തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസത്തിനുള്ള ഊന്നലിനൊപ്പം നഗരത്തിലെ 2000 പേർക്ക് വീട് നൽകുന്ന ഭവന പദ്ധതിയും പ്രഖ്യാപിച്ച് കോർപറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് അവതരിപ്പിച്ചു. പി.എം ഭവന യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സംരംഭത്തിന് 20 കോടിയാണ് വകയിയിരുത്തിയത്. 2015ൽ കേന്ദ്രം പ്രഖ്യാപിച്ചതാണെങ്കിലും സംസ്ഥാന സർക്കാറിന്റെ പിടിവാശിമൂലം തടസപ്പെട്ട പദ്ധതിയെന്ന ആമുഖത്തോടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നഗരസഭയിൽ സ്ഥലമുള്ളവർക്കാണ് പദ്ധതിയിൽ വീടൊരുങ്ങുക. വീടിനുള്ള മുഴുവൻ തുകയും കോർപറേഷൻ നൽകും. ട്രാൻസ് ജെൻഡേഴ്സിന് വീട് വെക്കാൻ 50 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. ഇതടക്കം 2500,31,79,809 രൂപ വരവും 2253,75,69,760 ചെലവും 246,56,10,049 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 50 ശതമാനം വിലക്കുറവിൽ മരുന്നുകൾ ലഭ്യമാകുന്നതിന് 101 വാർഡുകളിലും അമൃത് ഫാർമസികൾ ആരംഭിക്കുന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. എച്ച്.എൽ.എല്ലുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുക. 1.5 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്.
നഗരത്തിലെ രാത്രികാല ജീവിതത്തിന് മേൽനോട്ടം വഹിക്കാനും പ്രോത്സാഹിപ്പിക്കാനും കോർപറേഷൻ നേതൃത്വത്തിൽ രാത്രികാല സാമ്പത്തികകാര്യ ഓഫിസ് സ്ഥാപിക്കും. നഗരത്തിൽ തരിശുകിടക്കുന്ന കാൽ സെന്റ് മുതൽ മുകളിലോട്ടുള്ള പൊതു ഭൂമി വനമാക്കുന്ന ‘100 കാനന ചോലകൾ’ പദ്ധതിക്ക് 50 ലക്ഷവും മുതിർന്ന പൗരൻമാരുടെ സൗഹൃദ നഗരമാക്കി മാറ്റാൻ അഞ്ച് കോടി രൂപയും വകയിരുത്തി.
പദ്മമനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, വെട്ടുകാട് പള്ളി, ബീമാപ്പള്ളി എന്നിവ ഉൾപ്പെടുത്തി സ്പിരിച്വൽ ടൂറിസം പദ്ധതിക്കായി 50 ലക്ഷവും വകയിരുത്തി. 18 വയസ് കഴിഞ്ഞവർക്ക് ജോലി ഉറപ്പാക്കാൻ അഞ്ചുകോടി രൂപ ചെലവിൽ ‘അനന്തപുരി തൊഴിൽ കേന്ദ്രം’ ആരംഭിക്കും. യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനൊപ്പം അവരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഈ കേന്ദ്രം വഴി ഏകോപിപ്പിക്കും.
ബജറ്റിലെ വിവിധ പദ്ധതികൾ
- കോർപറേഷന് 15 കോടി ചെലവിൽ പുതിയ ആസ്ഥാന മന്ദിരം: മേഖല ഓഫീസുകളുടെ നവീകരണത്തിന് മൂന്ന് കോടി.
- സ്ഥിരം ഹെൽപ്പ് ഡെസ്ക്: നഗരസഭ ഓഫിസുകളിൽ അഞ്ച് ലക്ഷം രൂപ ചെലവിൽ സ്ഥിരം സംവിധാനം.
- പരസ്യ പ്രദർശനത്തിന് ഫ്ലെക്സുകൾ ഒഴിവാക്കാൻ ആധുനിക എൽ.ഇ.ഡി സ്ക്രീനുകൾ (25 ലക്ഷം).
- വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാതൃകാ റോഡിന് പത്തുകോടി.
- പുത്തൻപാലം ടൗൺഷിപ്പ് നഗര വികസനത്തിന് അഞ്ച് കോടി.
- അമൃത് ഫാർമസികൾ 101 വാർഡുകളിലും 50 ശതമാനം വരെ ഇളവിൽ മരുന്നുകൾ (1.5 കോടി).
- പ്രൈം ഹെൽത്ത് ലാബുകൾ: 50 കലക്ഷൻ സെന്ററുകൾ വഴി 40 ശതമാനം കുറഞ്ഞ നിരക്കിൽ പരിശോധന (1.5 കോടി).
- അത്യാധുനിക ലാബ് സൗകര്യത്തിന് 1.5 കോടി.
- പേട്ട ആശുപത്രിയിൽ രണ്ട് കോടി രൂപയുടെ പുതിയ ഡയാലിസിസ് യൂനിറ്റ്.
- മുഴുവൻ പാലിയേറ്റീവ് സംവിധാനങ്ങളെയും ഏകോപിപ്പിക്കാൻ രണ്ട് കോടി.
- നഗരത്തിൽ 200 ടോയ്ലറ്റുകൾ നിർമ്മിക്കാൻ 20 കോടി.
- ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇൻഫർമേഷൻ-ഫെസിലിറ്റേഷൻ സെന്റർ (2 കോടി).
- പുഞ്ചക്കരി ടൂറിസം ഹബ്ബ് വികസനത്തിന് അഞ്ചു കോടി.
- അടൽ സൂപ്പർമാർക്കറ്റ് -ജീവനക്കാർക്കും കൗൺസിലർമാർക്കും ന്യായവിലയിൽ സാധനങ്ങൾ വാങ്ങാൻ ഒരു കോടി.
- 18 കഴിഞ്ഞവർക്ക് ജോലി ഉറപ്പാക്കാനുള്ള പദ്ധതിക്ക് അഞ്ച് കോടി.
- ദരിദ്ര വിഭാഗങ്ങൾ താമസിക്കുന്ന ഇടങ്ങളുടെ വികസനത്തിന് അഞ്ചു കോടി.
- സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം - സ്കൂൾ വിഹിതം പത്തുരൂപയായി ഉയർത്തി (നാല് കോടി).എസ്.സി/എസ്.ടി കുട്ടികൾക്ക് സൈക്കിൾ (50 ലക്ഷം), ഭിന്നശേഷിക്കാർക്ക് വീൽചെയർ (അഞ്ച് ലക്ഷം), ഏകരക്ഷിതാക്കളുള്ള കുട്ടികൾക്ക് സ്കോളർഷിപ്പ് (10 ലക്ഷം).
- വാട്ടർ പ്യൂരിഫയർ (25 ലക്ഷം), സി.സി.ടി.വി (10 ലക്ഷം), ചൈൽഡ് കെയർ ആംബുലൻസ് (1 ലക്ഷം), മൈക്ക്/ടി.വി/ഫ്രിഡ്ജ് (50 ലക്ഷം).
- അനന്ദതീർത്ഥം-കരമനയാർ, തെറ്റിയാർ, പാർവതി പുത്തനാർ, ആമയിഴഞ്ചാൻ തോട് എന്നിവയുടെ ശുചീകരണം (രണ്ടു കോടി).
- കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് അഞ്ചു കോടി.
- മാലിന്യങ്ങളിൽ നിന്നുള്ള കലാരൂപങ്ങളുടെ പാർക്ക് (ഒരു കോടി), സ്വാപ് മാൾ (രണ്ടു കോടി).
- വെള്ളക്കെട്ട് നിവാരണം (അഞ്ചു കോടി), വിഴിഞ്ഞം/കഴക്കൂട്ടം കുടിവെള്ളം (അഞ്ചു കോടി), സ്വീവറേജ് ലൈൻ (പത്ത് കോടി).
- തെരുവുനായ ഷെൽട്ടർ-പുനരധിവാസത്തിന് മൂന്ന് കോടി, പുതിയ എ.ബി.സി കേന്ദ്രങ്ങൾക്ക് മൂന്ന് കോടി.
- വെറ്ററിനറി ആശുപത്രി നവീകരണം (ഒരു കോടി), മൃഗങ്ങളുടെ പോർട്ടബിൾ ക്രിമിറ്റോറിയം (50 ലക്ഷം).
- ക്ലാസിക്കൽ ആർട്ട്സ് തീയേറ്റർ (ഒരു കോടി), യോഗാ കേന്ദ്രം (ഒരു കോടി), അന്താരാഷ്ട്ര നീന്തൽക്കുളം (ഒരു കോടി).
- ശാന്തികവാടം, ശാന്തിതീരം ശ്മശാന നവീകരണത്തിന് 2.5 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.