ഓപറേഷന്‍ തൂഫാന്‍ ഹണ്ട് തുടരുന്നു: ഇതുവരെ അറസ്റ്റിലായത് 13,798 പേർ
തിരുവനന്തപുരം: ഓപറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതുവരെ 13,798 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 166 കേസുകളിലായി 185 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപറേഷന്‍ തൂഫാന്‍റെ ഭാഗമായുള്ള കേസുകളുടെ എണ്ണം 12,804 ആയി. ഇതുവരെ 26911.792 ഗ്രാം എം.ഡി.എം.എയും 1719.868 കി.ഗ്രാം കഞ്ചാവും 5737.792 ഗ്രാം ഹാഷിഷ് ഓയിലും 1225.678 ഗ്രാം മെത്തഫെറ്റമിനും പിടിച്ചു. ലഹരി വിപണനത്തെക്കുറിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം.
നമ്മുടെ മക്കളാണ് അവരുടെ ലക്ഷ്യം -മുന്നറിയിപ്പുമായി മന്ത്രി ചെന്നിത്തല
ലഹരിമരുന്ന് മാഫിയയുടെ കൈയിൽ കുട്ടികൾ അകപ്പെടാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമൂഹമാധ്യമം വഴിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാൻ അപ്പോഴേ പറഞ്ഞതല്ലേ, നമ്മുടെ മക്കളാണ് അവരുടെ ലക്ഷ്യമെന്ന്.
കഴിഞ്ഞ ദിവസം കാസർകോട്ടുനിന്ന് മിഠായിക്കവറുകളിൽ കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഉൽപന്നമാണ് ഓപറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടിയത്. സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ട്, സാധാരണ മിഠായിയാണെന്ന് കരുതി അവർ ഇത് ഉപയോഗിക്കട്ടെ എന്ന ക്രൂര ചിന്തയോടെയാണ് മാഫിയ ഇത് തയാറാക്കിയത്. ഈ ലഹരി മാഫിയയോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ.
നിങ്ങളുടെ സ്വന്തം മക്കൾക്ക് ഇതുപോലെ കൊടുക്കുമോ? ഇല്ലല്ലോ! പിന്നെന്തിനാണ് മറ്റുള്ളവരുടെ മക്കളെ ഇങ്ങനെ കൊന്നുതിന്നുന്ന’തെന്നും മന്ത്രി ചോദിക്കുന്നു. പണമുണ്ടാക്കാൻ വേണ്ടി തലമുറയെയാകെ ഇരുട്ടിലേക്ക് തള്ളിവിടുന്ന ഈ മാഫിയയുടെ വേരറുക്കുക തന്നെയാണ് ‘തൂഫാൻ ദി നാർക്കോ ഹണ്ടിന്‍റെ’ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.