കണ്ണൂർ: പൊലീസിനെ വെട്ടിച്ച് 25 വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ. 2001ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി.എച്ച്. അഷ്റഫിനെയാണ് (58) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കൊലപാതകത്തിനുശേഷം നാടും വീടുമായി ബന്ധം പുലർത്താതിരുന്ന പ്രതി വിവിധ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞത്. ആദ്യത്തെ 10 വർഷം പേരുവിവരങ്ങൾ മാറ്റി മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്തു. 15 വർഷമായി പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ, നിടുമുണ്ട എന്നീ സ്ഥലങ്ങളിൽ തട്ടുകട നടത്തി കഴിയുകയായിരുന്നു. ഇവിടങ്ങളിൽ പുതിയ കുടുംബത്തോടൊപ്പം പേര് മാറ്റാതെ പുതിയ വിലാസത്തിൽ താമസിക്കുകയായിരുന്നു. വേഷത്തിലും രൂപത്തിലും മാറ്റം വന്നതോടെ പൊലീസിന് പ്രതിയെ തിരിച്ചറിയാനും കഴിഞ്ഞില്ല.
സിറ്റി പൊലീസ് കമീഷണർ ബി.വി. വിജയ ഭരത് റെഢിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സംഘം അന്വേഷണം ശക്തമാക്കിയതോടെയാണ് പിടിയിലാകുന്നത്. മുംബൈ, ചെന്നൈ, ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലെത്തി പ്രതിയുടെയും അടുപ്പമുള്ളയാളുകളുടെയും വിവരങ്ങൾ ശേഖരിച്ചു. ഇങ്ങനെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി പയ്യന്നൂർ ഭാഗത്തുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ഒരാഴ്ചയായി പയ്യന്നൂരിലെയും പരിസരങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ ബുധനാഴ്ച പുലർച്ച കുറുമാത്തൂർ നിടുമുണ്ട എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.