കൊല്ലം കോർപറേഷൻ ബജറ്റ് ചർച്ചയിൽ സ്ഥിരംസമിതി അധ്യക്ഷൻ എം.എസ്. ഗോപകുമാർ സംസാരിക്കുന്നു
കൊല്ലം: പരസ്പരം വിമർശന ശരങ്ങൾ തൊടുത്തും പ്രതിരോധ അടവുകൾ പുറത്തെടുത്തും രാഷ്ട്രീയ വാദപ്രതിവാദങ്ങൾ നിറച്ചും ക്രിയാത്മക കൂട്ടിച്ചേർക്കലുകൾ ചൂണ്ടിക്കാട്ടിയും ഗുണപ്രദമായവയെ സ്വീകരിച്ചും സജീവമായി കോർപറേഷൻ ബജറ്റ് ചർച്ച. 25 വർഷം ഭരിച്ച മുൻ മുന്നണിയെക്കുറിച്ച് യു.ഡി.എഫും മുൻ യു.ഡി.എഫ് സർക്കാറുകളെയും എം.പിയെയും ബജറ്റിലെ പോരായ്മകളെയും ചൂണ്ടിക്കാട്ടി എൽ.ഡി.എഫും ഇരുകൂട്ടരെയും കടന്നാക്രമിച്ചും ബജറ്റിൽ വീഴ്ചകളെന്ന് കുറ്റപ്പെടുത്തിയും ബി.ജെ.പിയും ആറ് മണിക്കൂറോളം നീണ്ട ചർച്ചയുടെ ചൂടേറ്റി.
എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ മുന്നോട്ടുവെച്ച വിവിധ നിർദേശങ്ങൾ സ്വാഗതം ചെയ്ത്, നഗരത്തിന്റെ വികസനത്തിന് തടസമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, തുടർന്നുള്ള മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികൾ ചൂണ്ടിക്കാട്ടി മേയർ എ.കെ. ഹഫീസ് ചർച്ചക്ക് മറുപടി നൽകിയതോടെ 2026-27 വർഷത്തെ ബജറ്റിന് അംഗീകാരമായി. നടക്കുന്നത് മാത്രമേ ബജറ്റിലുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥിരംസമിതി അധ്യക്ഷൻ എം.എസ്. ഗോപകുമാർ ചർച്ചക്ക് തുടക്കമിട്ടത്. ഒപ്പം രാഷ്ട്രീയ വിമർശനങ്ങളും എം.എസ്. ഗോപകുമാർ ഉയർത്തി. നടക്കാത്ത ഉട്ടോപ്യൻ ആശയങ്ങൾ നിറഞ്ഞ ബജറ്റ് എന്നതായിരുന്നു പാർലമെന്ററി പാർട്ടി നേതാവ് സി. ബാബുവിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫിന്റെ പ്രധാന വിമർശനം.
സമയബന്ധിതമായി പദ്ധതികൾ എപ്പോൾ തീർക്കും എന്നതിനെക്കുറിച്ച് ബജറ്റിൽ പരാമർശിക്കുന്നില്ല എന്നതായിരുന്നു ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി. ഗിരീഷ് പോരായ്മയായി ചൂണ്ടിക്കാട്ടിയത്. എൽ.ഡി.എഫ് കൗൺസിലർമാരായ ബി. പ്രശാന്ത്, ജെ. സൈജു, എ.എം. റാഫി, പി.ജെ. രാജേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷ രാജശ്രീ എന്നിവരും ബി.ജെ.പി കൗൺസിലർമാരായ ബി. ഷൈലജ, ഡെസ്റ്റിമോണ എന്നിവരും ബജറ്റിനെ പിന്തുണക്കാതെ തള്ളി. സ്ഥിരംസമിതി അധ്യക്ഷരായ സദക്കത്ത്, ലൈലാകുമാരി, വിൻസി ബൈജു, കുരുവിള ജോസഫ്, ബി. അജിത് കുമാർ, യു.ഡി.എഫ് കൗൺസിലർമാരായ മാജിത വഹാബ്, ദീപു ഗംഗാധരൻ, പി.കെ. അനിൽകുമാർ, അസൈൻ പള്ളിമുക്ക് എന്നിവർ ബജറ്റിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ബി. പ്രശാന്ത്, കുരുവിള ജോസഫ്, ഡെസ്റ്റിമോന, ടി.ജി. ഗിരീഷ് എന്നിവർ മുന്നോട്ടുവെച്ച പദ്ധതി നിർദേശങ്ങൾ കൂടി പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചാണ് മേയർ ചർച്ചക്ക് തിരശീലയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.