കൊച്ചി പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചി ടീം പരിശീലനത്തിൽ
സൂപ്പർ ലീഗ് കേരള; കൊച്ചിയും കൊമ്പൻസും ഇന്നു നേർക്കുനേർ
കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചി എഫ്.സിയും തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയും വെള്ളിയാഴ്ച നേർക്കുനേർ. രാത്രി 7.30ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ലീഗിന്റെ നാലാം റൗണ്ടിലെ ആദ്യ മത്സരത്തിൽ മൂന്ന് കളികളിൽ അഞ്ച് പോയന്റുമായി കൊച്ചി മൂന്നാം സ്ഥാനത്തും നാല് പോയന്റുമായി കൊമ്പൻസ് നാലാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തിൽ മലപ്പുറം എഫ്.സിയെ 1-0ന് തോൽപ്പിച്ച കൊച്ചി, തൃശൂർ മാജിക്കിനെതിരെയും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം നേടി. എന്നാൽ, അവസാന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിനോട് 1-2ന് തോറ്റു. മൂന്ന് മത്സരങ്ങളിൽ രണ്ടു ഗോളുകൾ നേടിയ രാഹുൽ രാജുവിലാണ് കൊച്ചിയുടെ ആക്രമണ പ്രതീക്ഷകൾ.
സീസണിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയോട് തോറ്റ കൊമ്പൻസ്, തുടർന്നുള്ള രണ്ടു മത്സരങ്ങളിലും നിശ്ചിത സമയത്ത് സമനില വഴങ്ങിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ചു. മലപ്പുറത്തിനെതിരെ രണ്ടു ഗോളിന് പിന്നിൽനിന്ന ശേഷം ഇഞ്ചുറി ടൈമിൽ തിരിച്ചടിച്ച് സമനില നേടിയതും ടീമിന്റെ പോരാട്ടവീര്യം വ്യക്തമാക്കുന്നു. ബ്രസീലിയൻ താരം പാട്രിക് മോട്ടയുടെ മധ്യനിരയിലെ സാന്നിധ്യമാണ് കൊമ്പൻസിന്റെ കരുത്ത്. കൊച്ചിയുടെ ആക്രമണവും കൊമ്പൻസിന്റെ പ്രതിരോധവും തമ്മിലെ പോരാട്ടമാകും മത്സരത്തിൽ നിർണായകമാകുക. കണ്ണൂരിനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട നിതിൻ മധുവിന്റെ അഭാവം കൊച്ചിക്ക് വെല്ലുവിളിയാണ്. അതേസമയം, ഗോൾകീപ്പർ ജൈമി ജോയിയുടെ മികവ് ആതിഥേയർക്ക് ആത്മവിശ്വാസം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.