സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: ഒരിക്കൽ കൂടി ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. എങ്കിൽ മാത്രമെ ബി.ജെ.പിക്ക് കേരളം ഭരിക്കാൻ കഴിയു. സമരങ്ങളാണ് സി.പി.എമ്മിന്റെ കരുത്ത്. തുടര്‍ച്ചയായി ഭരണം ലഭിക്കുന്നതിലൂടെ ആ കരുത്ത് ഇല്ലാതാകും.
കോണ്‍ഗ്രസിനെപ്പോഴും കരുത്താകുന്നത് അധികാരമാണ്. ഒരുവട്ടം കൂടി പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസ് താനെ ദുര്‍ബലമാകും. തുടര്‍ഭരണത്തിലൂടെ സി.പി.എമ്മും പ്രതിപക്ഷത്തിരുന്ന് കോണ്‍ഗ്രസും ദുര്‍ബലമാവുമ്പോള്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നും സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ സംസ്ഥനത്തെ ഹിന്ദുക്കളിൽ പലരും വോട്ടുചെയ്തിട്ടില്ല. അതിന്റെ തെളിവാണ്, തെരഞ്ഞെടുപ്പ് ദിനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവരുടെ എണ്ണം. മൂന്ന് ലക്ഷം പേരാണെത്തിയത്. ഈ എണ്ണം നോക്കിയാൽ മാത്രം മതി തെരഞ്ഞെടുപ്പിന് എങ്ങനെ സമീപിച്ചുവെന്ന് വ്യക്തമാകും. എന്നാൽ, സംസ്ഥാനത്തെ മുസ്ലിം വിഭാഗം ഭൂരിപക്ഷവും വോട്ടു ചെയ്തു. ഇക്കാര്യത്തില്‍ മുസ്ലിം വിഭാഗത്തെ കണ്ടു പഠിക്കണമെന്നും സ്വാമി ചിദാനന്ദപുരി കൂട്ടിച്ചേർത്തു.
രാഷ്ട്രീയഭേദമെനന്യേ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ഒറ്റക്കെട്ടായി നിന്ന തെരഞ്ഞെടുപ്പാണിത്. മുസ്ലിം പണ്ഡിതര്‍ ഒറ്റക്കെട്ടായി നിൽക്കാൻ ആഹ്വാനം നടത്തി. ക്രൈസ്തവ പുരോഹിതര്‍ സ്ഥാനാര്‍ത്ഥികളുടെ പേരെടുത്ത് ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിര്‍ദ്ദേശപ്രകാരമാണെന്ന് സ്വാമി ചിദാനന്ദപുരി ആരോപിച്ചു.
നന്ദഗോവിന്ദം ഭജൻസ് ക്രൈസ്തവ ഭക്തിഗാനം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തിലും ചിദാനന്ദപുരി പ്രതികരിച്ചു. ഗാനമേളയില്‍ ഏതു മതത്തിന്റെ പാട്ടും പാടാം. എന്നാൽ, ഭജനയാണെങ്കില്‍ ക്ഷേത്രവും ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട പാട്ടുകളാണ് വേണ്ടത്. ഭജനയില്‍ മതേതരഭാവം വേഷം കെട്ടാൻ ഇതര മതങ്ങളുടെ പാട്ടുകള്‍ പാടേണ്ടതില്ല. എല്ലാം അംഗീകരിക്കാന്‍ ഒരു സമൂഹം മാത്രമെന്നത് വികലമായ കാഴ്ചപ്പാടാണെന്ന് ചിദാനന്ദ പുരി പറഞ്ഞു.
ക്രൈസ്തവ ദേവാലയങ്ങളിലോ മുസ്ലിം പള്ളിയിലോ പോയി രാമന്റെയോ ഭദ്രകാളിയുടെയോ പാട്ടു പാടിയാല്‍ സ്വീകരിക്കപ്പെടുമോ? പുരോഹിതര്‍ അംഗീകരിച്ചാലും ഭക്തര്‍ സ്വീകരിക്കില്ല. നന്ദഗോവിന്ദം ഭജന നടന്ന ഗ്രാമത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഹൈന്ദവ പാട്ടുപാടിയാല്‍ ക്ഷേത്രത്തില്‍ ക്രൈസ്തവ ഭക്തിഗാനം പാടുന്നതില്‍ കുഴപ്പമില്ല. അങ്ങോട്ടുമിങ്ങോട്ടും ഒരുപോലെ വേണം. ഭജന വിമര്‍ശനത്തില്‍ യേശുദാസിന്റെ കാര്യം പറയുന്നതില്‍ യുക്തിയില്ലെന്നും സ്വാമി കൂട്ടിച്ചേർത്തു.
ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ഗാനം യേശുദാസിന്റേതല്ല. യേശുദാസ് പ്രതിഫലം വാങ്ങി പാടിയ ആള്‍ മാത്രം. പാട്ടെഴുതിയത് വയലാറും സംഗീതം നിര്‍വഹിച്ചത് ദേവരാജനുമാണ്. പാട്ട് അവരുടേതാണ്. ആയിരം കാതം അകലെയാണ് എന്ന പാട്ടുപാടിയതിനാല്‍ യേശുദാസിനെ മക്കയില്‍ കയറ്റുമോയെന്നും ചിദാനന്ദപുരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.