തിരുവനന്തപുരം: ആഗോള വിപണിയിൽ തിളങ്ങാൻ വഴി തേടുന്ന ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങിന് കേരള ബ്രാൻഡ് പദ്ധതിയുടെ ഉപാധികൾ സംസ്ഥാന സർക്കാർ കൂടുതൽ ലളിതമാക്കി. നിബന്ധനകൾ പരിഷ്കരിച്ച് വ്യവസായ വകുപ്പ് പുതിയ ഉത്തരവിറക്കി. വെളിച്ചെണ്ണ, തേയില, കാപ്പി, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, ചെരുപ്പ്, പി.വി.സി പൈപ്പ്, സർജിക്കൽ റബർ ഗ്ലൗസ്, കാലിത്തീറ്റ എന്നീ ഉൽപന്നങ്ങൾക്കാണ് നിബന്ധനകളിൽ പ്രധാന ഇളവുകൾ. കേരളത്തിലും പുറത്തുമായി ഉൽപാദന യൂനിറ്റുകളുള്ള കമ്പനികൾക്കും കേരള ബ്രാൻഡ് ലഭിക്കും. എന്നാൽ അവ കേരളത്തിലെ പ്ലാന്റിൽ നിർമിക്കുന്ന ഉൽപന്നങ്ങളായിരിക്കണം.
അപേക്ഷയും അനുമതിയും
താലൂക്ക് തലത്തിൽ: ഒന്നിലധികം പ്ലാന്റുകളുണ്ടെങ്കിൽ, ഉദ്യം (UDYAM) രജിസ്ട്രേഷൻ അടിസ്ഥാനമാക്കി ഓരോ യൂനിറ്റിനും വെവ്വേറെ അപേക്ഷ സമർപ്പിക്കാം. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫിസറുടെ പരിശോധനക്കുശേഷം താലൂക്ക് ലെവൽ കമ്മിറ്റിയാണ് അന്തിമ അനുമതി നൽകുക. അനുമതി ലഭിക്കുന്ന ഉൽപന്നങ്ങൾക്ക് രണ്ടു വർഷത്തേക്ക് ബ്രാൻഡ് മുദ്രണം ഉപയോഗിക്കാം.
കാലാവധി പൂർത്തിയാകുന്നതിന് ഒരു മാസം മുമ്പ് വീണ്ടും പുതുക്കലിന് അപേക്ഷിക്കാം. തേയില, കാപ്പി യൂനിറ്റുകളിൽ കുറഞ്ഞത് 25 ശതമാനവും മറ്റു യൂനിറ്റുകളിൽ 10 ശതമാനവും സ്ത്രീ, ട്രാൻസ്ജെൻഡർ, ഭിന്നശേഷി വിഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.