തിരുവനന്തപുരം: സംസ്ഥാനത്ത് ഭവന സെൻസസുമായി ബന്ധപ്പെട്ട് ഒരുമാസം നീണ്ട വിവരശേഖരണം വ്യാഴാഴ്ച സമാപിക്കും. സംസ്ഥാനത്തെ ആകെ കെട്ടിടങ്ങളെ 150-200 വീതമുള്ള ബ്ലോക്കുകളായി തിരിച്ച്, അധ്യാപകരടക്കം 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചായിരുന്നു എന്യൂമറേഷൻ.
കേരളത്തിൽ ആകെ 59,300 സെൻസസ് ബ്ലോക്കുകളാണുണ്ടായിരുന്നത്. എന്യൂമറേറ്റർമാർ നേരിട്ട് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് മുന്നോടിയായി 15 ദിവസം ഓൺലൈനായി വീട്ടുടമകൾക്ക് വിവരങ്ങൾ സമർപ്പിക്കാൻ സൗകര്യമൊരുക്കിയെങ്കിലും വേണ്ടത്ര പങ്കാളിത്തമുണ്ടായില്ല. ഇത് എന്യൂമറേറ്റർമാരുടെ ജോലി കൂട്ടി.
അതേസമയം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വീടുകളിലെത്തി സമഗ്ര വിവരശേഖരണം പൂർത്തീകരിക്കാനാവുന്നതിന്റെ ആശ്വാസത്തിലാണ് സെൻസസ് ഡയറക്ടറേറ്റ്. ബുധനാഴ്ച വൈകീട്ട് മൂന്നുവരെയുള്ള കണക്ക് പ്രകാരം 99.9 ശതമാനമാണ് എന്യൂമറേഷൻ നില. അവസാന ദിവസമായ വ്യാഴാഴ്ചയോടെ 100 ശതമാനം ലക്ഷ്യം കൈവരിക്കുമെന്നാണ് ഡയറക്ടറേറ്റിന്റെ പ്രതീക്ഷ.
രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ്. ജനസംഖ്യ കണക്കെടുപ്പിനൊപ്പം ജാതി സെൻസസും നടക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.
സെൻസസ് ഡ്യൂട്ടിക്കിടെ എന്യൂമറേറ്റർമാർക്ക് നായുടെ കടിയേറ്റതും വീണ് പരിക്കേറ്റതുമടക്കം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം എന്യൂമറേറ്റർമാരെ മാറ്റി റിസർവ് പൂളിൽനിന്ന് പകരക്കാരെ നിയോഗിച്ചാണ് വിവരശേഖരണം പൂർത്തിയാക്കിയത്. അടഞ്ഞുകിടന്ന വീടുകളിൽ പലവട്ടം എന്യൂമറേറ്റർമാർ പോയിരുന്നു.
ഫോണിൽ ബന്ധപ്പെട്ടും വിവരശേഖരണത്തിന് ശ്രമിച്ചിരുന്നു. അതിനും കഴിയാത്തതാണ് ‘അടഞ്ഞുകിടക്കുന്നവയായി’ രേഖപ്പെടുത്തിയത്. സെൻസസ് പ്രക്രിയക്കിടെ ഉദ്യോഗസ്ഥരെ മാറ്റാൻ പാടില്ലെന്നാണ് ചട്ടമെങ്കിലും ഇക്കാലയളവിൽ സെൻസസ് പ്രക്രിയയിൽ സുപ്രധാന ചുമതല വഹിക്കുന്ന തഹസിൽദാർമാരെയടക്കം സ്ഥലം മാറ്റിയത് ചിലയിടങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചു. അധ്യാപകരുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് അക്കാര്യത്തിലും വ്യക്തത വരുത്തിയിരുന്നു. 34 ചോദ്യങ്ങളിലായിരുന്നു വിവരശേഖരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.