കസ്റ്റഡി മർദന ആരോപണം; കുണ്ടറ സി.പി.ഒ എസ്. ശ്രീജിത്തിന് സസ്പെൻഷൻ

കൊല്ലം: കുണ്ടറയിൽ യുവാവ് കസ്റ്റഡി മർദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ സി.പി.ഒ എസ് ശ്രീജിത്തിന് സസ്പെൻഡ് ചെയ്തു. യുവാവിനെ മർദിച്ചെന്ന ആരോപണം നിലനിൽക്കെ അന്വേഷണ വിധേയമായാണ് റൂറൽ എസ്പി സി.പി.ഒയെ സസ്പെൻഡ് ചെയ്തത്. യുവാവിനെ കസ്റ്റഡിൽ എടുത്തപ്പോൾ നടപടി ക്രമങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വ്യാപക വീഴ്ച സംഭവിച്ചെന്നും ഉത്തരവിൽ പറയുന്നു. സിയാദിനെ പൊലീസ് ജീപ്പിൽവെച്ച് ശ്രീജിത്ത് മർദിച്ചതിനെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്നാണെന്ന ആരോപണം ശക്തമായിരുന്നു. അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളും മൊഴികളും പരിശോധിച്ചു വരികയാണ്.

ജൂൺ 16നാണ് അയൽവാസിയായ വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയിൽ സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ജൂലൈ 17ന് സിയാദിനെ പൊലീസ് വിട്ടയച്ചിരുന്നു. എന്നാൽ, സിയാദിന് ബന്ധമില്ലാത്ത കേസിലാണ് വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് പിന്നീട് വ്യക്തമായി. നട്ടെല്ലിനേറ്റ ക്ഷതം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 25നായിരുന്നു സിയാദ് മരിച്ചത്. നട്ടെല്ലിനേറ്റ പരിക്ക് കസ്റ്റഡിയിൽ എടുത്തപ്പോൾ പൊലീസ് മർദിച്ചതാണെന്ന് സിയാദ് മകളോട് പറഞ്ഞിരുന്നുവെന്ന് മൊഴിയുണ്ട്. പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സിയാദിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു. സിയാദ് മരിച്ചത് ഹെപ്പറ്റൈറ്റിസ് സി മൂലമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നും കണ്ടെത്തിയിരുന്നു.

അതിനിടെ, കസ്റ്റഡിയിൽനിന്ന് വിട്ട ശേഷം സിയാദിനെ മറ്റൊരാൾ മർദിച്ചിട്ടുണ്ടെന്ന് ബന്ധുവും മൊഴി നൽകിയിരുന്നു. സിയാദിനെ വാഹനത്തിൽ വെച്ച് സിപിഒ അടിച്ചെന്ന് പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡി മർദനത്തെ തുടർന്നുണ്ടായ പരിക്കും അണുബാധയുമാണ് യുവാവിന്റെ ജീവനെടുത്തതെന്നാണ് കുടുംബം ശക്തമായി ആരോപിക്കുന്നത്.

Tags:    
News Summary - Allegations of custodial torture; Kundara CPO S Sreejith suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.