പ്രതീകാത്മക ചിത്രം
വടകര: എം.ഡി.എം.എ കേസില്‍ അറസ്റ്റിലായ അധ്യാപികമാർ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന് വ്യാപാരം നടത്തി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കില്‍ എന്‍.ഡി.പി.എസ് നിയമപ്രകാരം കണ്ടുകെട്ടുമെന്ന് കണ്ണൂര്‍ ഡി.ഐ.ജി കെ. കാര്‍ത്തിക്ക് പറഞ്ഞു. കേസ് അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം വടകരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറസ്റ്റിലായവരുടെ മാസശമ്പളം ഉപയോഗിച്ചല്ലാതെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതും ഇവരുടെ ജീവിത രീതികളുമെല്ലാം പരിശോധിച്ചുവരികയാണ്. അധ്യാപികമാർ ഉൾപ്പെടെ എം.ഡി.എം.എ പണമിടപാട് കേസിൽ മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിൽ എത്തിക്കും. സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ടവർ തന്നെ ലഹരിമരുന്നിന്റെ ഉപഭോക്താകളും പ്രചാരകരുമായി മാറിയത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാരായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ, ആവള കുട്ടോത്ത് സ്വദേശി നീഷ്മ, ഓൺലൈൻ ഡലിവറി ബോയ് ആയി ജോലിചെയ്യുന്ന ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ്, വടകര സ്വദേശി റിസ്വാൻ എന്നിവരാണ് നിലവിൽ പിടിയിലായത്. കേസിലെ പ്രധാന കണ്ണികളാണ് ഇവർ. ലഹരി ഇടപാടിന് പിന്നിൽ വൻ റാക്കറ്റുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തുച്ഛമായ വരുമാനമുള്ള പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടാണ് നടന്നത്. ഒരു പ്രതിതന്നെ ആറ് മാസത്തിനിടയിൽ ഒരു കോടിയിൽപരം രൂപ അക്കൗണ്ടിലൂടെ വിനിമയം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
കേസിലുൾപ്പെട്ട അധ്യാപികമാർ എം.ഡി.എം.എ ഉപയോഗിച്ചതായും വിൽപന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. മംഗലാപുരം, ബംഗളുരു എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ട്. അതിനാൽ കേസ് അന്വേഷണം കേരളത്തിന് പുറത്തേക്കും നീളും. മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ്, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ടി. ഉത്തംദാസ്, വടകര ഡിവൈ.എസ്.പി കെ.കെ. സനൽകുമാർ, സി.ഐ എ.വി. ദിനേശ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.