നെടുവത്തൂർ പുല്ലാമലയിൽ സർക്കാർ കെട്ടിടം കാടുമൂടി നശിക്കുന്നു
കൊട്ടാരക്കര: നെടുവത്തൂർ പുല്ലാമലയിൽ സർക്കാർ കെട്ടിടം കാടുമൂടി നശിക്കുന്നു. 2000ൽ മാതൃകാ വിത്തുത്പാദന സംഭരണ കേന്ദ്രം എന്ന നിലയിലാണ് പുല്ലാമല സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപത്തായി കെട്ടിടം നിർമ്മിച്ചത്. അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ചന്ദ്രമോഹനനാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. എന്നാൽ പ്രവർത്തനം അധികനാൾ നീണ്ടില്ല.
കാർഷിക മേഖലക്ക് വലിയ പ്രാധാന്യമുള്ള പഞ്ചായത്താണ് നെടുവത്തൂർ. കർഷകരെ സഹായിക്കുന്നതിനും ആവശ്യമായ ഘട്ടങ്ങളിൽ വിത്തും അനുബന്ധ സൗകര്യങ്ങളും എത്തിച്ചുനൽകുന്നതിനും സംഭരിക്കുന്നതിനുമൊക്കെ ലക്ഷ്യമിട്ടാണ് സീഡ് സ്റ്റോർ പ്രവർത്തനം തുടങ്ങിയത്.
വിത്തുത്പാദന സംഭരണ കേന്ദ്രത്തിന് മുന്നിലായുള്ള ഏലയിൽ ഇപ്പോഴും നല്ല രീതിയിൽ കൃഷി ചെയ്യുന്നുമുണ്ട്. എന്നാൽ നെടുവത്തൂർ- പുത്തൂർ റോഡരികിലായുള്ള ഈ കെട്ടിടം ഇപ്പോഴും കാടുമൂടി നാശത്തിലാണ്. നേരത്തെ പഞ്ചായത്തിലെ സാക്ഷരത തുടർ വിദ്യാകേന്ദ്രത്തിനായി ഏറെനാൾ ഈ കെട്ടിടം വിട്ടുകൊടുത്തു. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചു. അതൊന്നും ഏറെനാൾ നീണ്ടില്ല.
ഇഴ ജന്തുക്കളും കാട്ടുജീവികളും വാസമാക്കുന്ന ഇടമായി കെട്ടിടം മാറി. കസേരകളും ഉപകരണങ്ങളുമൊക്കെ ഇതിനുള്ളിൽ ഉപയോഗമില്ലാതെ നശിക്കുന്നുമുണ്ട്. പഞ്ചായത്തിന്റെ പബ്ളിക് ലൈബ്രറിയെങ്കിലും തുടങ്ങാൻ അധികൃതർ മുൻകൈയെടുക്കണമെന്നാണ് പൊതു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.