തിരുവനന്തപുരം: വിധിയെഴുത്തിന് രണ്ടുനാൾ അവശേഷിക്കെ നഗരസഭയുടെ വിഴിഞ്ഞം വാർഡിൽ പ്രചാരണം കൊഴുപ്പിച്ച് മുന്നണികളും സ്വതന്ത്രരും. ക്രമസമാധാന പാലനത്തിന് മുന്നൊരുക്കങ്ങളുമായി പോലീസും.
എട്ട് കെട്ടിടങ്ങളിലായി ആകെയുള്ള 10 ബൂത്തുകളിൽ 6 എണ്ണം പ്രശ്നബാധിതമായതിനാൽ വാർഡിലെ എല്ലാ ബൂത്തുകൾക്കും ശക്തമായ സുരക്ഷാക്രമീകരണമാണ് തയാറാക്കുന്നത്. വിഴിഞ്ഞം ജങ്ഷൻ, ഫിഷറീസ് സ്റ്റേഷൻ, വിഴിഞ്ഞം എൽ.പി.എസ്, തെരുവ് എൽ.പി.എസ് ഉൾപ്പെടെയുള്ള ബൂത്തുകൾ നേരത്തെ തന്നെ പ്രശ്നബാധിത ബൂത്തുകളുടെ ലിസ്റ്റിലുള്ളതാണ്. അതുകൊണ്ട് തന്നെ കൂടുതൽ പോലീസിനെ വിന്യസിക്കും.
തിരുവന്തപുരം സബ് ഡിവിഷനിൽ ഉള്ളവരെ കൂടാതെ കൂടുതൽ പൊലീസ് ക്രമസമാധാന പാലനത്തിനായി രംഗത്തിറങ്ങും. ബൂത്തുകളിൽ പലതും പ്രധാന ജംഗ്ഷനുകൾ കേന്ദ്രികരിച്ചുള്ളവ ആയതിനാൽ പുറത്ത് നിന്നുള്ളവരുടെ സാന്ന്യധ്യമുണ്ടാകാൻ സാധ്യതയുള്ളതായും അധികൃതർ കണക്ക് കൂട്ടുന്നു. പുറത്തുനിന്നെത്തുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാനും സംവിധാനമുണ്ടാകും.
പോളിങ് സാമഗ്രികളുടെ വിതരണവും വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻററി സ്കൂളും നാളെ മുതൽ ശക്തമായ പോലീസ് വലയത്തിലാവും. ഇവിടെ ഒരു പോളിംഗ് ബൂത്തും പ്രവർത്തിക്കും. പ്രചാരണ കോലാഹലങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെ വോട്ടർമാരെ പാട്ടിലാക്കാൻ പാർട്ടികളുടെ മുൻനിര നേതാക്കളുടെ പടയോട്ടവും തുടരുകയാണ്. വാർഡിനെ ഇളക്കി മറിച്ച് അണികളെയും പ്രാദേശിക നേതാക്കളെയും അണിനിരത്തിയുള്ള പര്യടനങ്ങളുമായി ബി.ജെ.പി യുടെയും എൽ.ഡി.എഫിന്റെയും സ്ഥാനാർഥികളും സ്വതന്ത്രനും കളം നിറഞ്ഞപ്പോൾ പരമാവധി വോട്ടർമാരെ കണ്ട് സഹായാഭ്യർത്ഥനയുമായി കോൺഗ്രസും കളത്തിലുണ്ട്.
യു.ഡി.എഫിനായി കെ. മുരളിധരനും എം.എം. ഹസനും വിഴിഞ്ഞത്ത് എത്തിയപ്പോൾ ബി.ജെ.പിയുടെ പര്യടനത്തിലും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് മുൻ കേന്ദ്ര മന്ത്രി വി. മുരളിധരനും വിഴിഞ്ഞത്തുണ്ട്. ഇടതുപക്ഷ സ്ഥാനാർഥിയുടെ പര്യടനത്തിലും യോഗങ്ങളിലും മുൻമന്ത്രിമാരായ നീലലോഹിതദാസും തോമസ് ഐസക്കും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.