കൊല്ലം: സിറ്റി ഡാൻസാഫിന്റെ രാത്രികാല പരിശോധനക്കിടെ 120 ഗ്രാം കഞ്ചാവുമായി വധശ്രമക്കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുവല്ലം പുതുക്കരി തടത്തരികത്ത് മാവിളവീട്ടിൽ വിഷ്ണു (24) ആണ് പിടിയിലായത്. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ രാത്രി ഒന്നോടെ സംശയാസ്പദമായി കണ്ട ഇയാളെ ദേഹപരിശോധന നടത്തിയതിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തതിൽ ഇയാൾ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണെന്ന് മനസ്സിലായി.
കഴിഞ്ഞ മാർച്ച് 22ന് പുലർച്ച 2.30 ഓടെ പ്രതിയും മറ്റ് അഞ്ച് പേരും തിരുവല്ലത്തുള്ള ബാറിൽ കയറി സെക്യൂരിറ്റിയെ മർദിക്കുകയും തടികഷണം കൊണ്ട് തലക്കടിച്ച് ഗരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ബാറിലെ സി.സി.ടി.വി, കൗണ്ടർ, പ്ലേറ്റുകൾ, കുപ്പികൾ മുതലായവ അടിച്ചുപൊട്ടിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കി. ഈ കേസിലെ നാലാം പ്രതിയാണ് വിഷ്ണു. പ്രതി തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിലായിരുന്നു.
തുടർന്ന് ആലപ്പുഴയുള്ള സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ താമസിക്കാൻ പോകുന്നതിനിടെയാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഈസ്റ്റ് പൊലീസ് കേസെടുത്തു. തുടന്ന് ഇയാളെ തിരുവല്ലം പൊലീസിന് കൈമാറി. ഈസ്റ്റ് നൈറ്റ് ഓഫിസറായ എസ്.ഐ മനോജ്, ഡാൻസാഫ് അംഗങ്ങളായ ഹരി, സിനു, സുശാന്ത്, ദിലീപ് റോയ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.