നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഭാ ക​വാ​ട​ത്തി​ലേ​ക്ക് വ​രു​ന്ന പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ​മാ​ർ 

നിയമസഭയിൽ സംഘർഷാവസ്ഥ, നാടകീയം; ഡയസിൽ ഇരച്ചുകയറി പ്രതിപക്ഷം, ഇരിപ്പിടം വിട്ട് സ്പീക്കർ

തിരുവനന്തപുരം: സ്പീക്കറുടെ ഡയസിൽ ചാടിക്കയറിയടക്കം പ്രതിപക്ഷം പ്രതിഷേധം തുടർന്ന നിയമസഭയിൽ അസാധാരണ സാഹചര്യങ്ങളും സംഘർഷവും. സ്വർണക്കൊള്ള കേസ് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുന്നുവെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ നീക്കങ്ങളാണ് സഭ സ്തംഭിപ്പിക്കുംവിധം നാടകീയ മുഹൂർത്തങ്ങൾക്ക് വഴിമാറിയത്. പ്രതിപക്ഷമുയർത്തിയ ബാനർ വാച്ച് ആന്‍റ് വാർഡ് ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയതാണ് പ്രകോപനത്തിന് കാരണം.

അൻവർ സാദത്ത്, മാത്യു കുഴൽനാടൻ എന്നിവർ സ്പീക്കറുടെ ഡയസിൽ ചാടിക്കടന്നു. സംഘർഷാവസ്ഥയെ തുടർന്ന് സ്പീക്കർ രണ്ടുവട്ടം സഭ നിർത്തിവെച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. പിന്നാലെ ബഹിഷ്കരണ പ്രഖ്യാപനം നടത്തി പ്രതിപക്ഷം സഭ വിട്ടിറങ്ങി.പ്രതിപക്ഷമില്ലാതെ ബജറ്റ് ചർച്ച തുടരുകയും ചെയ്തു.

രാവിലെ ഒമ്പതിന് ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടുത്തളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ പിടിച്ച് മുദ്രാവാക്യം മുഴക്കി. ‘സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന ബാനർ ഉയർത്തിയുള്ള പ്രതിഷേധത്തിനിടെയും ചോദ്യോത്തരവേള തുടർന്നു.

കാഴ്ചമറച്ച് പിടിച്ച ബാനർ മാറ്റണമെന്ന് സ്പീക്കർ എ.എൻ ഷംസീർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളം തുടരവെ ബാനർ പിടിച്ചുവാങ്ങാൻ വാച്ച് ആൻഡ് വാർഡ് ശ്രമിച്ചുവെങ്കിലും റോജി.എം.ജോൺ ചെറുത്തതോടെ പിൻവാങ്ങി. ഈ സമയം ഭരണപക്ഷവും ഇരിപ്പിടം വിട്ടെഴുന്നേറ്റ് പ്രതിപക്ഷ അംഗങ്ങൾക്ക് അഭിമുഖമായി നിന്ന് മുദ്രാവാക്യം മുഴക്കി.

അൻവർ സാദത്ത്, നജീബ് കാന്തപുരം, സനീഷ് കുമാർ ജോസഫ്, ടി.വി ഇബ്രാഹിം എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉന്തിനും തള്ളിനുമിടയിൽ അൻവർ സാദത്ത് ഡയസിലേക്ക് കടന്നതോടെ സ്പീക്കർ ഡയസ് വിട്ട് അകത്തേക്ക് പോവുകയായിരുന്നു.

പത്തിന് വീണ്ടും ചേർന്നതോടെ സഭ പൂർവാധികം പ്രക്ഷുബ്ധമായി. ബഹളത്തിനിടെ സ്പീക്കർ രണ്ടാമതും സഭ വിട്ടു. 10.39 വീണ്ടും ചേർന്നപ്പോൾ സഭ ബഹിഷ്കരിക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുകയായിരുന്നു. 

Tags:    
News Summary - kerala assembly ruckus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.