തലസ്ഥാനത്തെ സിറ്റിങ് എം.എൽ.എമാരെ മുഴുവൻ കളത്തിലിറക്കാൻ സി.പി.എം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ സി.പി.എമ്മിന്റെ സിറ്റിങ് എം.എൽ.എമാർ മുഴുവൻ മത്സരിച്ചേക്കും. സീറ്റുകൾ നിലനിർത്താൻ എല്ലാ സിറ്റിങ് എം.എൽ.എമാരും കളത്തിലിറങ്ങണമെന്നാണ് പാർട്ടി ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലുയർന്ന പൊതുവികാരം. നേമം -മന്ത്രി വി. ശിവൻകുട്ടി, അരുവിക്കര -ജി. സ്‌റ്റീഫൻ, പാറശാല -സി.കെ. ഹരീന്ദ്രൻ, കാട്ടാക്കട -ഐ.ബി. സതീഷ്, വർക്കല -വി. ജോയ്, നെയ്യാറ്റിൻകര -കെ. അൻസലൻ, ആറ്റിങ്ങൽ -ഒ.എസ്. അംബിക, വാമനപുരം -ഡി.കെ. മുരളി, കഴക്കൂട്ടം -കടകംപള്ളി സുരേന്ദ്രൻ, വട്ടിയൂർക്കാവ് -വി.കെ. പ്രശാന്ത് എന്നിവർ വീണ്ടും ജനവിധി തേടണമെന്നാണ് ആവശ്യമുയർന്നത്.

ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണം നേരിടുന്ന മുൻ ദേവസ്വം മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രന് പകരം മറ്റൊരാളെ കഴക്കൂട്ടത്ത് മത്സരിപ്പിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും ഇവിടെ മാസങ്ങൾക്കുമുമ്പേ എൻ.ഡി.എക്കായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രചാരണം തുടങ്ങിയിട്ടുണ്ട്. അതിനാൽ കടകംപള്ളി തന്നെയാണ് മത്സരത്തിന് നല്ലതെന്നാണ് വിലയിരുത്തൽ. പാർട്ടി ജില്ല സെക്രട്ടറികൂടിയായ വി. ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടണോ എന്നതിലും ഏകാഭിപ്രായമായിട്ടില്ല.

വർക്കലയിൽ ജയസാധ്യത കൂടുതൽ ജോയിക്കാണ് എന്നാണ് യോഗത്തിലുയർന്ന അഭിപ്രായം. ജോയി വീണ്ടും മത്സരിക്കുകയാണെങ്കിൽ ജില്ല സെക്രട്ടറിയായി പുതിയ ആളെ പാർട്ടി തെരഞ്ഞെടുക്കും. വി. ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്‍റെതാവും. ജെ.ഡി.എസിന്‍റെ കൈവശമുള്ള കോൺഗ്രസിലെ എം. വിൻസെന്‍റ് ജയിച്ച കോവളവും തൊണ്ടിമുതൽ കേസിൽ അയോഗ്യനാക്കപ്പെട്ട ആൻറണി രാജു ജയിച്ച ജനാധിപത്യ കേരള കോൺഗ്രസിന്‍റെ കൈവശമുള്ള തിരുവനന്തപുരം സീറ്റും ഏറ്റെടുക്കണമെന്ന വികാരവും സി.പി.എം യോഗത്തിലുർന്നിട്ടുണ്ട്.

തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കാനുള്ള ആവശ്യം സംസ്ഥാന നേതൃനിരയിലും നേരത്തേയുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൾ നോക്കുമ്പോൾ അരുവിക്കര, പാറശാല, കാട്ടാക്കട, വർക്കല, ആറ്റിങ്ങൽ, വാമനപുരം, കഴക്കൂട്ടം, നെടുമങ്ങാട്, തിരുവനന്തപുരം, കോവളം എന്നിവിടങ്ങളിൽ എൽ.ഡി.എഫിനും നെയ്യാറ്റിൻകര, ചിറയൻകീഴ് എന്നിവിടങ്ങളിൽ യു.ഡി.എഫിനും നേമം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ എൻ.ഡി.എക്കുമാണ് മേധാവിത്തം. 

Tags:    
News Summary - CPM to field all sitting MLAs in the capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.