കൗൺസിലർ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന വിവാദം; ഫോറൻ‍സിക് പരിശോധന നീക്കവുമായി പൊലീസ്

തിരുവനന്തപുരം: ഒപ്പ് വിവാദം പ്രതിഷേധങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കും വഴിയിട്ടിരിക്കെ കൗൺസിലർ ആർ. സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന പരാതിയിൽ ഫോറൻ‍സിക് പരിശോധനക്കുള്ള നിർണായക നീക്കവുമായി പൊലീസ്. ശാസ്ത്രീയ പരിശോധനക്കായി ഹാജർ ബുക്ക് കോടതി വഴി ഫോറൻസിക് പരിശോധനക്ക് അയക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അതേസമയം, പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നൽകിയ കത്തിലെ ഒപ്പുകളും വ്യാജമാണെന്ന മേയറുടെ പരാതി മ്യൂസിയം പൊലീസിന് കൈമാറി.

കേസിനാസ്പദമായ രജിസ്റ്റർ ഇപ്പോഴും മേയറുടെ നിയന്ത്രണത്തിലുള്ള ഓഫിസിലാണെന്നും പൊലീസ് അടിയന്തരമായി ഹാജർ രജിസ്റ്റർ പിടിച്ചെടുക്കണമെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക് ആവശ്യപ്പെട്ടു. അന്വേഷണം നേരിടുന്ന മേയർ തൽസ്ഥാനത്ത് തുടരുന്നത് ജനാധിപത്യ മര്യാദ അല്ല. മേയർ രാജിവച്ച് അന്വേഷണം നേരിടണം. പൊലീസ് അന്വേഷണത്തെ അട്ടിമറിക്കാനും തടസപ്പെടുത്താനും മേയറും ബി.ജെ.പി നേതൃത്വവും ശ്രമിക്കുന്നത് വെല്ലുവിളിയാണ്. എസ്.പി.ദീപക് പറഞ്ഞു.

എന്നാൽ മേയറുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ സമരത്തിൽ കൈക്കൂലി ആരോപണം നേരിടുന്ന കൗൺസിലർ പങ്കെടുത്തതിനെ ആയുധമാക്കുകയാണ് ബി.ജെ.പി. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന തൃക്കണ്ണാപുരം കൗൺസിലർ അജിൻ എസ്.ലീൻ വെള്ളിയാഴ്ച നടത്തിയ സമരത്തിൽ പങ്കെടുത്തതാണ് ആരോപണത്തിന് കാരണം.

പൊലീസ് സ്‌റ്റേഷൻ മാർച്ചുമായി ബി.ജെ.പി

തിരുവനന്തപുരം: മേയർ വി.വി. രാജേഷിനെ കോർപറേഷനിൽ പ്രതിപക്ഷ കൗൺസിലർമാർക്ക് ഒപ്പം ആക്രമിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും, മേയർക്കും കൗൺസിലർ സുഗതനും എതിരെ അന്യായമായി കേസെടുത്തതിലും പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി സിറ്റി ജില്ല അധ്യക്ഷൻ കരമന ജയൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ കൗൺസിലർമാർക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്നും എന്നാൽ ബി.ജെ.പി നേതാവ് കൂടിയായ മേയർക്ക് നേരെ അക്രമം നടത്താൻ പുറത്ത് നിന്ന് ഇനി പാർട്ടി ക്രിമിനലുകളെ പ്രതിപക്ഷം കൊണ്ടു വന്നാൽ ബി.ജെ.പി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരം സമിതി അധ്യക്ഷരായ എം.ആർ. ഗോപൻ, കരമന അജിത്ത്, ചെമ്പഴന്തി ഉദയൻ, സത്യവതി, ജി.എസ്. മഞ്ജു, പാപ്പനംകോട് സജി, ഉപനേതാവ് വി.ജി. ഗിരി കുമാർ എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - TVM Corporation Signature Controversy: Police Move for Forensic Examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.