ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി. പ്രിയദർശിനി കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു
പേരൂർക്കട: ജില്ല പഞ്ചായത്തിന് കൈമാറിക്കിട്ടിയ കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രിയുടെ സമഗ്ര വികസനത്തിനായി ജില്ല പഞ്ചായത്തിന്റെ ബജറ്റിൽ 85 ലക്ഷം രൂപ വകയിരുത്തിയതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അറിയിച്ചു. ആശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.
സാധാരണക്കാർക്ക് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി ആശുപത്രി പരിസരത്ത് ഉടൻ തന്നെ ന്യായവില മെഡിക്കൽ സ്റ്റോർ ആരംഭിക്കും. കൂടാതെ, അടിയന്തര ചികിത്സകൾക്കായി അത്യാധുനികമായ ക്രിട്ടിക്കൽ കെയർ യൂനിറ്റ് സജ്ജമാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ അടിയന്തരമായി താൽകാലിക നിയമനം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രീതയും പ്രസിഡന്റിനൊപ്പം ആശുപത്രി സന്ദർശിച്ചു. 2018-ൽ പ്രവർത്തനമാരംഭിച്ച സൂപ്പർ സ്പെഷ്യാലിറ്റി റഫറൽ ആശുപത്രി ഏഴു വർഷത്തിനുള്ളിൽ രോഗനിർണയ മേഖലയിൽ വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൽ. സോഫിയ പറഞ്ഞു. നിലവിൽ ഓൺലൈൻ ഒ.പി, ഡയാലിസിസ്, അൾട്രാ സൗണ്ട് സ്കാൻ, എക്സ് റേ, എക്കോകാർഡിയോളജി, അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ, ക്ലിനിക്കൽ ലബോറട്ടറി എന്നീ സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.