രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കാറില്ല, മോദിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ കണ്ടു, ‘ഇൻഡ്യ’ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് പകരം ബി.ജെ.പിയെ സഹായിക്കുന്നു -പിണറായി
കോഴിക്കോട്: കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും രാഷ്ട്രീയ സമീപനങ്ങൾ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ മുന്നണിയെ ദുർബലപ്പെടുത്തുകയാണെന്നും അത് ബി.ജെ.പിയെ സഹായിക്കുന്ന നിലയിലേക്കാണ് ചെന്നെത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാഹുൽ ഗാന്ധിയുമായി നേരിട്ട് കണ്ടാൽ കെട്ടിപ്പിടിക്കൽ സാധാരണയായി ഇല്ല. കൈകൊടുക്കുന്നതോ വണങ്ങുന്നതാണ് പതിവ്. എന്നാൽ, രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന ഒരു ചിത്രം കാണാനിടയായി.
മോദിയെ കെട്ടിപ്പിടിക്കുന്നതിൽ എനിക്ക് വ്യക്തിപരമായി യാതൊരു ആക്ഷേപവുമില്ല. എന്നാൽ, ഇത് മറ്റൊരു തരത്തിലുള്ള രാഷ്ട്രീയ ചിത്രീകരണമാണ് നൽകുന്നത്. രാഹുൽ ഗാന്ധി ‘ഇൻഡ്യ’ വേദിയെ എങ്ങനെയാണ് വീക്ഷിക്കുന്നത് എന്നതിന്റെ തെളിവാണിത്’ പിണറായി വിജയൻ വ്യക്തമാക്കി.
‘ഇൻഡ്യ’ മുന്നണി ഇന്ന് എത്തിച്ചേർന്നിരിക്കുന്ന പ്രത്യേക സ്ഥിതിവിശേഷത്തിന് കാരണം കോൺഗ്രസിന്റെ നിലപാടുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്നണി യോഗങ്ങളിൽ ഇടതുപക്ഷ പാർട്ടികൾ മാത്രമല്ല, അഖിലേഷ് യാദവ് (എസ്.പി), തേജസ്വി യാദവ് (ആർ.ജെ.ഡി) തുടങ്ങിയ രാജ്യത്തെ പ്രമുഖ കോൺഗ്രസിതര കക്ഷികളും കോൺഗ്രസിന്റെ സമീപനത്തിനെതിരെ ശക്തമായി ശബ്ദമുയർത്തിയിട്ടുണ്ട്. ഡി.എം.കെ ഉൾപ്പെടെയുള്ള കക്ഷികൾ ഇപ്പോൾ എവിടെയാണ് നിൽക്കുന്നതെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന് പകരം, ബി.ജെ.പിയുടെ സഹായിയായി മാറുന്ന അവസ്ഥയാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇത്തരം പ്രവൃത്തികൾ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.