കോർപറേഷൻ മുറ്റത്ത് യു.ഡി.എഫ് കൗൺസിലർമാരും ബി.ജെ.പി പ്രതിഷേധക്കാരും നേർക്കുനേർ വന്നപ്പോൾ
കൊല്ലം: കോർപറേഷൻ ബജറ്റ് ചർച്ചക്കിടെ കോൺഗ്രസ് കൗൺസിലർ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാറിനെയും വിമർശിച്ചതിൽ ബി.ജെ.പി നടത്തിയ പ്രതിഷേധം അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചത്. വിവാദ പരാമർശം നടത്തിയ കൗൺസിലർ അസൈൻ പള്ളിമുക്കിന് മുന്നിലെത്തിയും മേയർ ഡയസിലേക്ക് പാഞ്ഞുകയറിയും ബി.ജെ.പി കൗൺസിലർമാരായ ടി.ജി. ഗിരീഷ്, ബി. ഷൈലജ, ശശികല റാവു, അജിത് ചോഴത്തിൽ തുടങ്ങിയവർ ബഹളംവെച്ചു. പ്രധാനമന്ത്രിയെ കൊള്ളക്കാരനെന്ന് വിളിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം.
അസൈന്റെ പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമം തടയാൻ യു.ഡി.എഫ് കൗൺസിലർമാർ ഇടപെട്ടതോടെ രംഗം വഷളായി. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായപ്പോഴാണ് ടി.ജി. ഗിരീഷ് പാകിസ്താൻ പരാമർശം നടത്തിയത്. പാകിസ്താന് ജയ്വിളിക്കുന്നവരെന്നും പാകിസ്താനിലേക്ക് പോകാനും പറഞ്ഞായിരുന്നു ആക്ഷേപം. മേയർ ഇടപെട്ട് രംഗം ശാന്തമാക്കി ബി.ജെ.പിക്കാർ സീറ്റിലേക്ക് തിരികെപ്പോയി. പിന്നാലെ, പ്രധാനമന്ത്രിക്കെതിരായ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംതുടങ്ങി. പ്രശ്നപരിഹാരത്തിന് മേയർ എ.കെ. ഹഫീസ് ശ്രമിച്ചെങ്കിലും ഇതോടെ ബി.ജെ.പിക്കാർ ഇറങ്ങിപ്പോയി.
വൈകീട്ട് 5.30ന് ബജറ്റ് ചർച്ച അവസാനിക്കാറായതോടെ ബി.ജെ.പിക്കാർ കൗൺസിൽ ഹാളിന് മുന്നിൽ പ്രതിഷേധമായി. വാതിലിന് മുന്നിൽനിന്ന് പൊലീസുകാർ ഒരുക്കിയ വഴിയിലൂടെ യു.ഡി.എഫ് കൗൺസിലർമാർ താഴേക്കിറങ്ങി. അസൈൻ പള്ളിമുക്ക് ഇറങ്ങിയപ്പോൾ ബി.ജെ.പി പ്രവർത്തകർ തീവ്രവാദിയെന്ന് വിളിച്ചും അസഭ്യം പറഞ്ഞും ഒച്ചപ്പാടുണ്ടാക്കി. പടിക്കെട്ടിൽ താഴെ അസൈനും കൗൺസിലർമാരും വാക്കേറ്റത്തിന് മുതിർന്നതോടെ പ്രതിഷേധക്കാർ താഴേക്ക് തുപ്പി. വനിത കൗൺസിലർമാരായ ഷൈമയുടെയും വിൻസി ബൈജുവിന്റെയും ഉൾപ്പെടെ ശരീരത്തിൽ തുപ്പൽ വീണതായി അവർ ആരോപിച്ചു. സ്ഥിരംസമിതി അധ്യക്ഷനായ കുരുവിള ജോസഫിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞതും വാക്കേറ്റത്തിനിടയാക്കി. പ്രതിഷേധക്കാർ കെട്ടിടത്തിന് മുറ്റത്തുവെച്ചും യു.ഡി.എഫുകാരുമായി കോർത്തു. പൊലീസും മേയറും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
കോർപറേഷന് മുന്നിൽ ബി.ജെ.പിക്കാർ പ്രതിഷേധം തുടർന്നതോടെ ഇന്ത്യയെ ഒറ്റുകൊടുത്ത ആർ.എസ്.എസുകാർ എന്നതുൾപ്പെടെ മുദ്രാവാക്യവുമായി യു.ഡി.എഫുകാരും പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയെ ആക്ഷേപിച്ചെന്ന് ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. വനിത കൗൺസിലർമാരെ ഉൾപ്പെടെ അസഭ്യം പറയുകയും തുപ്പുകയും ചെയ്ത സംഭവത്തിൽ നിയമനടപടി ആലോചിച്ച് സ്വീകരിക്കുമെന്ന് യു.ഡി.എഫ് കൗൺസിലർമാരും വ്യക്തമാക്കി. പ്രശ്നം രൂക്ഷമായതോടെ ഇടതുപക്ഷ കൗൺസിലർമാർ യു.ഡി.എഫിന് അനുകൂലമായാണ് ഇടപെട്ടത്.
രാഷട്രീയക്കാർ വിമർശനം ഉന്നയിക്കുമ്പോൾ ആരാണ് സംസാരിച്ചതെന്ന് നോക്കി വർഗീയവത്കരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് മേയർ എ.കെ. ഹഫീസ്. ആ പ്രവണത കൗൺസിലർക്ക് ചേർന്നതല്ല. കൗൺസിലിനകത്ത് നടക്കുന്ന ചർച്ചയിൽ ആരുടെയെങ്കിലും ഭാഗത്ത് അപാകതയുണ്ടായാൽ അവിടെ പരിഹരിച്ച് പോകാവുന്നതേയുള്ളൂ. അതിന്റെ പേരിൽ കൗൺസിലർമാർ പുറത്തുപോയി പാർട്ടി പ്രവർത്തകരെ കൂട്ടി കൗൺസിൽ ഹാളിലേക്ക് മാർച്ച് ചെയ്യാൻ തുടങ്ങിയാൽ എങ്ങനെ മുന്നോട്ടുപോകാനാകും. ഇത് ആശാസ്യമായ പ്രവണതയല്ല. കൗൺസിലിൽ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഒക്കെ വിമർശിക്കാറുണ്ട്. അതിൽ പല വാക്കുകളും ഉപയോഗിക്കും. താൻ പ്രതിപക്ഷത്തായിരുന്നപ്പോൾ പിണറായി വിജയനെക്കുറിച്ച് മോശം ഭാഷയിൽ സംസാരിച്ചിട്ടുണ്ട്. അത് രാഷ്ട്രീയ ഭാഷയാണ്.
അത് ആയുധമാക്കി വർഗീയവത്കരിക്കുന്നതിനോട് യോജിക്കാനാകില്ല. ചില വിഷയങ്ങളിൽ ആരംഭത്തിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആർക്കും പരിഹരിക്കാൻ കഴിയാത്തതരത്തിലേക്ക് നീങ്ങും. രണ്ട് കൂട്ടരെയും നിയന്ത്രിച്ച് പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചത്. വനിത കൗൺസിലർമാരെ തുപ്പുകയും അസഭ്യം വിളിക്കുകയും ചെയ്തതിൽ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.