എ.ഡി.ജി.പി എസ്. ശ്രീജിത്ത്
തിരുവനന്തപുരം: സസ്പെൻഷനിൽ കഴിയുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ഒഴിവാക്കി ജയിൽ മേധാവിയും എ.ഡി.ജി.പിയുമായ എസ്. ശ്രീജിത്തിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി നിയമിക്കണമെന്ന് ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കാറിന് ശിപാർശ നൽകി. ഡി.ജി.പിയായി സ്ഥാനക്കയറ്റത്തിന് പരിഗണിക്കേണ്ടിയിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ആലപ്പുഴ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് നടപടി. തീരുമാനമെടുക്കുന്നതിന് ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടു. ഡി.ജി.പി സ്ഥാനം പ്രതീക്ഷിച്ചിരുന്ന എം.ആർ. അജിത് കുമാറിന് വൻ തിരിച്ചടിയാണ് സർക്കാർ നടപടി.
1995 ബാച്ചുകാരനായ എം.ആർ. അജിത് കുമാറിനാണ് അടുത്ത ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാൻ അർഹത. പക്ഷെ ഗുരുതരമായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി അജിത് കുമാറിനെതിരെ എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം തടയരുതെന്നും ചൂണ്ടിക്കാട്ടി അജിത്കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും പരാതി ട്രൈബ്യൂണൽ തള്ളിയതും തിരിച്ചടിയായി.
ഒഴിവ് വരുന്ന മുറക്ക് 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡി.ജി.പി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഡിസംബറിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. ഈ മാസം 30ന് ഫയർഫോഴ്സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുമ്പോഴുള്ള ഒഴിവിലാണ് ഡി.ജി.പി സ്ഥാനക്കയറ്റം നൽകി നിയമനം നൽകേണ്ടത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന ശ്രീജിത്തിനെ ഈ സർക്കാറാണ് ജയിൽ മേധാവിയായി നിയമിച്ചത്.
തുടർന്ന് പൊലീസ് ആസ്ഥാനത്തെ ചുമതല ഐ.ജി. ഹർഷിത അട്ടല്ലൂരിക്കാണ് നൽകിയത്. മാസങ്ങൾക്കുള്ളിൽ ഹർഷിതക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കും. ഡി.ജി.പി സ്ഥാനക്കയറ്റം സംബന്ധിച്ച കാര്യങ്ങളിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അതിന് നടപടിക്രമങ്ങളുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.