കോഴിക്കോട്: മാലിന്യമുക്തപദ്ധതിയുടെ കാര്യക്ഷമത ഉറപ്പാക്കാൻ നിയമലംഘനങ്ങൾക്ക് പരമാവധി പിഴനൽകാൻ തദ്ദേശവകുപ്പ് നിർദേശം. മാലിന്യ നിയമലംഘനങ്ങൾക്ക് ഏറ്റവും കുറഞ്ഞ പിഴ ചുമത്തുന്ന തെറ്റായ പ്രവണത വ്യാപകമാണെന്നും പേരിനു മാത്രം പിഴ ചുമത്തുന്നതിനുപകരം കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് നിയമം അനുശാസിക്കുന്ന ഉയർന്ന തുകതന്നെ ചുമത്തണമെന്നാണ് നിർദേശം.
പൊതുയിടങ്ങൾ വൃത്തിയായി പരിപാലിക്കാനും മാലിന്യം വലിച്ചെറിയൽ ഇല്ലാതാക്കാനും മാലിന്യത്തിന്റെ അളവ് കുറക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് പിഴനടപടികൾ കാര്യക്ഷമമായി നടപ്പാക്കാൻ നിർദേശം നൽകിയത്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയശുചീകരണം നടത്താനുള്ള നീക്കവും ഫലപ്രദമാകാത്തതിനെ തുടർന്നാണ് കർശന നടപടികൾ.
പരമാവധി കേസുകളിൽ പ്രോസിക്യൂഷൻ, റവന്യൂ റിക്കവറി ഉൾപ്പെടെ തുടർനടപടികൾ സ്വീകരിക്കണമെന്നും നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളിലെ എൻഫോഴ്സ്മെന്റ് നടപടികളുടെ പുരോഗതി എല്ലാ മാസവും ജില്ല ജോയന്റ് ഡയറക്ടർ അവലോകനം നടത്തി സർക്കാറിന് റിപ്പോർട്ട് നൽകണം. അജൈവ-ജൈവമാലിന്യം എടുക്കുന്ന സ്വകാര്യ ഏജൻസികളുടെ പ്രവർത്തനം പരിശോധിച്ച് ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലാത്ത ഏജൻസികളെ കണ്ടെത്തി കരിമ്പട്ടികയിൽപെടുത്താനും നിർദേശമുണ്ട്. സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കി മാത്രമേ സെക്രട്ടറിമാർ ലൈസൻസ് പുതുക്കി നൽകാൻ പാടുള്ളൂ.
അജൈവ മാലിന്യ ശേഖരണം നിലവിലെ മാസത്തിൽ ഒന്ന് എന്നതിനുപകരം 10 ദിവസത്തിലൊരിക്കൽ എന്നനിലയിലേക്ക് കൊണ്ടുവരാനും നിർദേശമുണ്ട്. നഗരപ്രദേശങ്ങളിൽ ക്ലീൻ കേരള കമ്പനി മുഖേന ആരംഭിച്ച ഇ-മാലിന്യ ശേഖരണം നവംബറോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിക്കും. ഹരിത കർമസേനാംഗങ്ങൾക്ക് ആവശ്യമായ വാഹനവും സുരക്ഷ ഉപകരണങ്ങളും ഉറപ്പാക്കും. മാലിന്യം തരംതിരിക്കുകയും ജൈവമാലിന്യം ശേഖരിച്ച് കൃഷിക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യണം. വാതിൽപ്പടി ശേഖരണം സമ്പൂർണമാക്കാനും ഉറപ്പുവരുത്താനും തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.