ദുരൂഹ മരണങ്ങൾ: ആധാരം കോടികളുടെ സ്വത്ത്; ആസൂത്രണം ചെയ്ത് നടത്തിയ കൊല, ഒടുവിൽ പാളി
തിരുവനന്തപുരം: നൂറ് കോടിയോളം വിലമതിക്കുന്ന കൂടത്തില് തറവാടിന്റെ സ്വത്താണ് ഇവിടെ നടന്ന ദുരൂഹ മരണങ്ങൾക്കെല്ലാം ആധാരമെന്ന നിഗമനത്തിലാണ് പൊലീസ്. 15 വർഷത്തിനിടയിൽ ഏഴ് ദുരൂഹമരണം നടന്ന കാലടിയിലുള്ള ഈ തറവാട്ടിലെ ബാക്കി ആറു മരണങ്ങളിലും സംശയം തുടരുകയാണ്. 2017ൽ നടന്ന കുടുംബത്തിലെ അവസാന അവകാശിയായിരുന്ന ജയമാധവൻനായരുടെ കൊലപാതകത്തിലാണ് ഒമ്പത് വർഷങ്ങൾക്ക് ശേഷം കാര്യസ്ഥൻ രവീന്ദ്രൻ നായർ (60) അറസ്റ്റിലായത്. കോടികളുടെ സ്വത്തിന്റെ ഒരേയൊരു അവകാശിയായിരുന്ന ജയമാധവന് നായരെ കൊലപ്പെടുത്തിയാൽ സ്വത്ത് മുഴുവൻ തനിക്കും ബന്ധുക്കൾക്കും വന്നുചേരുമെന്ന പ്രതീക്ഷയിൽ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
2017 ഏപ്രില് രണ്ടിനാണ് ജയമാധവൻനായർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. അപകടമരണം എന്ന് വരുത്തിത്തീർക്കാനായിരുന്നു രവീന്ദ്രൻ നായരുടെ ശ്രമം. എന്നാൽ, തിരുവനന്തപുരം സിറ്റി ജില്ല ക്രൈംബ്രാഞ്ച് നടത്തിയ അതിസമര്ഥമായ ശാസ്ത്രീയ അന്വേഷണമാണ് വര്ഷങ്ങള് നീണ്ട ഈ മരണത്തിലെ ദുരൂഹത നീക്കിയത്. 2018ൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. കൂടത്തിൽ കുടുംബത്തിൽ നടന്ന ദുരൂഹമരണങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണമെങ്കിലും ആദ്യം പൊലീസ് ചെയ്തത് കോടികളുടെ സ്വത്ത് രവീന്ദ്രന് നായര്ക്ക് ഇഷ്ടദാനമായി നല്കിയെന്ന് പറയുന്ന വില്പത്രത്തിന്റെ ആധികാരികത പരിശോധിക്കുകയായിരുന്നു. വില്പത്രത്തിലുള്ള ജയമാധവന് നായരുടെ ഒപ്പ് ഫോറന്സിക് പരിശോധനക്ക് അയച്ചു. അത് കള്ള ഒപ്പാണെന്ന് തെളിഞ്ഞു. അതോടെയാണ് മരണത്തിലും ദുരൂഹതയുണ്ടാകാമെന്ന സംശയവും ശക്തമായത്. 2017 ഏപ്രില് രണ്ടിന് രാവിലെ ആറിന് കൂടത്തില് തറവാട്ടിലെത്തിയപ്പോള് ജയമാധവനെ വീണ് കിടക്കുന്നത് കണ്ടെന്നും ഉടന് തന്നെ വീട്ടുജോലിക്കാരിയായ ലീലയെയും മറ്റൊരു ഓട്ടോറിക്ഷയും വിളിച്ച് മെഡിക്കല് കോളജ് ആശുപത്രിയിൽ എത്തിച്ചെന്നുമാണ് രവീന്ദ്രന് പറഞ്ഞിരുന്നത്. ലീലയെ ആദ്യം ചോദ്യം ചെയ്തപ്പോൾ അവരും ഇത് ആവര്ത്തിച്ചു. രാവിലെ 6.10ന് കൂടത്തില് തറവാട്ടിലെത്തിയെന്നായിരുന്നു ലീലയുടെ മൊഴി. കുറേ ദിവസങ്ങള്ക്കു ശേഷം ലീലയുടെ വീട്ടില് പോയി
മൊഴിയെടുത്തു. അതോടെ അവരുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നും അതോടെ രവീന്ദ്രന് പറയുന്നതുപോലെ ഓട്ടോറിക്ഷയിലല്ല ജയമാധവനെ ആശുപത്രിയില് കൊണ്ടുപോയതെന്നും വ്യക്തമായി. അതോടെ സംഭവത്തിൽ അനിൽകുമാർ, സജു എന്നിവരുടെ പങ്കും സംശയത്തിലായി. കാര്യസ്ഥന്റെ മൊഴികള് കള്ളമെന്ന് തെളിഞ്ഞതോടെ കൊലപാതകത്തിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. കൂടത്തില് തറവാട്ടില് വീണ്ടും ഫോറന്സിക് സംഘം പരിശോധിച്ചു. കട്ടില്, തടിക്കഷണം എന്നിവിടങ്ങളില്നിന്ന് രക്തക്കറയുടെ സാമ്പ്ൾ ലഭിച്ചു. ഇതു മനുഷ്യന്റേതാണെന്ന് ആദ്യം ശാസ്ത്രീയമായി ഉറപ്പിച്ചു. അതിനു ശേഷം കൂടത്തില് കുടുംബത്തിലെ അകന്ന ബന്ധുവിന്റെ രക്തസാമ്പിളുമായി ഡി.എന്.എ പരിശോധന നടത്തി. ഇതോടെ ജയമാധവന് നായരുടെ പാരമ്പര്യത്തിലുള്ളതാണ് രക്തക്കറയെന്ന് സ്ഥിരീകരിച്ചു. വീട്ടില് രക്തക്കറ ലഭിച്ചെങ്കിലും അത് കൊലപാതകത്തിന് തെളിവായി കാണാനാകില്ലായിരുന്നു. കട്ടിലില്നിന്ന് വീഴുമ്പോള് രക്തം വന്നതാവാനും സാധ്യതയുണ്ടെന്നായിരുന്നു രവീന്ദ്രന്റെ വാദം. ഇതോടെ ഫോറന്സിക് സര്ജന്മാരുമായി പൊലീസ് വീണ്ടും ആശയവിനിമയം നടത്തി. ജയമാധവൻ നായരുടെ മുഖത്ത് രണ്ട് പരുക്കുകളുണ്ടായിരുന്നു. ഈ പരിക്കിന്റെ സ്വഭാവം അറിയാന് കോഴിക്കോട് എൻ.ഐ.ടിയിൽ ശാസ്ത്രീയ പരിശോധന നടത്തി. അവിടത്തെ ഫോറന്സിക് ബയോമെക്കാനിക്സ് വിഭാഗത്തിന്റെ സഹായത്തോടെ ശാസ്ത്രീയമായി ജയമാധവന് നായരുടെ വീഴ്ച പുനരാവിഷ്കരിച്ചു. ഇതോടെ ആ പരിക്ക് വീഴുമ്പോഴോ തള്ളിയിടുമ്പോഴോ ഉണ്ടാകുന്നതല്ലെന്ന് ഉറപ്പിച്ചതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.