ഡെനിൻദാസ്
കാട്ടുപോത്തിന്റെ ഇറച്ചി കടത്തിയ കേസില് അധ്യാപകൻ പിടിയിൽ
കാട്ടാക്കട: പരുത്തിപ്പള്ളി മുക്കോട്ടുമല എസ്റ്റേറ്റിന് സമീപം കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് ഇറച്ചി കടത്തിയ സംഘത്തിലെ പ്രധാന പ്രതിയായ സ്കൂൾ അധ്യാപകനെ വനപാലകസംഘം അറസ്റ്റ് ചെയ്തു. വെള്ളറട ദാസ് ഹൗസിൽ ഡെനിൻദാസ് (44) നെയാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളറട വി.പി.എം ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകനാണ്. കാട്ടുപോത്തിനെ വേട്ടയാടിയ എസ്റ്റേറ്റിനു സമീപത്തെ തോട്ടം കാവൽക്കാരൻ പൂവച്ചൽ കാക്കാമുകൾ സ്വദേശി സുകുമാരൻ കുട്ടിനായർ (65), കാക്കാമുകൾ ചോതി നിവാസിൽ ചന്ദ്രദാസ് (65) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് നായാട്ട് നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് ഇപ്പോൾ അറസ്റ്റിലായ ഡെനിൻദാസ്. കേരളത്തിൽ വേട്ടയാടുന്ന മൃഗങ്ങളുടെ ഇറച്ചി തമിഴ്നാട്ടിലെ ചില റിസോർട്ടുകളിലേക്കാണ് സംഘം നൽകിവരുന്നത്. മുക്കോട്ടുമല എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഇത് രണ്ടാം തവണയാണ് ഈ സംഘം നായാട്ട് നടത്തുന്നത്.
തമിഴ്നാട് സ്വദേശികളും നായാട്ടുസംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. ഡെപ്യൂട്ടി ആർ.എഫ്.ഒ അനിൽകുമാർ, എ.ഒ അനിൽ, ബി.എഫ്.ഒമാരായ റോയ്, റോഷ്നി, മനു, ഡ്രൈവർ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് വനം കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.