കൊല്ലം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.ആർ. അരുൺ ബാബു 2026-2027 വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നു
കൊല്ലം: കാർഷിക മേഖലക്ക് പ്രാധാന്യം നൽകിയും ഗ്രാമീണ ജനവിഭാഗത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ ആഴത്തിൽ പരിഗണിച്ചുമുള്ള കൊല്ലം ജില്ല പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു അവതരിപ്പിച്ചു. സാധാരണ ജനങ്ങളുടെ ഭൗതികപ്രശ്നങ്ങൾ പരിഗണിച്ചും വരുംതലമുറയെയും അവശ ജനവിഭാഗത്തെയും കരുതിയുമുള്ള പദ്ധതികളാണ് മുന്നോട്ടുവെക്കുന്നതെന്ന് വൈസ് പ്രസിഡന്റ് വ്യക്തമാക്കി. 268.96 കോടി രൂപ വരവും 210.94 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
നിത്യചെലവും പദ്ധതി ചെലവുമെല്ലാം പരിഗണിച്ച് ആകെ 27.29 കോടിരൂപ ബാക്കി വരുന്ന ബജറ്റാണ് 2026-27 കാലയളവിലേക്കായി അവതരിപ്പിച്ചത്. നിലവിൽ പ്രാരംഭബാക്കിയായി 38.65 കോടി രൂപയുണ്ട്. കഴിഞ്ഞ രണ്ട് തവണയായി സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സ്വന്തമാക്കിയ കൊല്ലം ജില്ല പഞ്ചായത്തിനെ ആ നിലയിലേക്കെത്തിച്ച കാർഷിക മേഖലയിലെ കുതിപ്പ് നൂതന പദ്ധതികളിലൂടെ കരുത്തുറ്റതാക്കുന്നതിനാണ് ഇത്തവണയും മുൻതൂക്കം നൽകിയിട്ടുള്ളത്.
ജില്ല പഞ്ചായത്തിന്റെ കാർഷിക മൃഗസംരക്ഷണമേഖലകളുടെ മുഖമുദ്രയായ കുരിയോട്ടുമല ഫാമിനെ അന്താരാഷ്ട്ര നിലവാരമുള്ള വൈജ്ഞാന കേന്ദ്രമായി ഉയർത്തുന്ന പദ്ധതി അടക്കം കാർഷിക വിഭവങ്ങളിലൂടെ സാമ്പത്തിക ഉന്നമനത്തിന് ബജറ്റിൽ പ്രഥമപരിഗണന നൽകുന്നതും ഇത് ലക്ഷ്യമിട്ടാണ്. ഭാവിതലമുറയെയും കാർഷിക മേഖലയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിക്ക് പുറമെ സ്വന്തമായി കാർഷിക ഉൽപന്നങ്ങൾ പുറത്തിറക്കുന്ന ജില്ല പഞ്ചായത്ത് അതിന് പുറമെ നിരവധി മൂല്യവർധിത ഉൽപന്നങ്ങൾ കൂടി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. മിൽക്ക് എ.ടി.എം, മുട്ട സമൃദ്ധി, മത്സ്യശ്രീ കൊല്ലം ഫ്രഷ് കട്ട്, ദാരിദ്ര്യ ലഘൂകരണം, പാലിയേറ്റിവ് കെയർ പരിശീലനം, മദർ കെയർ, എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾക്കൊപ്പം അഷ്ടമുടി അഴക് എന്നപേരിൽ കൊല്ലത്തിന്റെ സ്വന്തം കായലായ അഷ്ടമുടിയെ പ്ലാസ്റ്റിക് രഹിതമാക്കി തെളിനീരായി ഒഴുക്കാനും പദ്ധതിയുണ്ട്. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി അധ്യക്ഷയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.