ശബരിമല
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ച് വിറ്റതിൽ അന്വേഷണം തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കും. നെയ്യ് തട്ടിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ദേവസ്വംമന്ത്രി കെ. മുരളീധരൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം കമീഷണറോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിയതെന്ന് ദേവസ്വം കമീഷണർ അന്വേഷിക്കും. ദേവസ്വം ബോർഡ് ജീവനക്കാരുടെ അറിവില്ലാതെ മിൽമ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിക്കാനാകില്ലെന്ന വിലയിരുത്തലാണ് ദേവസ്വം ബോർഡിലേക്കും അന്വേഷണം എത്താൻ കാരണമാകുന്നത്.
സംഭവത്തിൽ ജോയന്റ് ഡറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും ഉത്തരവിട്ടുണ്ട്. വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ അതിനിടെ നെയ്യ് വിൽപനയില് ആരോപണ വിധേയനായ മിൽമയിലെ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആരോപണ വിധേയനായ ഉദ്യോഗസ്ഥന് രാജിവെച്ച് പോകാൻ മിൽമ ഭരണസമിതി അനുമതി നൽകിയതിന്റെ രേഖകളാണ് പുറത്തുവന്നത്.
ഗുരുതരമായ ആരോപണമാണ് ഉദ്യോഗസ്ഥൻ നേരിടുന്നതെന്നും അന്വേഷണം നടക്കുന്നതിനാല്‍ രാജി അംഗീകരിക്കരുതെന്നുമായിരുന്നു മില്‍മ എം.ഡിയും സർക്കാർ പ്രതിനിധിയും നിലപാടെടുത്തത്. ചട്ടങ്ങൾ ലംഘിച്ച് ടെണ്ടറിന് ശിപാർശ നൽകിയതും ടെൻഡർ അംഗീകരിച്ചതും ഷൈൻ ജോസഫാണെന്ന് ക്ഷീരവകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒരേസമയം പത്തനംതിട്ടയിൽ യൂനിറ്റ് ഹെഡും തിരുവനന്തപുരത്ത് പ്രൊഡക്ഷൻ മാനേജറുമായിരുന്നു ഈ ഉദ്യോഗസ്ഥൻ. പത്തനംതിട്ടയിൽ നിന്ന് ഇ-ടെൻഡർ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് അതിനായി ശിപാർശ ചെയ്തതും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ്. അംഗീകാരത്തിനായി ഇയാൾ നടത്തിയ ഇടപെടലുകൾ ദുരൂഹമാണെന്നും ക്ഷീരവകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.