വാർത്തസമ്മേളനത്തിൽ മൊണാലിസ ഭോസ്ലെയും ഫർമാനും രേഖകൾ കാണിക്കുന്നു
തിരുവനന്തപുരം: മത-ജാതീയ വേർതിരിവുകളില്ലാത്ത കേരളത്തെ തങ്ങൾ ഇഷ്ടപ്പെടുന്നതായി കഴിഞ്ഞദിവസം പൂവാർ അരുമാനൂർ ശ്രീനൈനാർ ക്ഷേത്രത്തിൽ വിവാഹിതരായ കുംഭമേളയിലെ വൈറൽ യുവതി മൊണാലിസ ഭോസ്ലേയും ഭർത്താവും നടനുമായ മുഹമ്മദ് ഫർമാൻ ഖാനും.
പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു നവദമ്പതികൾ. തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പ്രചാരണം അനാവശ്യമാണെന്ന് മൊണാലിസ വ്യക്തമാക്കി. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റും കെ-സ്മാർട്ടിൽ നിന്ന് ലഭിച്ച വിവാഹസർട്ടിഫിക്കറ്റും ഫർമാൻ ഖാൻ മാധ്യമപ്രവർത്തകർക്കുമുന്നിൽ ഹാജരാക്കി. വിവാഹിതരാവാൻ മതം മാറിയിട്ടില്ല.
മതങ്ങളെ പരസ്പരം ബഹുമാനിക്കുന്നു. താൻ വീട്ടിൽ നിന്ന് ഒളിച്ചോടുകയായിരുന്നില്ലെന്ന് വ്യക്തമാക്കിയ മൊണാലിസ വീട് വിട്ടില്ലായിരുന്നെങ്കിൽ മൂന്നുനാലുദിവസത്തിനുള്ളിൽ ഇഷ്ടമില്ലാത്തയാളുമായി വിവാഹം നടക്കുമായിരുന്നുവെന്നും പറഞ്ഞു.
ഫർമാൻ ഖാനുമായുള്ള വിവാഹത്തിന് തന്റെ പിതാവിന് എതിർപ്പുണ്ടായിരുന്നു. 10 ദിവസം മുമ്പാണ് കേരളത്തിലെത്തിയത്. ഒരു മലയാളസിനിമയിൽ ഒന്നിച്ചഭിനയിച്ച തങ്ങൾ ആ സെറ്റിൽ വെച്ചാണ് പ്രണയബദ്ധരായത്. മൊണാലിസ തന്നെ ഇഷ്ടം അറിയിക്കുകയായിരുന്നെന്ന് ഫർമാൻ ഖാന് വ്യക്തമാക്കിയപ്പോൾ സന്തോഷത്തോടെ മൊണാലിസ അത് ശരിവെച്ചു.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് മൊണാലിസ. മുഹമ്മദ് ഫർമാൻ ഖാൻ മഹാരാഷ്ട്ര സ്വദേശിയും. മൊണാലിസക്ക് കേരളം ഇഷ്ടപ്പെട്ടാൽ ഇവിടെ താമസമാക്കുമെന്ന് മുഹമ്മദ് ഫർമാൻ ഖാൻ പറഞ്ഞു. വിവാഹത്തിന് പിന്തുണ നൽകിയ സംസ്ഥാന സർക്കാറിനോടും മന്ത്രി വി. ശിവൻകുട്ടിയോടും അരുമാനൂർ ശ്രീനൈനാർ ക്ഷേത്രഭാരവാഹികളോടും നന്ദി ഇരുവരും അറിയിച്ചു. ഫർമാന്റെ സുഹൃത്ത് അസം, അരുമാനൂർ ശ്രീനൈനാർ ക്ഷേത്ര പ്രതിനിധി അജിത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.