മികച്ച റിപ്പോർട്ടർക്കുള്ള എ. യൂനുസ് കുഞ്ഞ് സ്മാരക മാധ്യമ പുരസ്കാരം ‘മാധ്യമം’ റിപ്പോർട്ടർ ആർ. സുനിലിന് റിട്ട. ജസ്റ്റിസ്
ബി. കെമാൽ പാഷ സമ്മാനിക്കുന്നു
കൊല്ലം: ശബരിമല കേസിൽ ഇടക്കാല കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കുറ്റവാളികളെല്ലാം പുറത്തിറങ്ങുമെന്ന് ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. വിചാരിച്ചിരുന്നെങ്കിൽ ഇടക്കാല കുറ്റപത്രം നൽകാമായിരുന്നു.
കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തുകൊടുക്കുകയാണ്. കൊല്ലം പ്രസ് ക്ലബ്ബും ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷനൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പത്ര-ദൃശ്യമാധ്യമ അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണനിർവഹണം സുഗമമാക്കാൻ വിവരാവകാശ നിയമം തടസ്സമാണെന്ന കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ പാർലമെന്റ് പരാമർശം ആശങ്കാജനകമാണ്. വിവരാവകാശ നിയമം ദുർബലപ്പെടുത്താനുള്ള ഈ നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന് ഗുരുതര വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചാൽ കേസുകൾ നേരിടേണ്ടിവരും.
അച്ചടി മാധ്യമ വിഭാഗത്തിൽ മാധ്യമം തൃശൂർ റിപ്പോർട്ടർ ആർ. സുനിലിനും ദൃശ്യമാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോ റീജിയനൽ എഡിറ്റർ മാർഷൽ വി. സെബാസ്റ്റ്യനും ജസ്റ്റിസ് കെമാൽ പാഷ അവാർഡുകൾ വിതരണം ചെയ്തു. മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.