ഇരവിപുരം: കുതിരയെ തല്ലിപ്പരിക്കേൽപിച്ചവർക്കെതിരെ കോടതിയിൽ മൊഴി നൽകിയ വിരോധത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച അഞ്ച് യുവാക്കൾ ഇരവിപുരം പൊലീസിന്റെ പിടിയിലായി. അയത്തിൽ കോളജ് നഗർ 221 മടക്കൽ വീട്ടിൽ ബിവിൻ (27), കോളജ് നഗർ 218 ൽ തറയിലഴികത്ത് തൊടിയിൽ വീട്ടിൽ അപ്പു എന്ന അഭിരാജ് (26), അയത്തിൽ നഗർ 193 താഴത്തുവിള വയലിൽ വീട്ടിൽ പ്രസീദ് (29) മയ്യനാട് പറക്കുളം വലിയവിള വീട്ടിൽ അൽഅമീൻ (29), കല്ലുംതാഴം മൈത്രി നഗർ ശാന്തി ഭവനത്തിൽ പ്രശാന്ത് (29) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കുതിരയുടെ മേൽനോട്ടക്കാരനായ അയത്തിൽ സ്വദേശി റെജിനെയാണ് പ്രതികൾ മർദിച്ച് പരിക്കേൽപിച്ചത്. ഇവർ എല്ലാംതന്നെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഒന്നാംപ്രതി ബിവിനെതിരെ കാപ്പാ നിയമപ്രകാരവും മുമ്പ് നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. 2024ൽ വടക്കേവിള സ്വദേശിയായ ഷാനവാസ് എന്ന യുവാവ് വളർത്തിയിരുന്ന കുതിരയെ പ്രതികൾ സംഘംചേർന്ന് തല്ലി പരിക്കേൽപിച്ചിരുന്നു.
തുടർന്ന് ഷാനവാസിന്റെ പരാതിയിൽ ഇരവിപുരം പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഈ കേസിൽ കുതിരയുടെ മേൽനോട്ടക്കാരനായ റെജിൻ പ്രതികൾക്കെതിരെ കോടതിയിൽ മൊഴി നൽകിയെന്ന വിരോധത്തിലാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി പ്രതികൾ സംഘംചേർന്ന് റെജിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപിച്ചത്.
യുവാവിന്റെ പരാതിയിൽ ഇരവിപുരം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജിത്ത്, സി.പി.ഒമാരായ ഷാൻ അലി, ദീപു, രാജേഷ്, അജീഷ് ബാബു, സജിൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.