പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ഡോക്ടർമാർ ചൊവ്വാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു. സമരവിവരം അറിയാതെ ആശുപത്രിയിൽ എത്തിയ രോഗികൾ ശരിക്കും വലഞ്ഞു. നെടുമങ്ങാട് ജില്ല ആശുപ്രതിയിൽ ഗർഭസ്ഥശിശു മരിച്ചതിനെതുടർന്ന് വനിത ആശുപ്രതി സൂപണ്ടിനെതിരായ ആൾക്കൂട്ട വിചാരണയിലും വസ്തുതകൾ പരിശോധിക്കാതെ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചതിലും പ്രതിഷേധിച്ചായിരുന്നു കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തിലുള്ള കൂട്ട അവധിയെടുക്കലും ഒ.പി ബഹിഷ്കരണവും. സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ കെ.ജി.എംസി.ടി.എ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തുടരുന്നതിനിടയാണ് ജില്ലയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മുതൽ ജനറൽ ആശുപത്രികളിൽ വരെ ഒ.പി നിശ്ചലമായത്.
ജില്ലയിൽ ആരോഗ്യവകുപ്പിന് കീഴിൽ 800 ഓളം ഡോക്ടർമാരാനുള്ളത്. അടിയന്തര സേവനങ്ങൾക്കുള്ള 200 പേർ ഒഴിവായാൽ ശേഷിക്കുന്ന 600 പേരും പണിമുടക്കിൽ പങ്കെടുത്തു. ഒ.പി ബഹിഷ്കരണ സമരം പിൻവലിച്ചെങ്കിലും ജില്ലയിൽ നിസ്സഹകരണ സമരം തുടരാനാണ് തീരുമാനം. അതേസമയം ഭക്തജനങ്ങളുടെ വികാരവും പൊതുജന താല്പര്യവും മാനിച്ച്, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി പൂർണമായും സഹകരിക്കാൻ കെ.ജി.എം.ഒ.എ തീരുമാനിച്ചതായി ജില്ല ഭാരവാഹികൾ അറിയിച്ചു.
ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെയും അക്രമ സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലുമാണ് ഈ തീരുമാനം. കൂടാതെ, ബുധനാഴ്ച മുതൽ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ഔട്ട്പേഷ്യന്റ് സേവനങ്ങൾ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവിടെ ആറു ദിവസമായി ഒ.പി ബഹിഷ്കരണം തുടരുകയായിരുന്നു. അതേ സമയംഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ സംഘടന ശക്തമായി അപലപിക്കുന്നതായി ഭാരവാഹികൾ വ്യക്തമാക്കി. ആശുപത്രി ആക്രമണത്തിന് ഉത്തരവാദികളായ ബാക്കി കുറ്റവാളികളെക്കൂടി ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ, വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. എൻ. സുനിത, ജില്ല സെക്രട്ടറി ഡോ. എം.പി ഷീജ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.