഷികളും ഭരണകക്ഷി സംഘടനകളും ഇപ്പോഴും വിഷയത്തിൽ മൗനത്തിലാണ്.
അക്കാദമിക് മേഖല, കല, സാംസ്കാരികം, വാണിജ്യം, കായികം എന്നീ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരെയാണ് സെനറ്റിലേക്ക് നിർദേശിക്കാറുള്ളത്. എന്നാൽ, വിവിധ മേഖലകളിലെ വിദഗ്ധരെ അവഗണിച്ച് ആർ.എസ്.എസ് പ്രവർത്തകരെയാണ് ഗവർണർ നിയമിച്ചത്. വിദ്യാർഥി പ്രതിനിധികളെ നിശ്ചയിക്കുമ്പോൾ റാങ്ക് ജേതാക്കളെ പരിഗണിക്കുന്ന മെറിറ്റ് രീതിയും അട്ടിമറിക്കപ്പെട്ടുവെന്ന് സി.പി.എം വിമർശിച്ചു.
സീനിയർ പ്രൊഫസർമാരുടെ പട്ടിക സർക്കാരിൽനിന്ന് വാങ്ങി അതിൽനിന്നാണ് താൽക്കാലിക വി.സിമാരെ ഗവർണർ നിയമിക്കാറുള്ളതെങ്കിൽ, ഇത്തവണ സർക്കാർ പാനൽ നൽകിയില്ലെന്നത് വീഴ്ചയുടെ ആഴം കൂട്ടുന്നു. പുതിയ വി.സിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാനുള്ള പ്രത്യേക സെനറ്റ് യോഗം മാറ്റിവെച്ചതിലും ദുരൂഹതയുണ്ട്. ഗവർണറും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യോഗം മാറ്റിയത്. ലോക്ഭവൻ കേന്ദ്രീകരിച്ച് നടന്നുവരുന്ന സംഘ്പരിവാർ സമ്മർദങ്ങൾക്ക് യു.ഡി.എഫ് നേതൃത്വം വഴങ്ങിയെന്നും സി.പി.എം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.